The Special Investigation Team (SIT), which is supervised by the Kerala High Court, found that the prime accused in the Sabarimala gold theft case
സ്വന്തം ലേഖകന്‍
ബെംഗളൂരു: ശബരിമല സ്വര്‍ണം മോഷണം കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍, കേരളത്തിലും ബെംഗളൂരുവിലുമായി കോടിക്കണക്കിന് രൂപയുടെ അനധികൃത ഭൂമിയിടപാടുകള്‍ നടത്തിയതായി കേരള ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
പരിശോധനയ്ക്കിടെ, പോറ്റിയുടെ വീടിന് സമീപത്തുനിന്ന് കത്തിച്ച നിലയിലുള്ള കടലാസുകെട്ടുകള്‍ അന്വേഷണ സംഘം കണ്ടെത്തി. ഇത് പ്രധാനപ്പെട്ട സാമ്പത്തിക രേഖകള്‍ നശിപ്പിച്ചു കളഞ്ഞതിന്റെ സൂചനയാണെന്ന് കരുതുന്നു.
ക്ഷേത്രത്തിന്റെ മുതല്‍ ദുരുപയോഗം ചെയ്ത് പോറ്റി സമ്പാദിച്ച പണത്തിന്റെയും മറ്റ് ആസ്തികളുടെയും യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവില്‍ പ്രത്യേക അന്വേഷക സംഘം.
വസ്തു ഇടപാടുകള്‍ പോറ്റിയുടെ പേരില്‍ മാത്രമല്ല, ഇയാളുടെ പങ്കാളി രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരുകളിലും നടത്തിയിട്ടുണ്ട്. ഇത് പണം മറച്ചുവെക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് സൂചനയുണ്ട്. ഭൂമിയിടപാടുകള്‍ കൂടാതെ, പോറ്റി പണമിടപാടിലും പലിശ ഇടപാടുകളിലും ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തി. പോറ്റിയുടെ ബെംഗളൂരു ഫ് ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 176 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും വസ്തുവകകളുടെ നിരവധി രേഖകളും പ്രത്യേക അന്വേഷക സംഘം പിടിച്ചെടുത്തു. ഈ സ്വര്‍ണ്ണത്തിന്റെ ഉറവിടം അന്വേഷിച്ചുവരുന്നു.
പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ ബല്ലാരിയിലുള്ള റോഡ്ഡാം ജുവല്‍സ് എന്ന ജ്വല്ലറിയില്‍ നിന്ന് പ്രത്യേക അന്വേഷക സംഘം 400 ഗ്രാം സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തു. ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം ഇയാള്‍ കടയുടമയായ ഗോവര്‍ദ്ധന് വിറ്റുവെന്നാണ് കരുതുന്നത്.
ചെമ്പ് തകിടുകളില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തതായി കരുതുന്ന ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിലും അന്വേഷണ സംഘം പരിശോധന നടത്തി.
ക്ഷേത്രത്തിലെ സ്വര്‍ണ്ണം ദുരുപയോഗം ചെയ്ത് പോറ്റി നേടിയെടുത്ത പണത്തിന്റെയും ആസ്തികളുടെയും കൃത്യമായ ഒഴുക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ക്ഷേത്രത്തിലെ 'ദ്വാരപാലക' ശില്‍പങ്ങളിലും ശ്രീകോവില്‍ വാതില്‍ ഫ്രെയിമുകളിലും പതിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ ചെമ്പ് തകിടുകളില്‍ നിന്ന് സ്വര്‍ണ്ണം കാണാതായതുമായി ബന്ധപ്പെട്ടാണ് കേസിന്റെ തുടക്കം. സ്വര്‍ണ്ണം പൂശിയ തകിടുകള്‍ നവീകരണത്തിനായും ഇലക്ട്രോപ്ലേറ്റിംഗിനായും പുറത്തേക്ക് കൊണ്ടുപോയെങ്കിലും, പിന്നീട് തിരികെ സ്ഥാപിച്ചവയില്‍ സ്വര്‍ണ്ണത്തിന്റെ അളവ് ഗണ്യമായി കുറവായിരുന്നു, അല്ലെങ്കില്‍ അവ ദുരുപയോഗം ചെയ്യപ്പെട്ടു എന്നാണ് ആരോപണം.
ബെംഗളൂരു ആസ്ഥാനമായുള്ള പൂജാരിയും പിന്നീട് ബിസിനസ്സുകാരനുമായി മാറിയ ഉണ്ണികൃഷ്ണന്‍ പോറ്റി ഇലക്ട്രോപ്ലേറ്റിംഗിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് സ്വര്‍ണ്ണം പൂശിയ തകിടുകള്‍ കൈപ്പറ്റി. അവ അനുമതിയില്ലാതെ വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പൂശാനുള്ള സ്വര്‍ണ്ണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം ഉപയോഗിച്ച് ബാക്കി സ്വന്തമാക്കിയെന്നാണ് സംശയം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട 'വിപുലമായ ഗൂഢാലോചന' അന്വേഷിക്കാന്‍ കേരള ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിനു നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സ്വര്‍ണ്ണം പൂശിയ തകിടുകളെ ഔദ്യോഗിക രേഖകളില്‍ 'സാധാരണ ചെമ്പ് തകിടുകള്‍' എന്ന് രേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍ പോറ്റിയുമായി ഒത്തുകളിച്ചതായി അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.
സ്വര്‍ണ്ണ ക്രമക്കേടിലൂടെയും മറ്റ് ക്ഷേത്ര സംബന്ധമായ സ്‌പോണ്‍സര്‍ഷിപ്പുകളിലൂടെയും പോറ്റി തട്ടിയെടുത്ത പണം വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലേക്ക് വകമാറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.


COMMENTS