Donald Trump said that he destroyed the Fordow nuclear facility, Iran said that the damage is only on the surface, will the United States bomb again?
എന്‍ പ്രഭാകരന്‍
ദുബായ് : ഇസ്രായേലിന്റെയും അമേരിക്കയുടെയും ഏറ്റവും വലിയ ലക്ഷ്യമായിരുന്ന ഫോര്‍ഡോ ആണവ കേന്ദ്രത്തിന് കാര്യമായ നാശമില്ലെന്ന് നിലയം സ്ഥിതിചെയ്യുന്ന കോം പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്ന എംപി മനന്‍ റയ്‌സി.
അമേരിക്കയുടെ ആക്രമണം ഉപരിതലത്തില്‍ മാത്രമേ നാശമുണ്ടാക്കിയിട്ടുള്ളൂ എന്നാണ് റയ്‌സി പറയുന്നത്. ''നുണ പറയുന്ന യുഎസ് പ്രസിഡന്റിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ് കാര്യങ്ങള്‍. ഫോര്‍ഡോ ആണവ കേന്ദ്രത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഉപരിതലത്തില്‍ മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചത്. ആ കേടുപാടുകളെല്ലാം പരിഹരിക്കാന്‍ കഴിയുന്നവയുമാണ്,'' റയ്‌സിയെ ഉദ്ധരിച്ചു ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് ആക്രമണത്തിന് ശേഷം റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോര്‍ച്ച കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ, ഇവിടെ വീണ്ടും അമേരിക്ക ആക്രമണം നടത്താന്‍ സാദ്ധ്യത ഏറിയിരിക്കുകയാണ്്. ഫോര്‍ഡോ പൂര്‍ണമായും തകര്‍ക്കുക എന്നത് ഇസ്രായേലിന്റെ നിലനില്പ്പിന് അത്യാവശ്യമാണ്. ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കുക അമേരിക്കയുടെയും അത്യാവശ്യമാണ്. അതിനാല്‍, വീണ്ടും അവിടെ ആക്രമണത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
ഇറാന്റെ ആണവ മോഹങ്ങള്‍ക്ക് നിര്‍ണായകമായ സംഭാവന നല്കുന്നതാണ് ടെഹ്റാന്റെ തെക്ക് പര്‍വതനിരയില്‍ ഒളിഞ്ഞിരിക്കുന്ന യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റായ ഫോര്‍ഡോ. കേന്ദ്രത്തിലുണ്ടായ നാശനഷ്ടങ്ങളുടെ പൂര്‍ണ്ണ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല.നതാന്‍സിലും ഇസ്ഫഹാനിലുമുള്ള മറ്റ് രണ്ട് ആണവ കേന്ദ്രങ്ങളിലും അമേരിക്ക ആക്രമണം നടത്തി. ഇവിടങ്ങളില്‍ ഇതിനകം തന്നെ ഇസ്രായേല്‍ ആക്രമണം നടത്തി വലിയ നാശങ്ങളുണ്ടാക്കിയിരുന്നു. യുകെയെയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന ചാനല്‍ ടണലിനേക്കാള്‍ ആഴത്തിലാണ് ഫോര്‍ഡോ സ്ഥിതി ചെയ്യുന്നതെന്നാണ് കരുതുന്നത്. ഒരു കൂട്ടം മലനിരകളിലേക്ക് തുളച്ചുകയറുന്നതു പോലെ അഞ്ച് തുരങ്കങ്ങള്‍, അവയ്ക്കു നടുവിലായി വലിയ താങ്ങുഘടന, വിശാലമായ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ ഇറാന്റെ നിഗൂഢമായ ഫോര്‍ഡോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ്.
2009 ലാണ് ഈ പ്‌ളാന്റിന്റെ കാര്യം പരസ്യമാവുന്നത്. പുണ്യനഗരമായ കോമിന് സമീപം നിര്‍മ്മിച്ച രഹസ്യവും കനത്ത സുരക്ഷയുമുള്ള ഈ സമുച്ചയത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെയും വലുപ്പത്തെയും കുറിച്ച് ഇന്നും ഊഹാപോഹങ്ങളാണ് അധികവും.
ഇസ്രായേലി ഇന്റലിജന്‍സ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശേഖരിച്ച ഇറാനിയന്‍ രേഖകളില്‍ നിന്നാണ് ഈ നിലയത്തെക്കുറിച്ച് ആദ്യ വിവരം ലഭിക്കുന്നത്. ഇതിന്റെ പ്രധാന ഹാളുകള്‍ ഉപരിതലത്തില്‍ നിന്ന് 80 മുതല്‍ 90 മീറ്റര്‍ വരെ താഴെയാണ്. ഇതിനെ മീറ്ററുകള്‍ കനത്തില്‍ റീ ഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റുകൊണ്ട് ബലപ്പെടുത്തിയിരിക്കുന്നു.
ഇസ്രായേലിന്റെ കൈവശമുള്ള ബോംബുകള്‍ക്കൊന്നും ഈ കോണ്‍ക്രീറ്റ് കവചം ഭേദിക്കാനുള്ള ശേഷിയില്ല. അതിനാലാണ് അമേരിക്കയുടെ സഹായം വേണ്ടിവന്നത്.
സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ആണവ ബോംബാക്കി മാറ്റാന്‍ ഫോര്‍ഡോവില്‍ വച്ചാണ് ഇറാന്‍ പദ്ധതിയിടുന്നതെന്ന് ആണവ വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ ഈ കേന്ദ്രത്തെ ലക്ഷ്യമിട്ടിരുന്നു. പക്ഷേ, കാര്യമായ നാശം വരുത്താനായില്ല.
ടെഹ്റാന്‍ വളരെക്കാലമായി തങ്ങളുടെ ആണവ പരിപാടിയുടെ ലക്ഷ്യങ്ങള്‍ സമാധാനപരമാണെന്ന് വാദിച്ചുവരുന്നു. എന്നാല്‍ ഫോര്‍ഡോയുടെ ലക്ഷ്യം അണുബോംബ് തന്നെയാണെന്ന് അമേരിക്കയും ഇസ്രായേലും വിശ്വസിക്കുന്നു.
'ഈ സൗകര്യത്തിന്റെ വലിപ്പവും ക്രമീകരണവും സമാധാനപരമായ ഒരു പരിപാടിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് യു എസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമ പറഞ്ഞിരുന്നു. 2009-ല്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ എന്നിവരോടൊപ്പമാണ് ഫോര്‍ഡോയെക്കുറിച്ചു ലോകത്തോടു വെളിപ്പെടുത്തിയത്. ഒബാമയുടെ ആരോപണത്തെ ഇറാന്‍ എതിര്‍ത്തു. എന്നാല്‍ അന്ന് സഖ്യകക്ഷിയായ റഷ്യ അപലപിച്ചതും ചൈന ആശങ്ക ഉയര്‍ത്തിയതും ഇറാനു തിരിച്ചടിയായി.
2000 തുടക്കത്തില്‍ ഫോര്‍ഡോ നിര്‍മ്മാണം ആരംഭിച്ചു എന്നാണ് കരുതുന്നത്. എന്നാല്‍ ഉപഗ്രഹ ചിത്രങ്ങള്‍ 2004 മുതല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി വ്യക്തമാക്കുന്നു. തുരങ്ക പ്രവേശന കവാടങ്ങള്‍ സ്ഥിതിചെയ്യുന്ന രണ്ട് വെളുത്ത ചതുരാകൃതിയിലുള്ള ഘടനകളുടെ ഫോട്ടോഗ്രാഫുകള്‍ പുറത്തുവന്നിട്ടുണ്ട്.
'ഇറാനെതിരെയുള്ള സൈനിക ആക്രമണ ഭീഷണികളുടെ' ഫലമായാണ് ഭൂമിക്കടിയില്‍ ഈ സൗകര്യം നിര്‍മ്മിക്കാനുള്ള തീരുമാനമെന്ന് 2009 ഒക്ടോബറില്‍ ടെഹ്റാന്‍ രാജ്യാന്തര ആണവ ഏജന്‍സിയോട് വിശദീകരിച്ചിരുന്നു. സമീപത്തുള്ള നടാന്‍സ് പ്ലാന്റിന് പിന്തുണ എന്ന നിലയിലാണ് ഫോര്‍ഡോ വിഭാവനം ചെയ്യുന്നതെന്നായിരുന്നു ഇറാന്റെ വാദം. 3,000 സെന്‍ട്രിഫ്യൂജുകള്‍ വരെ സ്ഥാപിക്കാന്‍ ഈ കേന്ദ്രത്തിന് കഴിയുമെന്ന് ഇറാന്‍ ഐഎഇഎയോട് പറഞ്ഞു.
ഫോര്‍ഡോ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, ആ സ്ഥലം നശിപ്പിക്കാന്‍ തക്ക വലുപ്പമുള്ള 'ബങ്കര്‍ ബസ്റ്റര്‍' ബോംബ് യുഎസിന്റെ പക്കല്‍ മാത്രമേ ഉള്ളൂ. ആ യുഎസ് ബോംബിന്റെ പേര് ജി ബി യു57 മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍.
ജി ബി യു57ന് 13,000 കിലോഗ്രാം ഭാരമുണ്ട്. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഏകദേശം 18 മീറ്റര്‍ (60 അടി) കോണ്‍ക്രീറ്റോ 61 മീറ്റര്‍ (200 അടി) ഭൂമിയോ തുളച്ചുകയറാന്‍ ഇതിന് കഴിയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഫോര്‍ഡോയുടെ തുരങ്കങ്ങളുടെ ആഴം കാരണം, ജി ബി യു57 പൂര്‍ണമായി വിജയിക്കുമെന്ന് ഉറപ്പില്ല. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉടനൊന്നും കിട്ടുമെന്നും തോന്നുന്നില്ല.
യുഎസ് ആക്രമണം ആണവ കേന്ദ്രങ്ങള്‍ക്ക് എന്ത് നാശനഷ്ടമാണ് ഉണ്ടാക്കിയതെന്നോ, എന്തെങ്കിലും പരിക്കുകളോ ആളപായമോ ഉണ്ടായിട്ടുണ്ടോ എന്നോ ഇതുവരെ വ്യക്തമല്ല.
ഫോര്‍ഡോയ്ക്ക് നേരെയുള്ള യുഎസ് ആക്രമണം ഇറാന്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗര്‍ ഗാലിബാഫിന്റെ ഉപദേഷ്ടാവ് മഹ്ദി മുഹമ്മദി പറഞ്ഞു. അതിനാല്‍ ഈ കേന്ദ്രം വളരെ നാളായി ഒഴിപ്പിച്ചിരുന്നു. ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല, മുഹമ്മദ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.
ആക്രമണത്തിനുശേഷം വികിരണ അളവില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് സൗദി അറേബ്യയും ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജന്‍സിയും പറയുന്നു.
ഇറാന്‍ ഈ മൂന്ന് ആണവ കേന്ദ്രങ്ങളും 'കുറച്ചു മുമ്പ്' ഒഴിപ്പിച്ചതായി ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കല്‍ ഡയറക്ടര്‍ ഹസ്സന്‍ അബെദിനി പറഞ്ഞു. 'സാമഗ്രികള്‍ ഇതിനകം തന്നെ പുറത്തെടുത്തതിനാല്‍ ഇറാന് വലിയ തിരിച്ചടി നേരിട്ടില്ല' എന്ന് ടിവിയില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം പറഞ്ഞു.
'ആണവ സമ്പുഷ്ടീകരണ സൗകര്യങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു' എന്ന് ട്രംപ് തന്റെ ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞതിനു വിരുദ്ധമാണ് ഹസ്സന്‍ അബെദിനിയുടെ നിലപാട്.ഫോര്‍ദോ എന്നെന്നേക്കുമായി നശിപ്പിക്കപ്പെട്ടു എന്ന് പറയാന്‍ ഒരു വഴിയുമില്ലെന്നാണ് ബിബിസി ന്യൂസ് ചാനലില്‍ സംസാരിക്കുമ്പോള്‍ യുഎസ് മുന്‍ അസിസ്റ്റന്റ് സെക്രട്ടറി ഒഫ് സ്റ്റേറ്റ് ഫോര്‍ പൊളിറ്റിക്കല്‍-മിലിട്ടറി അഫയേഴ്‌സ് മാര്‍ക്ക് കിമ്മിറ്റ് പറഞ്ഞത്.
ഇറാന്‍ എങ്ങനെ പ്രതികരിക്കും, ലോകം ഉറ്റുനോക്കുന്നു, ഗള്‍ഫിലെ യു എസ് താവളങ്ങളിലും ആക്രമണ സാദ്ധ്യത
ഇറാന്റെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ നിലയങ്ങളില്‍ അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടു
ഇസ്രായേലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു, ആയുധ ശേഖരം കുറയുന്നു, അമേരിക്ക ഉടന്‍ ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും
വെസ്റ്റ്ബാങ്കില്‍ പാലസ്തീന്‍ കെട്ടിടങ്ങള്‍ പിടിച്ചെടുത്ത് സൈനിക ബാരക്ക് ആക്കി ഇസ്രായേല്‍, ഇറാനിലെ ഖോണ്ടാബ് ഘനജല ഗവേഷണ കേന്ദ്രത്തിലെ റിയാക്ടര്‍ തകര്‍ത്തു
ഇറാനിയന്‍ ഏകീകൃത കമാന്‍ഡ് മേധാവി മജര്‍ ജനറല്‍ അലി ഷാഡെമാനിയെ ഇസ്രായേല്‍ വധിച്ചു, നിയമിതനായത് രണ്ടു ദിവസം മുന്‍പ്, ഭയത്തിന്റെ മുള്‍മുനയില്‍ ഇറാനിയന്‍ നേതാക്കള്‍
ടെഹ്‌റാനിലേക്കു കൊണ്ടുപോയ മിസൈല്‍ ലോഞ്ചറുകള്‍ ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു, പടിഞ്ഞാറന്‍ ടെഹ്റാനിലെ സൈനിക താവളത്തില്‍ ആക്രമണം, ഇറാനിലേക്ക് സുരക്ഷിത വ്യോമ ഇടനാഴി തുറന്നുവെന്ന് ഇസ്രായേല്‍, സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കു പൊരുതി ഇറാന്
Summary: Donald Trump said that he destroyed the Fordow nuclear facility, Iran said that the damage is only on the surface, will the United States bomb again? Former US Assistant Secretary of State for Political-Military Affairs Mark Kimmitt told BBC News that there is no way to say Fordow has been destroyed forever.
COMMENTS