ന്യൂഡൽഹി : വൈസ് അഡ്മിറൽ സമീർ സക്‌സേന ദക്ഷിണ നാവികസേനാ മേധാവിയായി ചുമതലയേറ്റു. നാവികാസ്‌ഥാനത്തെ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലിയർപ്പിച്ച ശേഷമാണ് ...
ന്യൂഡൽഹി : വൈസ് അഡ്മിറൽ സമീർ സക്‌സേന ദക്ഷിണ നാവികസേനാ മേധാവിയായി ചുമതലയേറ്റു. നാവികാസ്‌ഥാനത്തെ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലിയർപ്പിച്ച ശേഷമാണ് വൈസ് അഡ്മിറൽ സമീർ സക്‌സേന ചുമതലയേറ്റത്. 1989 ജൂലൈ 1 ന് ഇന്ത്യൻ നാവികസേനയുടെ ഭാഗമായ സമീർ സക്‌സേന നാഷണൽ ഡിഫൻസ് അക്കാഡമി, ഡിഫൻസ് സർവീസ് സ്റ്റാഫ് കോളെജ്, വെല്ലിംഗ്ടൺ, അമേരിക്കയിലെ നേവൽ വാർ കോളെജ് ന്യൂപോർട്ട് എന്നിവിടങ്ങളിലായാണ് പഠനം പൂർത്തിയാക്കിയത്.
ഇന്ത്യൻ നാവിക കപ്പലുകളായ അജയ്, സുകന്യ, അക്ഷയ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാവിഗേഷൻ ആൻഡ് ഡയറക്ഷൻ വിദഗ്ധനായ സമീർ സക്‌സേന വിമാനവാഹിനി കപ്പലുകളായ ഐ എൻ എസ് വിരാട്, ഖുതർ, ഗോദാവരി, ഡൽഹി എന്നിവയുടെ ഭാഗമായിട്ടുണ്ട്. ഐ എൻ എസ് മുംബൈയുടെ എക്സിക്യൂട്ടീവ് ഓഫിസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നാവികസേനയുടെ വെസ്റ്റേൺ ഫ്‌ളീറ്റ് ഓപ്പറേഷൻസ് ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നാവികാസ്‌ഥാനത്ത് വിദേശ സഹകരണ പ്രിൻസിപ്പൽ ഡയറക്ടറായും ജോ.ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുള്ള സമീർ സക്‌സേന 2011 മുതൽ 12 വരെ ചീഫ് ഓഫ് നേവൽ സ്റ്റാഫിന്‍റെ നേവൽ അസിസ്റ്റൻ്റും 2016 മുതൽ 19 വരെ ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ നാവിക ഉപദേഷ്ടാവുമായിരുന്നു.
റിയർ അഡ്മിറലായി സ്‌ഥാനക്കയറ്റം ലഭിച്ച അദ്ദേഹം അസിസ്റ്റന്‍റ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് ആയും തുടർന്ന് വെസ്റ്റേൺ ഫ്‌ളീറ്റിലും നിയമിതനായി. 2022 നവംബറിൽ ഗുജറാത്ത് നേവൽ ഏരിയ ഫ്ലാഗ് ഓഫിസർ കമാൻഡിങ് ആയി നിയമിതനായി. 2023 ആഗസ്റ്റ് 1 ന് വൈസ് അഡ്മിറലായി സ്‌ഥാനക്കയറ്റം ലഭിച്ച അദ്ദേഹത്തെ ഈസ്റ്റേൺ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചു. വിദേശ സഹകരണം, അടിസ്‌ഥാന സൗകര്യ വികസനം, സാമൂഹികബന്ധം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി.
2017 ൽ നാവിക സേന മെഡലും 2023 ൽ അതിവിശിഷ്ട സേവാ മെഡലും നേടിയിട്ടുള്ള സമീർ സക്‌സേന പ്രവർത്തനമികവിന് നാവികസേനാ മേധാവിയുടെയും മൗറീഷ്യസ് പൊലീസ് കമ്മീഷണറുടെയും പ്രശംസയും നേടിയിട്ടുണ്ട്. ഭാര്യ ലബനി സക്‌സേന.
ദക്ഷിണ നാവികസേനാ ആസ്‌ഥാനത്ത് നടന്ന പരേഡിൽ വൈസ് അഡ്മിറൽ സമീർ സക്സേന അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് ഓഫീസിലെത്തി ചുമതലയേറ്റെടുത്തു.
ചടങ്ങിൽ സ്‌ഥാനമൊഴിഞ്ഞ വി ശ്രീനിവാസനെ ആചാരപരമായ പുള്ളിംഗ് ഔട്ട് പരേഡോടെ യാത്രയയപ്പ് നൽകി. നാവിക സേനയിൽ നാല് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിനു ശേഷമാണ് ശ്രീനിവാസ് വിരമിച്ചത്. ഓപ്പറേഷൻ വിജയ് നടക്കുമ്പോൾ ഐ എൻ എസ് ഷാൽക്കി, ഐ എൻ എസ് ശിശുമർ, ഐ എൻ എസ് ശങ്കുൽ എന്നീ അന്തർവാഹിനികളിൽ സേവനമനുഷ്ടിച്ചിട്ടുള്ള ശ്രീനിവാസ് നാവികസേനയുടെ അന്തർവാഹിനി പരിശീലക സ്‌ഥാപനമായ ഐ എൻ എസ് ശതവാഹിനിയുടെ കമാൻഡറായും പ്രവർത്തിച്ചിട്ടുണ്ട്.
Key Words : Vice Admiral Sameer Saxena, Chief of the Southern Naval Command

COMMENTS