Today is Mammootty's 74th birthday. Every step he takes proves that age is just a number for Malayalam cinema megastar and acting prodigy Mammootty
ചെന്നൈ : 'എല്ലാവര്ക്കും നിറയെ സ്നേഹവും നന്ദിയും, പിന്നെ സര്‍വശക്തനും'. ജന്മദിനത്തില് നടന് മമ്മൂട്ടി സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ച വരിയാണിത്. ആരാധകര്‍ മെഗാ സ്റ്റാറിന്റെ ജന്മദിനം ഏറ്റെടുത്തിരിക്കുകയാണ്.
ചെന്നൈയിലെ വീട്ടിനടുത്ത് കടല്ക്കരയില് കാറിനടുത്തു നില്ക്കുന്ന ചിത്രത്തോടൊപ്പമാണ് മമ്മൂട്ടി ജന്മദിന സന്ദേശം പോലെ ഈ വരി കുറിച്ചിരിക്കുന്നത്.
മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാളാണ്. മലയാള സിനിമയുടെ മെഗാസ്റ്റാറും നടനവിസ്മയവുമായ മമ്മൂട്ടിക്ക് പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ ചുവടുവയ്പ്പും. അഞ്ചു പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി തുടരുന്ന മമ്മൂട്ടിയെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളും സഹപ്രവര്‍ത്തകരും ആരാധകരും ചേര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകള് നേര്‍ന്നു.
1951 സെപ്റ്റംബര്‍ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് മുഹമ്മദ് കുട്ടി പനപറമ്പില്‍ ഇസ്മായില്‍ എന്ന മമ്മൂട്ടി ജനിച്ചത്. അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1971-ല്‍ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ ചെറിയൊരു വേഷത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് കഠിനാധ്വാനത്തിലൂടെ മലയാളത്തിന്റെ സ്വന്തം 'മമ്മൂക്ക'യായി വളര്‍ന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 400-ല്‍ അധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.
മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം, അഞ്ച് തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, പതിനഞ്ച് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1998-ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
കുറച്ച് മാസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാല്‍ ചലച്ചിത്ര രംഗത്ത് നിന്ന് വിട്ടുനിന്ന മമ്മൂട്ടിക്ക്, ആരാധകരുടെ പ്രാര്‍ത്ഥനകളുടെയും സ്നേഹത്തിന്റെയും പിന്‍ബലത്തില്‍ രോഗമുക്തി നേടി തിരിച്ച് വരാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ പിറന്നാള്‍ ദിനം.
Summary: Today is Mammootty's 74th birthday. Every step he takes proves that age is just a number for Malayalam cinema megastar and acting prodigy Mammootty.



COMMENTS