ലുധിയാന : പഞ്ചാബിലെ സിർഹിന്ദ് സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ചു. ലുധിയാനയിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന ഗരീബ് രഥ് ട്രെയിനിനാണ് ഇന്ന് രാവിലെ ത...
ലുധിയാന : പഞ്ചാബിലെ സിർഹിന്ദ് സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ചു. ലുധിയാനയിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന ഗരീബ് രഥ് ട്രെയിനിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. മൂന്ന് ബോഗികൾക്കാണ് തീപിടിച്ചത്. ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് പ്രയോഗിച്ച് ട്രെയിൻ നിർത്തിയതിനാൽ കൂടുതൽ ബോഗികളിലേക്ക് തീപടർന്നില്ല. തീപിടുത്തത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. എന്നാൽ ഭയന്ന് ആളുകൾ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ നിരവധി യാത്രക്കാർക്ക് നിസാര പരുക്കേറ്റു.
സിർഹിന്ദ് സ്റ്റേഷനിൽ ഇന്ന് രാവിലെ 7:30 ഓടെയാണ് തീപിടുത്തമുണ്ടായത്. 12204 അമൃത്സർ-സഹർസ ഗരീബ് രഥ് ട്രെയിനിലാണ് തീപിടുത്തം ഉണ്ടായത്. 19-ാം നമ്പർ കോച്ചിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ലുധിയാനയിൽ നിന്നുള്ള നിരവധി ബിസിനസുകാർ ഈ ട്രെയിനിൽ യാത്ര ചെയ്തിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിവരം ലഭിച്ചയുടൻ റെയിൽവേയും പൊലിസും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാൻ ഏകദേശം ഒരു മണിക്കൂറെടുത്തു. യാത്രക്കാർ പറയുന്നതനുസരിച്ച്, ട്രെയിൻ രാവിലെ 7:30 ന് സിർഹിന്ദ് സ്റ്റേഷൻ കടന്നുപോയതിന്ന് പിന്നാലെയാണ് സംഭവം. 19-ാം നമ്പർ കോച്ചിൽ നിന്ന് പുക ഉയരുന്നത് ഒരു യാത്രക്കാരൻ കണ്ടു. ഉടൻ തന്നെ അദ്ദേഹം നിലവിളിച്ച് ചങ്ങല വലിച്ചു. പുകയ്‌ക്കൊപ്പം തീജ്വാലകളും ഉയരാൻ തുടങ്ങിയതോടെ പരിഭ്രാന്തി പരന്നു.
ഉടൻ ട്രെയിൻ നിന്നതോടെ ആളുകൾ പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വൻദുരന്തമാണ് ഒഴിവായത്.
വിവരം ലഭിച്ചയുടനെ റെയിൽവേ, അഗ്നിശമന സേന, പൊലിസ് സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ തീ അണച്ചിട്ടുണ്ട്. തീ പിടിച്ച മൂന്ന് കോച്ചുകൾ ഒഴിവാക്കി വൈകാതെ ട്രെയിൻ യാത്ര ആരംഭിക്കുമെന്നാണ് വിവരം.
Key Words: Fire, Garib Rath Train


COMMENTS