Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special Feature ഇല പൊഴിയും ശിശിരത്തില്‍ വീണ്ടും ചെറുകിളികള്‍

ഇല പൊഴിയും ശിശിരത്തില്‍ വീണ്ടും ചെറുകിളികള്‍

E-mail Print PDF
  • മോഹന്‍രൂപിന്റെ തിരിച്ചുവരവ്‌ തമിഴ്‌ പടത്തിലൂടെ

‘ഇല പൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായ്‌...’
പ്രണയംകൊണ്ട്‌ ചാലിച്ചെടുത്ത ‘വര്‍ഷങ്ങള്‍ പോയതറിയാതെ’ എന്ന സിനിമ മലയാളികള്‍ മറക്കുവാന്‍ വിസമ്മതിക്കുന്നത്‌

ഗാനത്തിന്റെ സ്വാധീനംകൊണ്ടുംകൂടിയാണ്‌. 1987 ല്‍ റിലീസുചെയ്ത ആ സിനിമ കേരളത്തിലെ തീയേറ്ററുകളില്‍ മോശമല്ലാതെ ഓടിയ ചിത്രങ്ങളിലൊന്നാണ്‌. ഇന്ന്‌ മൊബെയിലിലെ റിംഗ്ടോണുകളില്‍വരെ ‘ഇല പൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായ്‌..’ സജീവമാണ്‌. എന്നാല്‍, എത്ര പേര്‍ക്ക്‌ ‘വര്‍ഷങ്ങള്‍ പോയതറിയാതെ’ സംവിധാനം ചെയ്തത്‌ മോഹന്‍രൂപാണെന്ന്‌ അറിയാം?

1983 ല്‍, ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ‘വേട്ട’ സംവിധാനം ചെയ്തുകൊണ്ടാണ്‌ മോഹന്‍രൂപ്‌ സിനിമയിലേക്ക്‌ കടന്നുവരുന്നത്‌. അന്ന്‌, ആ പ്രായത്തില്‍ ഒരു സിനിമ വിചാരത്തിനപ്പുറമാണ്‌.  മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു അത്‌‌. ആ പടത്തിന്റെ ലൊക്കേഷനിലേക്ക്‌ ബസ്സ്‌ യാത്ര ചെയ്താണ്‌ അന്ന്‌ നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ എത്തിയത്‌.

ലോഡ്ജിലെ അസൗകര്യങ്ങളെക്കുറിച്ചുള്ള ശ്രീനിയുടെ പരിഭവങ്ങള്‍ ഇന്നും ഓക്കുന്നു മോഹന്‍രൂപ്‌.
വേട്ടയുടെ പ്രൊഡ്യൂസര്‍മാര്‍ മോഹന്‍രൂപ്‌ന്റെ സഹോദരങ്ങള്‍തന്നെയായിരുന്നു. ചന്ദ്രാംഗദന്‍, സദാനന്ദന്‍, സത്യരാജന്‍ എന്നിവര്‍ ഗാലറി ഫിലിംസ്‌ എന്ന ബാനറിലായിരുന്നു ആ ചിത്രം നിര്‍മ്മിച്ചത്‌. ആറുലക്ഷമായിരുന്നു അന്നത്തെ ചെലവ്‌. സിനിമയോടുള്ള മോഹന്‍രൂപ്‌ന്റെ അഭിനിവേശം കണ്ടിട്ടാണ്‌ അവരങ്ങനെ ചെയ്തത്‌.

വര്‍ക്കല എസ്‌.എന്‍. കോളേജില്‍ പഠിക്കുമ്പോഴാണ്‌ അടൂര്‍ ഗോപാലകൃഷ്ണനെ കാണുവാനും പരിചയപ്പെടുവാനും അവസരം കിട്ടുന്നത്‌. ആ പരിചയം അദ്ദേഹത്തിന്റെ ചിത്രലേഖ ഫിലിം സൊസൈറ്റിയിലേക്കുള്ള പ്രവേശനത്തിന്‌ ക്ഷണമാവുകയും അനേകം ലോക ക്ലാസ്സിക്കുകള്‍ കാണുവാന്‍ ഇടയാക്കുകയും ചെയ്തു.

ആയിടക്ക്‌ ചിത്രലേഖ ഫിലിം സൊസൈറ്റി, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച്‌ ഒരു ഫിലിം അപ്രിസിയേഷന്‍ കോഴ്സ്‌ നടത്തിയപ്പോള്‍ കോളേജ്‌ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച്‌ തനിക്കുമാത്രമേ പ്രവേശനം കിട്ടിയുള്ളൂ. ഒരു ഫിലിം വിദ്യാര്‍ത്ഥിയേക്കാള്‍ സിനിമ കാണാനും സിനിമയെക്കുറിച്ച്‌ പഠിക്കുവാനും കഴിഞ്ഞു. ഇതെല്ലാം എന്നിലെ സിനിമാക്കാരനെ വളര്‍ത്തുകയായിരുന്നു. അങ്ങനെയാണ്‌ ‘വിഗ്രഹം’ എന്നുപേരിട്ട ഒരു തിരക്കഥ എഴുതുന്നത്‌.

ഇതുകണ്ട എന്റെ അച്ഛനും സഹോദരങ്ങളും പ്രോത്സാഹിപ്പിക്കുകയും ഒരു സിനിമ നിര്‍മ്മിക്കാന്‍ അവര്‍ തയ്യാറാവുകയും ചെയ്തു. അങ്ങനെ ചെയ്തതാണ്‌ ‘വേട്ട’..

വേട്ടയ്ക്കുശേഷം, നുള്ളിനോവിക്കാതെ, ഇവരെ സൂക്ഷിക്കുക, വര്‍ഷങ്ങള്‍ പോയതറിയാതെ, എക്സ്ക്യൂസ്‌ മീ, ഏത്‌ കോളേജിലാ, സ്പര്‍ശം എന്നിവയാണ്‌ മോഹന്‍രൂപ്‌ ചെയ്തിട്ടുള്ള ചിത്രങ്ങള്‍. ശിവജി, രാജീവ്‌ എന്നീ നടന്‍മാരും ക്യാമറമാന്‍ സാലുജോര്‍ജ്‌, സംഗീത സംവിധായകന്‍ രാജാമണി എന്നിവരും മോഹന്‍രൂപ്‌ സിനിമകളിലൂടെയാണ്‌ രംഗപ്രവേശം ചെയ്തത്‌.

മോഹന്‍ സിത്താരയുടെ ആദ്യത്തെ എവര്‍ഗ്രീന്‍ ഹിറ്റ്‌ ഗാനമാണ്‌ ‘ഇല പൊഴിയും ശിശിരത്തില്‍..’ പ്രേംകുമാര്‍, കലാഭവന്‍ മണി എന്നിവരും ആദ്യമായി നായകവേഷങ്ങളില്‍ വരുന്നതും മോഹന്‍രൂപ്‌ പടങ്ങളിലൂടെയാണ്‌. ഇതിനിടയില്‍ ബന്ധന എന്ന കന്നഡ ചിത്രവും സംവിധാനം ചെയ്യുകയുണ്ടായി.


തിരിച്ചു വരവ്‌ തമിഴ്‌ പടത്തിലൂടെ


അതെ. പുതിയ പ്രമേയങ്ങള്‍ക്കും അഭിനേതാക്കള്‍ക്കും മലയാളത്തേക്കാള്‍ സ്വീകാര്യത തമിഴിലാണ്‌. കഥയേതായാലും നല്ല സിനിമകള്‍ തമിഴ്ജനത രണ്ടുകൈയും നീട്ടി സ്വീകരിക്കാറുണ്ട്‌. മോഹന്‍രൂപിന്റെ  തമിഴ്‌ പടത്തിന്റെ പേര്‌ തൂതുവാന്‍ എന്നാണ്‌. തൃശ്ശൂരിലെ ബിസിനസ്സുകാരായ ശശിധരന്‍ പണിക്കവീട്ടിലും ശങ്കരരാമനും ചേര്‍ന്നാണ്‌ പടം നിര്‍മ്മിച്ചിരിക്കുന്നത്‌.

പുതുമുഖങ്ങളായ ആദിത്യ, ഗൗരി എന്നിവരാണ്‌ നായകനായികമാര്‍. അതുപോലെത്തന്നെ ഈ പടത്തില്‍ ഒരു പുതുമുഖ സംഗീതസംവിധായകനെയും പരിചയപ്പെടുത്തിയിട്ടുണ്ട്‌-, സജിത്‌ സാന്ദ്ര. സിനിമയുടെ രചന മോഹന്‍രൂപ്‌ തന്നെയാണ്‌ നടത്തിയിരിക്കുന്നത്‌. ക്യാമറ ദിലീപ്‌രാമന്‍. പടം ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തും.

ശശിധരന്‍ പണിക്കവീട്ടിലും ശങ്കരരാമനും ചേര്‍ന്നുതന്നെ നിര്‍മിക്കുന്ന മണ്ണില്‍ വീണ മേഘമേ എന്ന തമിഴ്‌ ചിത്രത്തിന്റെ പണിപ്പുരയിലാണ്‌ ഇപ്പോള്‍ മോഹന്‍രൂപ്‌. തൃശ്ശൂര്‍ സ്ഥിരമായി താമസിക്കുന്ന മോഹന്‍രൂപിന്റെ ഭാര്യ പ്രീത. മക്കള്‍: മൃണാള്‍, നിള.

Share on Myspace