Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special Feature സ്ഫോടനം: ഇസ്രയേലി ചാരസംഘടനാംഗങ്ങള്‍ ഇന്ത്യയില്‍

സ്ഫോടനം: ഇസ്രയേലി ചാരസംഘടനാംഗങ്ങള്‍ ഇന്ത്യയില്‍

E-mail Print PDF

ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിയുടെ വാഹനം സ്ഫോടനത്തില്‍ തകര്‍ന്ന സംഭവം വിപുലമായ അന്താരാഷ്ട്ര മാനങ്ങളിലേക്ക്. വിദഗ്ധ പരിശീലനം നേടിയവര്‍ നടത്തിയ ഭീകരാക്രമണമാണ് ദല്‍ഹിയില്‍ നടന്നതെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം ചൊവ്വാഴ്ച വിശദീകരിച്ചു.

ഇതിന് പിന്നാലെ, രഹസ്യാന്വേഷണ ഏജന്‍സി മൊസാദില്‍നിന്നുള്ളവര്‍ അടങ്ങുന്ന ഇസ്രായേല്‍ സംഘം വിപുലമായ അന്വേഷണത്തിന് എത്തി. അമേരിക്കയുടെ എഫ്.ബി.ഐയും എത്തുന്നുണ്ട്. ദല്‍ഹി പൊലീസിനെ സഹായിക്കാനെന്ന പേരിലാണിത്.

ഇസ്രായേലിനെതിരെ ഇറാനും ലബനനിലെ ഹിസ്ബുല്ലയും പദ്ധതിയിട്ട് നടപ്പാക്കിയ ഭീകര ചെയ്തിയെന്ന നിലയിലാണ് അന്വേഷണത്തിന്‍െറ രീതി മുന്നോട്ടു നീങ്ങുന്നത്.

ഡല്‍ഹിക്കൊപ്പം ജോര്‍ജിയയുടെ തലസ്ഥാനമായ തിബിലിസിലും ഒരേ ദിവസം ഇസ്രായേല്‍ വാഹനങ്ങള്‍ക്കുനേരെ ആക്രമണശ്രമം ഉണ്ടായി. രണ്ടും ചേര്‍ത്തുവെച്ച്, ആഗോള ഭീകരതയെന്ന നിലയില്‍ ഇസ്രായേലും അമേരിക്കയും പ്രശ്നം കൈകാര്യം ചെയ്യുകയാണ്.

അതേസമയം, സ്ഫോടനത്തിന് പിന്നില്‍ ഏതെങ്കിലും രാജ്യത്തിന്‍െറ പങ്കിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായശേഷം മാത്രമേ ആരാണ് പിന്നിലെന്ന് വ്യക്തമാവൂവെന്നും അദ്ദേഹം തുടര്‍ന്നു.

എന്നാല്‍, തങ്ങളെ കുടുക്കാന്‍ ഇസ്രായേല്‍ സ്വന്തംനിലക്ക് ആസൂത്രണം ചെയ്ത നീക്കമാണ് ഡല്‍ഹിയില്‍ നടന്നതെന്ന് ഇറാന്‍ ആരോപിച്ചു. ഇന്ത്യയും ജോര്‍ജിയയുമായുള്ള ഇറാന്‍െറ നല്ല ബന്ധം തകര്‍ക്കാന്‍ ഇസ്രായേല്‍ തന്നെ ആസൂത്രണം ചെയ്ത പദ്ധതിയാണ് നടന്നതെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് റാമിന്‍ മെഹ്മന്‍പരസ്ത് ആരോപിച്ചു.

ഇറാന്‍െറ മനോവീര്യം തകര്‍ക്കാനുള്ള പദ്ധതിയാണിതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഇറാന്‍െറ ആണവ ശാസ്ത്രജ്ഞരെ ഇസ്രായേലിന്‍െറ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് കൊലപ്പെടുത്തിയത് ഇതേ വിധത്തിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തിങ്കളാഴ്ച നടന്ന സ്ഫോടനത്തില്‍ ഇസ്രായേല്‍ പ്രതിരോധ അറ്റാഷെയുടെ ഭാര്യയും എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥയുമായ താല്‍ യെഷോവക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ടയോട്ട ഇന്നോവ കാര്‍ കത്തിനശിക്കുകയും ചെയ്തു.

മോട്ടോര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയ യുവാവ് വാഹനത്തില്‍ കാന്തം കൊണ്ട് പതിപ്പിച്ച ‘സ്റ്റിക്കര്‍ ബോംബ്’ ആണ് അപകടമുണ്ടാക്കിയത്. ഇത്തരത്തിലൊരു ബോംബ് ഇന്ത്യയില്‍ ആക്രമണത്തിന് ആദ്യമായാണ് ഉപയോഗിക്കുന്നത്. റിമോട്ട് കണ്‍ട്രോള്‍ ഇല്ലാതെ പൊട്ടിക്കാവുന്ന, കൈപ്പത്തി വലുപ്പമുള്ള ബോംബാണ് കാറില്‍ വെച്ചതെന്ന് പൊലീസ് കരുതുന്നു.

ആക്രമണം നടത്തിയത് ഇസ്രായേല്‍ നയതന്ത്രജ്ഞന്‍െറ ഭാര്യയെ ലക്ഷ്യമിട്ടാണെന്ന് കരുതാന്‍ തക്ക കാരണങ്ങളുണ്ടെന്ന് ആഭ്യന്തര മന്ത്രി ചിദംബരം വിശദീകരിച്ചു. അതിനാല്‍ ഭീകരാക്രമണമെന്ന നിലയില്‍ വേണം മുന്നോട്ടു നീങ്ങാന്‍. സംഭവത്തെ അപലപിക്കുന്നുവെങ്കിലും സംഘത്തിനും സംഘടനക്കും നേരെ വിരല്‍ ചൂണ്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി എന്നിവര്‍ ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതിയുമായി സംസാരിച്ചു. വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ ഇസ്രായേല്‍ വിദേശമന്ത്രിയുമായും ഫോണില്‍ സംസാരിച്ചിരുന്നു.

സൂത്രധാരന്മാരെ പിടികൂടുന്നതു വരെ അന്വേഷണം തുടരുമെന്ന് ഇസ്രായേലിന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഓരോ രാജ്യത്തു നിന്നുമുള്ള നയതന്ത്രജ്ഞര്‍ക്ക് ഇന്ത്യയില്‍ സമാധാനത്തോടെയും സുരക്ഷിതമായും കഴിയാന്‍ അവകാശമുണ്ട്. മറ്റെല്ലാ രാജ്യങ്ങളോടുമെന്ന പോലെ ഇസ്രായേലിനോടും ഇന്ത്യക്ക് സൗഹൃദ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി പൊലീസാണിപ്പോള്‍ അന്വേഷണം നടത്തുന്നത്. ആവശ്യമെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ സേവനം വിട്ടുകൊടുക്കും.

പ്രദേശത്തുള്ള സി.സി.ടി.വി കാമറ ചിത്രങ്ങള്‍ പരിശോധിച്ചെങ്കിലും, ബോംബ് ഘടിപ്പിച്ച യുവാവിനെക്കുറിച്ചും ബൈക്കിനെക്കുറിച്ചും സൂചനകളൊന്നും കിട്ടിയിട്ടില്ല. തെരച്ചിലിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

Share on Myspace