കൊച്ചി: ശബരിമലയിലെ സ്വർണ്ണ പാളികൾ ബംഗളൂരുവിൽ എത്തിച്ച കോടിക്കണക്കിന് രൂപയ്ക്ക് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമ...
കൊച്ചി: ശബരിമലയിലെ സ്വർണ്ണ പാളികൾ ബംഗളൂരുവിൽ എത്തിച്ച കോടിക്കണക്കിന് രൂപയ്ക്ക് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
സ്വർണ്ണം പൂശിയ ചെമ്പ് പാളികളും മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട ദേവസ്വം വിജിലൻസ് റിപ്പോർട്ട് പ്രകാരം, ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഇടനിലക്കാരൻ.
സ്വർണ്ണവും ചെമ്പ് പാളികളും ബാംഗ്ലൂരിൽ എത്തിച്ച് വിൽക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
2016 മുതൽ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് 2019-ൽ നടന്ന സംഭവമെന്നും, ഇതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും 20 പേജുള്ള വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദേവസ്വം വിജിലൻസ് ഈ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരനോടും വിജിലൻസ് സെക്യൂരിറ്റി ഓഫീസറോടും ദേവസ്വം ബെഞ്ച് നേരിട്ട് വിവരങ്ങൾ തേടുകയും അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും, വിജിലൻസ് ഹൈക്കോടതിയിൽ എന്ത് റിപ്പോർട്ടാണ് നൽകിയതെന്ന് തനിക്കറിയില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു.
1999-ൽ വിജയ് മല്യ സ്പോൺസർ ചെയ്ത സ്വർണ്ണം പൂശിയ ദ്വാരപാലക വിഗ്രഹങ്ങൾ 2019-ൽ വീണ്ടും സ്വർണ്ണം പൂശുന്നതിനായി ചെന്നൈയിലെ ഒരു സ്ഥാപനത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് വിവാദങ്ങളുടെ തുടക്കം. വിഗ്രഹങ്ങൾ തിരികെ കൊണ്ടുവന്നപ്പോൾ 4.5 കിലോഗ്രാം സ്വർണ്ണത്തിന്റെ കുറവുണ്ടായതായി രേഖകൾ വ്യക്തമാക്കുന്നു.
കൂടാതെ, 1999-ൽ സ്വർണ്ണം പൂശിയ വിഗ്രഹങ്ങൾ 2019-ൽ സ്പോൺസർക്ക് കൈമാറിയപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ രേഖകളിൽ "ചെമ്പുപാളികൾ" എന്ന് മാത്രം രേഖപ്പെടുത്തി. വിഗ്രഹങ്ങളിൽ ഉണ്ടായിരുന്ന സ്വർണ്ണത്തെക്കുറിച്ച് മറച്ചുവെക്കാനുള്ള ശ്രമമായാണ് ഹൈക്കോടതി ഇതിനെ നിരീക്ഷിച്ചത്.
2019-ലെ സ്വർണ്ണം പൂശൽ സ്പോൺസർ ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റി എന്ന വ്യക്തിയാണ് നിലവിലെ വിവാദങ്ങളിലെ പ്രധാന കേന്ദ്രബിന്ദു. സ്വർണ്ണം പൂശിയ ശേഷം തൻ്റെ പക്കൽ ബാക്കിയുണ്ടായിരുന്ന സ്വർണ്ണം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ദേവസ്വം ബോർഡിന് ഇമെയിൽ അയച്ചതായി കണ്ടെത്തി. ഇത് ഗുരുതരമായ ക്രമക്കേടായി ഹൈക്കോടതി വിലയിരുത്തി.
യഥാർത്ഥ സ്വർണ്ണപ്പാളികൾ വിൽക്കുകയും അതുവഴിയുണ്ടായ പണം ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തിരിക്കാനുള്ള ഗുരുതര സാധ്യത ഉണ്ടെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്ന്, കോടതി സ്വമേധയാ കേസെടുക്കുകയും ക്രൈം
എ ഡിജിപി
യുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ഉത്തരവിടുകയും ചെയ്തു.
ഈ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ സസ്പെൻഡ് ചെയ്യുകയും, ക്ഷേത്രത്തിലെ എല്ലാ അമൂല്യവസ്തുക്കളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കാൻ റിട്ട. ജഡ്ജി കെ.ടി. ശങ്കരനെ ഹൈക്കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. ക്ഷേത്ര സ്വത്തുക്കളുടെ സുരക്ഷയിലും കൈകാര്യം ചെയ്യലിലുമുണ്ടായ വീഴ്ചയെക്കുറിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുകയും ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Summary: Based on the Devaswom Vigilance report submitted to the High Court, the gold-plated copper sheets from Sabarimala were allegedly sold in Bengaluru for crores of rupees.
The report states that Unnikrishnan Potty acted as the middleman for this sale.


COMMENTS