US President Donald Trump said that Iran's unconditional surrender is the only way to end the aggression
ദുബായ് : ഇറാന്‍ നിരുപാധികം കീഴടങ്ങുക മാത്രമാണ് ആക്രമണം അവസാനിപ്പിക്കാനുള്ള പോംവഴിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് ട്രംപ് ഈ നിര്‍ദ്ദേശം വച്ചിരിക്കുന്നത്. ഇതിനു തൊട്ടു മുന്‍പുള്ള മറ്റൊരു പോസ്റ്റില്‍, 'ഇറാന്റെ ആകാശത്തിന്റെ പൂര്‍ണ ിയന്ത്രണം അമേരിക്കയ്ക്കാണ്' എന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാനിലേക്കു സുരക്ഷിത വ്യോമ പാത തുറന്നുവെന്ന് ഇസ്രായേല്‍ ഇന്നലെ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ അവകാശവാദം.
മറ്റൊരു പോസ്റ്റില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി എവിടെയാണെന്നു വ്യക്തമായി അറിയാമെന്നും പക്ഷേ, തത്കാലം അദ്ദേഹത്തെ കൊല്ലില്ലെന്നും ട്രംപ് പറഞ്ഞു.
ട്രംപ് പറയുന്നു: 'പരമോന്നത നേതാവ് എന്ന് വിളിക്കപ്പെടുന്നയാള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അയാള്‍ വളരെ അനായാസമായ ഒരു ലക്ഷ്യമാണ്. പക്ഷേ തത്കാലം അദ്ദേഹം സുരക്ഷിതനാണ്. ഞങ്ങള്‍ അദ്ദേഹത്തെ തത്കാലം കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ല.'
കാനഡയിലെ ജി 7 മീറ്റിംഗുകളില്‍ നിന്ന് നേരത്തെ തിരിച്ചെത്തിയതിനു ശേഷമാണ് ട്രംപ് തുടരെ പോസ്റ്റുകള്‍ ചെയ്തത്. ആക്രമണങ്ങളില്‍ അമേരിക്ക നേരിട്ട് ഉള്‍പ്പെട്ടിട്ടില്ലെന്ന് അമേരിക്കന്‍ ഭരണകൂടം ദിവസങ്ങളായി ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കെയാണ് ഇറാന്റെ ആകാശത്തിന്റെ നിയന്ത്രണം നമുക്കുണ്ട് എന്ന് ട്രംപ് അവകാശപ്പെട്ടിരിക്കുന്നത്.
'ഇറാന്റെ കൈവശം നല്ല സ്‌കൈ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ഉണ്ടായിരുന്നു. പക്ഷേ അത് അമേരിക്കന്‍ നിര്‍മ്മിതമായ 'സാധനങ്ങളുമായി' താരതമ്യപ്പെടുത്താനാവില്ല. യുഎസ്എയേക്കാള്‍ നന്നായി മറ്റാരും അത് ചെയ്യുന്നില്ല.' എന്നാണ് ട്രംപ് പറയുന്നത്.
ഇതേസമയം, ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'കൂടുതല്‍ നടപടിക്കു തീരുമാനിച്ചേക്കാം' എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞു.
ഇറാന്‍ ഏതൊരു സിവിലിയന്‍ ആവശ്യത്തിനും വേണ്ടതിലും വളരെ ഉയര്‍ന്ന അളവില്‍ യുറേനിയം സമ്പുഷ്ടമാക്കിയിട്ടുണ്ടെന്നും ഇറാന്റെ സമ്പുഷ്ടീകരണം അവസാനിപ്പിക്കാന്‍ കൂടുതല്‍ നടപടിയെടുക്കണമെന്ന് യുഎസ് പ്രസിഡന്റ് തീരുമാനിച്ചേക്കാമെന്നും വാന്‍സ് പറയുന്നു.
ഇതേസമയം, ഇറാന്‍ ഭരണകൂടത്തിനെതിരേ രാജ്യത്തെ ജനങ്ങളുടെ രോഷം പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്. ഇറാനിലെ പലരും ഭരണകൂടത്തിന്റെ യുദ്ധമായി മാത്രമാണ് കാണുന്നത്. ഇറാനില്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ടെങ്കിലും, ഭരണകൂടത്തിനെതിരായ വികാരം ശക്തിപ്പെടുകയാണ്.
അതിനര്‍ത്ഥം ജനം നെതന്യാഹുവിനെ പിന്തുണയ്ക്കുന്നു എന്നല്ല, മറിച്ച് മത ഭരണകൂടത്തില്‍ അവര്‍ക്ക് മടുത്തിരിക്കുന്നു. മതാധിഷ്ഠിത ഭരണം അവസാനിച്ചു കാണാന്‍ ഇറാനിലെ വലിയൊരു വിഭാഗം ജനം ആഗ്രഹിക്കുന്നുണ്ട്.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിനെ കളിയാക്കുന്ന പോസ്റ്റുകള്‍ ഇട്ടവരെ തിരഞ്ഞുപിടിച്ച് അറസ്റ്റുചെയ്തുകൊണ്ടിരിക്കുകയാണ്. ടെഹ്റാനില്‍ 14 വയസ്സുള്ള ആണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയില്‍ മീം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയതിന്റെ വാര്‍ത്ത പുറത്തുവന്നിരുന്നു.
COMMENTS