Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special Feature മാര്‍ ആലഞ്ചേരി ഇന്ന് കര്‍ദിനാള്‍ പദവിയിലേക്ക്

മാര്‍ ആലഞ്ചേരി ഇന്ന് കര്‍ദിനാള്‍ പദവിയിലേക്ക്

E-mail Print PDF

വത്തിക്കാന്‍ സിറ്റി: സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 22 പേര്‍ ഇന്ന് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു.ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുക.

19 മെത്രാന്മാരും ദൈവശാസ്ത്രപണ്ഡിതരായ മൂന്നു വൈദികരുമാണ് മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള കൊളീജിയത്തിലെ അംഗങ്ങളായ കര്‍ദിനാള്‍മാരായി ഇന്ന് അവരോധിക്കപ്പെടുന്നത്. പ്രത്യേക പ്രാര്‍ഥനാമധ്യേ

മാര്‍പാപ്പ നിയുക്ത കര്‍ദിനാള്‍മാരെ ക്രിസ്തീയ വിശ്വാസത്തിനായി രക്തസാക്ഷിയാകാനുള്ള സന്നദ്ധതയുടെ അടയാളമായി ചുവന്ന തൊപ്പിയണിയിക്കും.

കര്‍ദിനാള്‍മാരെ അണിയിക്കുന്ന പുതിയ മോതിരത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുസ്വരൂപങ്ങളുടെ ഛായ മുദ്രണം ചെയ്തിട്ടുണ്ട്. കന്യകാമറിയത്തിന്റെ അടയാളമായി എട്ടുകാലുകളുള്ള നക്ഷത്രവും ആലേഖനം ചെയ്തിട്ടുണ്ട്.

കുരിശ് ആകൃതിയിലുള്ള മോതിരത്തില്‍ നക്ഷത്രത്തിന്റെ അടിയിലായി മാര്‍പാപ്പയുടെ ഔദ്യോഗിക മുദ്രയുണ്ട്. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതോടെ റോമിലെ വിവിധ ബസിലിക്കകളുടെ ശുശ്രൂഷാ അധികാരവും ഇവര്‍ക്കു ലഭിക്കും. ഏതു ബസിലിക്കയുടെ ശുശ്രൂഷാധികാരമാണു ലഭിക്കുകയെന്ന് ഇന്നേ വെളിപ്പെടുത്തൂ. നാളെ മാര്‍പാപ്പ പുതിയ കര്‍ദിനാള്‍മാരുമൊത്ത് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കും.

ഇന്നലെ രാത്രി മാര്‍ ആലഞ്ചേരിയുടെ ബഹുമാനാര്‍ഥം ഇറ്റലിയിലെ ഇന്ത്യന്‍ സ്ഥാനപതി ദെബബ്രാ സാഹ അദ്ദേഹത്തിന് വിരുന്നു നല്‍കി. സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാബാവാ, കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ തോമസ് ചക്യത്ത് എന്നിവര്‍ വത്തിക്കാനിലുണ്ട്.

നാളെ മൂന്നിന് റോമിലെ സിറോ മലബാര്‍ സഭാസമൂഹം മാര്‍ ആലഞ്ചേരിക്ക് സ്വീകരണം നല്‍കും. 213 കര്‍ദിനാള്‍മാരാണ് ഇപ്പോള്‍ കത്തോലിക്കാ സഭയിലുള്ളത്. ഇതില്‍ 124 പേര്‍ എണ്‍പതുവയസ്സില്‍ താഴെയുള്ളവരും മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കൊളീജിയത്തിലെ അംഗങ്ങളും വോട്ടവകാശമുള്ളവരുമാണ്.

ഇതില്‍ 20 പേര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ 80 വയസ്സ് തികയുന്നവരായതിനാല്‍ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ലാത്തവരായി മാറും. 55 വയസ്സുള്ള ബെര്‍ലിന്‍ ആര്‍ച്ച് ബിഷപ് റെയ്‌നോര്‍ മരിയയാണ് ഇന്ന് കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്നവരില്‍ ഏറ്റവും ചെറുപ്പം.

 

 

Tags: mar alenchery, cardinal

Share on Myspace