കൊച്ചി : ഭൂട്ടാനിൽ നിന്നുള്ള ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിയെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് കേരളത്തിൽ ന...
കൊച്ചി : ഭൂട്ടാനിൽ നിന്നുള്ള ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിയെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് കേരളത്തിൽ നടത്തിയ പരിശോധനയിൽ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ദുൽഖർ സൽമാന്റെ കാറുകൾ പിടിച്ചെടുത്തതിന് പുറമെ, കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്ന് അറിയിച്ച് സമൻസും നൽകി.
ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടത്തി. ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി റജിസ്റ്റർ ചെയ്ത് വിറ്റഴിച്ചവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്. ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീടുകളിൽ കസ്റ്റംസ് എത്തിയത്. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലുമാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങി.
വിപണിയിൽ ഒരു കോടി രൂപ വരെ വിലയുള്ള കാറുകൾ പകുതി വിലയ്ക്ക് എങ്ങനെ കേരളത്തിലെത്തി ?
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്നെത്തിച്ച വാഹനങ്ങൾ ആഡംബര യൂസ്ഡ് കാർ വിൽപനകേന്ദ്രങ്ങളിലൂടെ പ്രമുഖരിലേക്ക് എത്തുന്ന വിവരം കസ്റ്റംസിനു കിട്ടിയിരുന്നു. 200 നടുത്ത് വാഹനങ്ങൾ ഇങ്ങനെ ഹിമാചൽ പ്രദേശിലും അവിടെനിന്നു വിവിധ സംസ്ഥാനങ്ങളിലും എത്തിച്ചതിന്റെ രേഖകൾ കസ്റ്റംസിന്റെ പക്കലുണ്ട്. ഇതിൽ ഇരുപതോളം വാഹനങ്ങൾ എത്തിയത് കേരളത്തിലാണ്. അവ വാങ്ങിയവരുടെ പട്ടികയും കസ്റ്റംസ് തയാറാക്കിയിരുന്നു എന്നാണു വിവരം. അതനുസരിച്ച്, കോട്ടയത്തും കൊച്ചിയിലും കോഴിക്കോട്ടും കൊല്ലത്തുമൊക്കെ ഈ വാഹനങ്ങൾ ഓടുന്നുണ്ട്. ഇന്നു രാവിലെ മുതൽ 5 ജില്ലകളിലായി കസ്റ്റംസും കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥരും നടത്തുന്ന ഓപ്പറേഷൻ നുംകൂർ സിനിമാ താരങ്ങളെയും യൂസ്ഡ് കാറുകൾ വിൽക്കുന്ന ഒട്ടേറെ ഷോറൂമുകളെയും കേന്ദ്രീകരിച്ചു കൂടിയാണ്.
വിപണിയിൽ ഒരു കോടി രൂപ വരെ വിലയുള്ള ഒട്ടേറെ കാറുകളാണു പകുതി വിലയ്ക്കു പലരും സ്വന്തമാക്കിയത്. പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ തുടങ്ങിയവർ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്ന കാര്യം കസ്റ്റംസ് അധികൃതർ നേരത്തേ കണ്ടെത്തിയിരുന്നു. ഇവർക്കു വാഹനം വിറ്റ ഏജന്റുമാർ അടക്കമുള്ളവരുടെ വിവരങ്ങളും ലഭിച്ചിരുന്നു.
Key Words: Dulquer Salmaan, Raid, Customs


COMMENTS