The ICC Women's ODI World Cup match between India and Pakistan was interrupted due to a pest infestation (bugs/insects) in Premadasa stadium
കൊളംബോ : ഐസിസി വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം പ്രാണിശല്യത്തെത്തുടര്‍ന്നു നിറുത്തിവച്ചു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റിംഗിനിടെയാണ് കളി ഇടയ്ക്കു പല തവണ തടസ്സപ്പെട്ടത്. പാറ്റ ശല്യം രൂക്ഷമായതോടെ 20 മിനിറ്റോളം കളി നിറുത്തിവച്ചു. തുടര്‍ന്ന് സ്റ്റേഡിയം പുകച്ച ശേഷം കളി തുടര്‍ന്നുവെങ്കിലും പ്രാണി ശല്യം രൂക്ഷമാണ്.
ഇതിനിടെ, ഐസിസി വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തില്‍ ടോസുമായി ബന്ധപ്പെട്ടും വന്‍ വിവാദം. മാച്ച് റഫറിക്ക് പറ്റിയ പിഴവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നാണയം എറിഞ്ഞപ്പോള്‍, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന 'ടെയില്‍സ്' എന്നാണ് വിളിച്ചത്. എന്നാല്‍ നാണയം വീണത് 'ഹെഡ്സ്' ആയിരുന്നു.
നാണയം 'ഹെഡ്സ്' വീണതിനാല്‍ ടോസ് ഇന്ത്യക്ക് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, ടോസ് അവതാരകന്‍ 'ഹെഡ്സ്' എന്ന് വിളിക്കുകയും, മാച്ച് റഫറിയായ ഷാന്ദ്രെ ഫ്രിറ്റ്സ് ഈ പിഴവ് ശ്രദ്ധിക്കാതെ ടോസ് പാകിസ്ഥാന് നല്‍കുകയുമായിരുന്നു. ടോസ് ലഭിച്ച ഫാത്തിമ സന ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയും ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയും ചെയ്തു.
മാച്ച് റഫറിയുടെ പിഴവാണ് ടോസ് വിവാദത്തിന് കാരണമെന്നും, ഈ അബദ്ധം ഇന്ത്യക്ക് ടോസ് നേടാനുള്ള അവസരം നിഷേധിച്ചെന്നും ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
ഏഷ്യാ കപ്പില്‍ പുരുഷ ടീം സ്വീകരിച്ച നിലപാട് പിന്തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമാ സനയുമായി ടോസ് സമയത്ത് പതിവ് ഹസ്തദാനം ഒഴിവാക്കി.


COMMENTS