കുഞ്ഞുങ്ങളുടെ ബുദ്ധിയും ഓര്‍മ ശക്തിയും ഉല്‍സാഹവുമൊക്കെ വര്‍ധിപ്പിക്കാന്‍ ഒത്തിരി ബൂസ്റ്ററുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. പരസ്യത്തിലെ കൊച്ചിന്റെ ചടുലതയും ചേലും കണ്ട് അതിന് പിന്നാലെ പായാന്‍ അതെത്ര തന്നെ വിലയേറിയതായാലും നമുക്ക് ഒട്ടും മടിയില്ല. എന്നാല്‍ കുട്ടികളെ മിടുക്കരാക്കാന്‍ ഇതിനേക്കാളൊക്കെ എളുപ്പത്തില്‍ ലഭ്യമാകുന്നതും ഒട്ടും പണം ചെലവാക്കേണ്ടാത്തതുമായ ഒരു മരുന്നാണ് ഗവേഷകര്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്. സ്നേഹവും പരിഗണനയും.
കുഞ്ഞുന്നാളില്‍ നാം കുട്ടികള്‍ക്ക് നല്‍കുന്ന സ്നേഹവും പരിഗണനയുമാണ് പിന്നീട് അവരെ ഒത്തിരി ഉയരങ്ങളിലെത്തിക്കുന്നതത്രെ. ഇത് നമ്മള്‍ ഒത്തിരി കേട്ടതാണെങ്കിലും ഇതിന്റെ ശാസ്ത്രീയമായ ആധികാരികതയുമായാണ് ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.
അമ്മമാരുടെ ശ്രദ്ധയും പരിചരണവും കൂടുതലായി ലഭിക്കുന്ന കുട്ടികളില്‍ തലച്ചോറിലെ ഓര്‍മയെ നിയന്ത്രിക്കുന്ന ഭാഗമായ ഹിപ്പോകാമ്പസിന്റെ നാഡീകോശങ്ങളുടെ വികസനം ത്വരിത ഗതിയില്‍ നടക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
മൂന്ന് മുതല്‍ 13 വയസ്സ് വരെ പ്രായമുള്ള 92 കുട്ടികളെയും അവരുടെ രക്ഷിതാക്കളേയും നിരീക്ഷിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. എത് പ്രതിസന്ധി ഘട്ടത്തിലും രക്ഷിതാക്കള്‍ കൂടെയുണ്ടെന്ന വിശ്വാസമുള്ള കുട്ടികള്‍ പഠനത്തിലും പാഠ്യേതര രംഗത്തും മികച്ച് നില്‍ക്കുന്നതായി കണ്ടെത്തി.
എന്നാല്‍ എപ്പോഴും കുറ്റപ്പെടുത്തലുകള്‍ക്കിടയില്‍ വളരുന്ന കുട്ടികള്‍ എല്ലാ രംഗങ്ങളിലും പുറകോട്ട് പോകുന്നതായും കണ്ടെത്തി.



