Israel's series of attacks on Iran's nuclear facilities and military facilities on Friday came after US President Donald Trump warned
ജറുസലേം: ഒരു 'വലിയ സംഘര്‍ഷം' ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ വെള്ളിയാഴ്ച ഇറാന്റെ ആണവ നിലയങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ആക്രമണ പരമ്പര. ആക്രമണങ്ങളില്‍ ഇറാനു വന്‍ നാശമുണ്ടാവുകയും അവരുടെ സൈനിക തലവന്‍ ഹുസൈന്‍ സലാമി ഉള്‍പ്പെടെ കൊല്ലപ്പെടുകയും ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രയേലിന്റെ ഓപ്പറേഷന്‍ റൈസിംഗ് ലയണിന്റെ പ്രാരംഭ ആക്രമണത്തില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഹുസൈന്‍ സലാമി കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയും സ്ഥിരീകരിച്ചു. സലാമിയുടെ നിരവധി അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റുഡന്റ് ന്യൂസ് ഏജന്‍സി (ഐഎസ്എന്‍എ) റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ സൈന്യത്തിനും ആണവ കേന്ദ്രങ്ങള്‍ക്കും എതിരെ വലിയ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇറാനെ ആക്രമിക്കുകയും നിരവധി കമാന്‍ഡര്‍മാരെയും ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തുകയും ചെയ്ത ''കുറ്റത്തിന്'' ''കടുത്ത ശിക്ഷ പ്രതീക്ഷിക്കണം'' എന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി. ആവശ്യമുള്ളിടത്തോളം സൈനിക നടപടി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിരിച്ചടിക്കുകയും ചെയ്തു.
ഇറാനിയന്‍ തലസ്ഥാനത്ത് പാര്‍പ്പിടസമുച്ചയങ്ങള്‍ തകര്‍ന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലെ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.
അമേരിക്കയ്ക്ക് ഈ ആക്രമണത്തില്‍ പങ്കില്ലെന്നും മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ചാല്‍ ഇറാന്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
ഇറാനിലുടനീളമുള്ള ലക്ഷ്യങ്ങളില്‍ അഞ്ച് തവണയാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് എട്ട് സ്ഥലങ്ങളെങ്കിലും ലക്ഷ്യമിട്ട് നൂറുകണക്കിന് ബോംബുകള്‍ വര്‍ഷിച്ചിട്ടുണ്ട്. ഇറാന്റെ ആണവ ദൗത്യങ്ങള്‍ക്കു കനത്ത പ്രഹരമാണ് ഇസ്രയേല്‍ ഏല്പിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് പറയുന്നത്.
സൈനിക ലക്ഷ്യങ്ങളിലും ഇറാനിയന്‍ ആണവ സൈറ്റുകളിലും ആക്രമണം നടത്തുന്നതിനുള്ള പ്രാരംഭ തരംഗത്തില്‍ ഡസന്‍ കണക്കിന് ഇസ്രയേലി പോര്‍വിമാനങ്ങള്‍ പങ്കെടുത്തു.
റവല്യൂഷണറി ഗാര്‍ഡ് മേജര്‍ ജനറല്‍ ഘോലം അലി റാഷിദ് ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞനായ ഡോ. ഫെറിഡൗണ്‍ അബ്ബാസിയും ഭാര്യയ്ക്കും കുട്ടിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഷാഹിദ് ബെഹെഷ്തി സര്‍വകലാശാലയിലെ ന്യൂക്ലിയര്‍ എഞ്ചിനീയറിംഗ് ഫാക്കല്‍റ്റിയിലെ പ്രൊഫസറായ അഹ്മദ് റേസ സോള്‍ഫഘരിയും കൊല്ലപ്പെട്ടു.
ടെഹ്‌റാനില്‍ വെള്ളിയാഴ്ച രാവിലെ സ്‌ഫോടനങ്ങള്‍ കേട്ടതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ വ്യോമ പ്രതിരോധം '100 ശതമാനം പ്രവര്‍ത്തന ശേഷിയിലാണെന്ന്' അവകാശപ്പെടുകയും ചെയ്തുവെങ്കിലും കനത്ത നാശമാണ് ഇറാനിലുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണങ്ങളില്‍ നിരവധി കുട്ടികളും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇറാന്‍ പറഞ്ഞു.
ഓപ്പറേഷനെത്തുടര്‍ന്ന് ഇറാനില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിക്കുന്നതിനാല്‍ ഇസ്രയേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു.
ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ മുന്‍കരുതല്‍ ആക്രമണത്തിന് തിരിച്ചടിയായി ഒരു മിസൈല്‍, ഡ്രോണ്‍ ആക്രമണം സമീപഭാവിയില്‍ പ്രതീക്ഷിക്കുന്നുവെന്ന് കാറ്റ്‌സ് പറഞ്ഞു.
ഇറാനിയന്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുകി. മേഖലയിലെ ജീവനക്കാരെ യുഎസ് പിന്‍വലിക്കുകയാണെന്ന് പറയുകയും ചെയ്തതിന് പിന്നാലെയുണ്ടായ ആക്രമണങ്ങളില്‍ എണ്ണവില ആറു ശതമാനം വരെ ഉയര്‍ന്നു.
ഇറാനെതിരേ ഇസ്രയേലി ആക്രമണമുണ്ടാകുമോ എന്നു മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ വച്ചു ചോദിച്ചപ്പോള്‍ ട്രംപിന്റെ ഉത്തരം ഇതായിരുന്നു:
'ആക്രമണം ആസന്നമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് സംഭവിക്കാന്‍ സാധ്യതയുള്ള ഒന്നാണെന്ന് തോന്നുന്നു.'
ഇറാന്റെ ആണവ പദ്ധതിയുടെ കാര്യത്തില്‍ ഒരു നല്ല കരാറിന്റെ സാധ്യത വളരെ അടുത്താണെന്നും എന്നാല്‍, തങ്ങളുടെ മുഖ്യ ശത്രുവിനെതിരെ ഇസ്രായേല്‍ ആക്രമണം നടത്തുന്നത് ഒരു കരാറിന്റെ സാധ്യതകളെ ഇല്ലാതാക്കുമെന്നും ട്രംപ് പറഞ്ഞു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള തിങ്കളാഴ്ചത്തെ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയില്ല. പക്ഷേ 'അവര്‍ ഉള്‍വലിയുന്നത് എനിക്ക് ഇഷ്ടമല്ല, കാരണം അത് ഇസ്രയേലിനെ ഇല്ലാതാക്കുമെന്നു ഞാന്‍ കരുതുന്നു' എന്നായിരുന്നു ട്രംപിന്റെ വിരുദ്ധമായ മറ്റൊരു മറുപടി.
ഇറാനുമായി ദീര്‍ഘകാലമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ അയല്‍ രാജ്യമായ ഇറാഖിലെ എംബസി ജീവനക്കാരെ കുറയ്ക്കുകയാണെന്ന് അമേരിക്ക ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇറാന്‍ തങ്ങളുടെ ബാധ്യതകള്‍ പാലിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ബുധനാഴ്ച ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേലി ആക്രമണം എന്നതും ശ്രദ്ധേയമാണ്.
Summary: Israel's series of attacks on Iran's nuclear facilities and military facilities on Friday came after US President Donald Trump warned that a 'major conflict' was imminent. Iran suffered heavy casualties in the attacks, including the death of its military chief, Hossein Salami.
COMMENTS