Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special Feature ഇന്ന്‌ മഹാശിവരാത്രി

ഇന്ന്‌ മഹാശിവരാത്രി

E-mail Print PDF

ആലുവ: മഹാശിവരാത്രി ഇന്ന്‌. വ്രതശുദ്ധിയോടെ ബലിതര്‍പ്പണം നടത്തി പൂര്‍വാത്മാക്കള്‍ക്ക്‌ മോക്ഷമേകാന്‍ ലക്ഷങ്ങള്‍ ആലുവ മണപ്പുറത്തെത്തുന്നു. പൂര്‍ണാ നദിക്കരയിലെ മഹാദേവ ക്ഷേത്രവും നഗരവും ശിവരാത്രി ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങി.

മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ പുലര്‍ച്ചേ മുതല്‍ പ്രത്യേക പൂജകള്‍ ആരംഭിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ്‌ പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ മേല്‍ശാന്തി മുല്ലപ്പിള്ളി സുബ്രഹ്‌മണ്യന്‍ നമ്പൂതിരിപ്പാട്‌ എന്നിവര്‍ പൂജകള്‍ക്കു കാര്‍മികത്വം വഹിക്കുന്നു. രാത്രിയില്‍ നടക്കുന്ന ശിവരാത്രി വിളക്കിനുശേഷമാണ്‌ ബലിതര്‍പ്പണം ആരംഭിക്കുക. തര്‍പ്പണ കര്‍മങ്ങള്‍ നാളെ രാത്രിവരെ നീളും.

തര്‍പ്പണം നടത്തുന്നതിനായി നാന്നൂറോളം ബലിത്തറകളാണ്‌ ദേവസ്വം ബോര്‍ഡ്‌ ഒരുക്കിയിരിക്കുന്നത്‌. പ്രാവീണ്യം നേടിയ പുരോഹിതന്മാരാണ്‌ കര്‍മങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുക. കുളിക്കടവുകളിലെ ചെളി നീക്കം ചെയ്‌തു. പുഴയില്‍ ബാരികേ്‌ഡുകള്‍ നിര്‍മിച്ച്‌ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്‌.

ലൈഫ്‌ ബാഗുകള്‍ ഉള്‍പ്പെടെ ആറ്‌ ബോട്ടുകള്‍ നദിയില്‍ പട്രോളിംഗ്‌ നടത്തുന്നു. മണപ്പുറത്തിന്‌ എതിര്‍വശം ശ്രീനാരായണ ഗുരു സ്‌ഥാപിച്ച അദ്വൈതാശ്രമത്തിലും ശിവരാത്രി ആഘോഷം നടക്കുന്നു. രാവിലെ മുതല്‍ പൂജകള്‍ ആരംഭിച്ചു.

വൈകിട്ട്‌ നടക്കുന്ന സര്‍വമത സമ്മേളനം പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ രാത്രി പത്തുമണിയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ഒരേസമയം രണ്ടായിരം പേര്‍ക്ക്‌ തര്‍പ്പണം നടത്താനുള്ള സൗകര്യം ആശ്രമത്തില്‍ ഒരുക്കിയിട്ടുണ്ട്‌.

താത്ക്കാലിക മുനിസിപ്പല്‍ ഓഫിസ്, പൊലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍, കെഎസ്ഇബി, താലൂക്ക് ആശുപത്രിയുടെ പ്രഥമശുശ്രൂഷ വിഭാഗം, ഹോമിയോ വിഭാഗം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

ശിവരാത്രി ഐതിഹ്യം

കുംഭത്തിലെ തിരുവോണം നാളില്‍ ഭക്തി നിര്‍ഭരമായ അനുഷ്ഠാനങ്ങളോടെയാണ് ശിവരാത്രി ആഘോഷം. ശിവരാത്രി വ്രതമാണ് പ്രധാന അനുഷ്ഠാനം. ഇന്നും നാളെ പുലര്‍ച്ചെ വരെയും ശിവസ്തുതികളാല്‍ വീടുകളും ദേവാലയങ്ങളും മുഖരിതമാകും. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രം, ആലുവ മണപ്പുറം, മാണിക്കോട് ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് ആഘോഷങ്ങള്‍ പ്രധാനമായും നടക്കുന്നത്.

പാലാഴി കടയുന്ന വേളയില്‍ വിഷം സേവിച്ച ഭഗവാന്‍ ശിവന്‍ അന്ന് രാത്രി ഉറങ്ങാതിരിക്കാന്‍ പാര്‍വതി ദേവിയും ഭൂതഗണങ്ങളും ചേര്‍ന്ന് ഉറക്കമിളച്ച് വ്രതമെടുത്തു എന്നതാണ് ശിവരാത്രിയുടെ ഐതിഹ്യം. തലേ ദിവസം 'ഒരിക്കല്‍’ വ്രതമെടുത്ത് മഹാശിവരാത്രി നാളില്‍ ഭഗവാന്റെ അഭിഷേക തീര്‍ത്ഥം മാത്രം പാനം ചെയ്യുന്നതാണ് ആചാരം.

ശിവക്ഷേത്രങ്ങളില്‍ പ്രധാനമായും യാമപൂജയാണ് നടക്കുക. ഇന്ന് സന്ധ്യ മുതലാണ് യാമപൂജ ആരംഭിക്കുന്നത്. മൂന്ന് മണിക്കൂറാണ് ഒരു യാമം. നാല് യാമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നേരം പുലരും. തുടര്‍ന്ന് ഭഗവാന്റെ ദര്‍ശനത്തോടെ വ്രതാനുഷ്ഠാനങ്ങള്‍ അവസാനിക്കും.

 

Tags: maha shivarathri

Share on Myspace