How did you know that the Chinese have taken over 2,000 square kilometers of India's land? If you are a true Indian... you would not say so
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: 2,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം ചൈന കൈയേറിയെന്നു ' ഭാരത് ജോഡോ യാത്ര' വേളയില്‍ നടത്തിയ പാരമര്‍ശത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ഫയല്‍ ചെയ്യപ്പെട്ട ക്രിമിനല്‍ മാനനഷ്ടക്കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഇതേസമയം, 2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന അക്രമത്തെയും 20 ഇന്ത്യന്‍ സൈനികരുടെ മരണത്തെയും കുറിച്ചുള്ള കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശത്തിനെതിരെ ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
ഏറ്റുമുട്ടലിനുശേഷം ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കൈവശപ്പെടുത്തിയെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഈ 'കീഴടങ്ങലിന്' പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
'ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈനക്കാര്‍ കൈയടക്കിയിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസ്സിലായി? നിങ്ങള്‍ ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍... ഇങ്ങനെയൊന്നും പറയില്ല' ഗാന്ധിയുടെ പരാമര്‍ശത്തെക്കുറിച്ച് ജസ്റ്റിസ് ദത്ത പറഞ്ഞു.
'നിങ്ങള്‍ അവിടെ ഉണ്ടായിരുന്നോ? വിശ്വസനീയമായ എന്തെങ്കിലും തെളിവുകള്‍ നിങ്ങളുടെ കൈവശമുണ്ടോ?' കോടതി ചോദിച്ചു.
അദ്ദേഹത്തിന് ഇതൊക്കെ പറയാന്‍ കഴിയുന്നില്ലെങ്കില്‍... എങ്ങനെയാണ് പ്രതിപക്ഷ നേതാവാകാന്‍ കഴിയുക?' എന്ന് കോണ്‍ഗ്രസ് നേതാവിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി, ചോദിച്ചു.
എന്നാല്‍ പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ പാര്‍ലമെന്റില്‍ ഇത്തരം കാര്യങ്ങള്‍ പറയാത്തതെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
എങ്കിലും, കേസ് റദ്ദാക്കണമെന്ന ഗാന്ധിയുടെ ഹര്‍ജി പരിഗണിച്ച് കോടതി നോട്ടീസ് അയച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ വ്യക്തമായ പിഴവുകള്‍ സിംഗ്വി ചൂണ്ടിക്കാണിച്ചു. ക്രിമിനല്‍ പരാതി സ്വീകരിക്കുന്നതിന് മുമ്പ് ഗാന്ധിയെ മുന്‍കൂര്‍ വാദം കേള്‍ക്കാന്‍ പൊലീസ് അനുവദിച്ചില്ലെന്നും അദ്ദേഹം കോടതിയെ ബോധ്യപ്പെടുത്തി.
ലഖ്നൗവിലെ പ്രത്യേക കോടതി പുറപ്പെടുവിച്ച ഫെബ്രുവരിയിലെ സമന്‍സിനെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി മെയ് മാസത്തില്‍ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.
പ്രത്യേക കോടതി അദ്ദേഹത്തെ വിളിച്ചുവരുത്തുന്നതിനുമുമ്പ് ആരോപണങ്ങള്‍ സ്ഥിരീകരിക്കണമായിരുന്നു എന്ന രാഹുലിന്റെ വാദത്തെ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി തള്ളിക്കളഞ്ഞിരുന്നു. സൈന്യത്തെ 'അപകീര്‍ത്തിപ്പെടുത്തുന്ന' പ്രസ്താവനകള്‍ നടത്താനുള്ള അവകാശം സംസാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുല്‍ വാദിച്ചിരുന്നു. വിചാരണ നേരിടാന്‍ രാഹുല്‍ ഗാന്ധിയെ പ്രതിയാക്കി പ്രത്യേക കോടതി സമന്‍സ് അയച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
2022 ഡിസംബറില്‍ ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ രാഹുല്‍ ഗാന്ധി സൈന്യത്തെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഉദയ് ശങ്കര്‍ ശ്രീവാസ്തവ എന്നയാളാണ് പരാതി നല്‍കിയത്.
2023 ജനുവരിയില്‍ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടത്തിയ പ്രസംഗമാണ് രാഹുലിനു വിനയായത്. 'ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു... ചൈനക്കാര്‍ നമ്മുടെ ഭൂമി കൈയടക്കിയത് നിഷേധിക്കുന്നതിലൂടെ സര്‍ക്കാര്‍ പിന്തുടരുന്ന സമീപനം അങ്ങേയറ്റം അപകടകരമായ ഒരു സമീപനമാണ്' എന്നായിരുന്നു രാഹുലിന്റെ ആരോപണം.
'ചൈനക്കാരെ നേരിടാനുള്ള മാര്‍ഗം അവരോട് കര്‍ശനമായി ഇടപെടുക എന്നതാണ്. അവര്‍ നമ്മുടെ മണ്ണില്‍ കടന്നിട്ടുണ്ടെന്നും അത് നാം സഹിക്കില്ലെന്നു വ്യക്തമാക്കേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.


COMMENTS