തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിയായ വയോധികയ്ക...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്കു മുന്‍പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് എസ്യുടി ആശുപത്രിയിലേക്കു മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വൃക്കകള്‍ തകരാറിലായതോടെ ഡയലാസിസ് നടത്തുകയും ചെയ്തു. ഇവരുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ സാംപിള്‍ ആരോഗ്യവകുപ്പ് പരിശോധിക്കും.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ആറു കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആനാട്, മംഗലപുരം, പാങ്ങപ്പാറ, രാജാജി നഗര്‍, തോന്നയ്ക്കല്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം നാല്‍പതോളം പേര്‍ക്കാണു രോഗം ബാധിച്ചത്. 4 പേര്‍ മരിച്ചു. ഈ വര്‍ഷം ഇതുവരെ മരണസംഖ്യ 25 ആണ്.
Key Words: Amoebic Encephalitis, Thiruvananthapuram


COMMENTS