വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. ഭരണ സ്തംഭനം തടയാനുള്ള ധനാനുമതി ബില്‍ യു.എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണ്...
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. ഭരണ സ്തംഭനം തടയാനുള്ള ധനാനുമതി ബില്‍ യു.എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണ്‍ നീളുന്നത്. തുടര്‍ച്ചയായ 11-ാം വട്ടമാണ് ബില്‍ യു എസ് സെനറ്റില്‍ പരാജയപ്പെടുന്നത്. ഇതോടെ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക് കടന്നു.
അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ചെലവിനായുള്ള ധനാനുമതിക്കായി ബില്‍ വീണ്ടും വോട്ടിനെത്തുകയായിരുന്നു. 50-43 എന്ന വോട്ടുനിലയിലാണ് ബില്‍ ഇക്കുറി സെനറ്റില്‍ പരാജയപ്പെട്ടത്. ബില്‍ പാസ്സാകാന്‍ 60 വോട്ടുകള്‍ ആവശ്യമായിരുന്നു. സെനറ്റര്‍ കാതറിന്‍ കോര്‍ട്ടെസ് മാസ്റ്റോ , ആംഗസ് കിംഗ് എന്നിവര്‍ വീണ്ടും പാര്‍ട്ടി പരിധി ലംഘിച്ച് റിപ്പബ്ലിക്കന്‍മാരുടെ പക്ഷം ചേര്‍ന്നു. മുമ്പ് ഈ നടപടിയെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്ന സെനറ്റര്‍ ജോണ്‍ ഫെറ്റര്‍മാന്‍ തിങ്കളാഴ്ച വോട്ട് ചെയ്തില്ല.
ഒബാമ കെയര്‍ എന്നറിയപ്പെടുന്ന ദേശീയ ആരോഗ്യ പദ്ധതി ഉപഭോക്താക്കള്‍ക്ക് നിരവധി നികുതി ഇളവുകള്‍ നല്‍കുന്നുണ്ട്. ഈ നികുതി ഇളവുകളുടെ കാലാവധി നവംബര്‍ ഒന്നിന് അവസാനിക്കും. അതിനാല്‍ ഈ തീയതിക്ക് മുമ്പ് നികുതി ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് താങ്ങാനാകാത്ത തരത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും. ഈ നികുതി ഇളവുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡെമാക്രോറ്റിക് പാര്‍ട്ടി ആവശ്യപ്പെടുന്നത്. എന്നാല്‍ പുതിയ ചെലവുകള്‍ ഒന്നുമില്ലാത്ത ക്ലീന്‍ ധനാനുമതി ബില്ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ് ഹൗസും മുന്നോട്ടുവെക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ പ്രതിസന്ധിയില്‍ കഴിയുന്നത്.
Key Words: US Government Shutdown


COMMENTS