Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Vyga Special Feature സരോജ് കുമാറിനും എസ്. കുമാറിനും ആന്റണി പെരുമ്പാവൂരിന്റെ ഭീഷണി

സരോജ് കുമാറിനും എസ്. കുമാറിനും ആന്റണി പെരുമ്പാവൂരിന്റെ ഭീഷണി

E-mail Print PDF

കൊച്ചി: 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍' എന്ന ചിത്രം സൂപ്പര്‍താരങ്ങള്‍ക്കെതിരെ രൂക്ഷപരിഹാസം ഉയര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എസ്.കുമാറിനെ  മോഹന്‍ലാലിന്റെ സന്തതസഹചാരി ആന്റണി പെരുമ്പാവൂര്‍ ഫോണില്‍ ഭീഷണിപ്പെടുത്തി.

ചാനല്‍ ചര്‍ച്ചയില്‍ എസ്.കുമാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീനിവാസന്‍ തിരക്കഥയെഴുതി നായകനായി വേഷമിട്ട് സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് മോശമായ രീതിയില്‍ തന്നോട് സംസാരിച്ചതെന്നും ശ്രീനിവാസനോട് ഇതിനെതിരെ പ്രതികരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതായും എസ്.കുമാര്‍ പറഞ്ഞു.

വേണ്ടിവന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ വച്ച് ശ്രീനിവാസനോട് സാമ്യമുള്ള കഥാപാത്രം ചെയ്ത് താന്‍ പുറത്തിറക്കുമെന്ന് ആന്റണി പറഞ്ഞതായും എസ്.കുമാര്‍ പറഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായ ഉദയനാണ് താരത്തിന്റെ കഥാതുടര്‍ച്ചയാണ് 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍'. സൂപ്പര്‍താരങ്ങള്‍ക്കെതിരെ അതിരുവിട്ട പരിഹാസമാണ് ചിത്രത്തിലുള്ളതെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. എന്നാല്‍ ചിത്രത്തില്‍ ആരെയും ബോധപൂര്‍വം മോശക്കാരനാക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് തിരക്കഥയെഴുതിയ നടന്‍ ശ്രീനിവാസന്‍ പറഞ്ഞു.

ആരെങ്കിലും ഒരാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് അത്ര വലിയ കാര്യമായി തോന്നുന്നില്ലെന്നും അത് കാര്യമാക്കുന്നില്ലെന്നും ശ്രീനിവാസന്‍ ഒരു ചാനലിലൂടെ തന്നെ പ്രതികരിച്ചു. ജനുവരി 14-നാണ് ചിത്രം റിലീസ് ചെയ്തത്. ഉദയനാണ് താരം എന്ന ചിത്രത്തിലെ അതേ ഭാവത്തിലും രൂപത്തിലുമാണ് സരോജ്കുമാറായി ശ്രീനിവാസന്‍ ചിത്രത്തിലുള്ളത്.

മുകേഷ്, ജഗതി ശ്രീകുമാര്‍, സലീംകുമാര്‍ തുടങ്ങി ഉദയനാണ് താരത്തിലെ അതേ കഥാപാത്രങ്ങള്‍ മിക്കവരും ഈ ചിത്രത്തിലുമുണ്ട്. മംമ്തയാണ് ശ്രീനിവാസന്റെ നായികാവേഷത്തില്‍. വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തിലുണ്ട്. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് സരോജ്കുമാര്‍ നിര്‍മ്മിച്ചത്.

സൂപ്പര്‍താരങ്ങളുടെ തൊലിയുരിക്കുന്നതാണ് ചിത്രം. മലയാള സിനിമാമേഖലയുമായി ബന്ധപ്പെട്ട് സമീപകാലത്ത് പുറത്തുവന്ന വാര്‍ത്തകളെയെല്ലാം വക്രീകരിച്ചാണ് സിനിമയിലെ ഓരോ സീനുംതയ്യാറാക്കിയിരിക്കുന്നത്. അടുത്തിടെ നടന്ന താരറെയ്ഡിനിടെ സൂപ്പര്‍താരത്തിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് ആനക്കൊമ്പായിരുന്നുവെങ്കില്‍ സരോജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പോത്തിന്റെ കൊമ്പാണ് കണ്ടെത്തിയത്.

എന്നിട്ടും പിടിച്ചെടുത്തത് ആനക്കൊമ്പാണെന്നു പ്രചരിപ്പിക്കുകയാണ് സരോജ് കുമാര്‍. ചിത്രത്തിലെ ഓരോ സീനും തയ്യാറാക്കിയിരിക്കുന്നത് ഇത്തരത്തിലാണ്.

ഉദയനാണ് താരത്തിലെ സരോജ്കുമാറിനെക്കാള്‍ അഹങ്കാരിയും ധാര്‍ഷ്ട്യക്കാരനുമായാണ് ഇത്തവണ സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ സജിന്‍ രാഘവ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൂപ്പര്‍താരങ്ങളെയും മലയാള സിനിമയിലെ സംഭവവികാസങ്ങളെയും കണക്കിന് വിമര്‍ശിക്കുന്നുണ്ട്.

സൂപ്പര്‍താര ജാഡയെയും ഫാന്‍സ് അസോസിയേഷനുകളെയും കൊന്ന് കൊലവിളിച്ചാണ് ചിത്രം പുരോഗമിക്കുന്നത്.

താരവസതികളിലെ റെയ്ഡ്, ഇംഗ്ലീഷ് സംസാരിക്കുന്ന നടന്‍, ലഫ്റ്റനനന്റ് കേണല്‍ പദവി, അഭിനേതാക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് തുടങ്ങി മലയാള സിനിമയിലെ സമകാലീന സംഭവവികാസങ്ങളെ ആക്ഷേപഹാസ്യ രൂപത്തില്‍ ശ്രീനിവാസന്‍ വരച്ചുകാട്ടിയിട്ടുണ്ട്.

ഉദയഭാനുവിന്റെ ചിത്രം വന്‍വിജയമായി മാറുന്നതോടെ സരോജ്കുമാറിന്റെ താരമൂല്യവും വര്‍ദ്ധിക്കുന്നതിലാണ് ചിത്രം രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. സൂപ്പര്‍ സ്റ്റാറായി മാറിയ സരോജ്കുമാര്‍ പത്മശ്രീ, ഭരത് അവാര്‍ഡ്, ലഫ്റ്റനെന്റ് കേണല്‍ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയെടുക്കുന്നു.

സരോജ് കുമാറിന്റെ സഹായിയായിരുന്ന പച്ചാളം ഭാസി നിര്‍മ്മാതാവായി മാറുന്നു. ആദ്യമാദ്യം വിജയത്തിലേക്ക് കുതിക്കുന്ന സരോജ് കുമാറിന് തിരിച്ചടികളുണ്ടാവുന്നു.

യുവതാരങ്ങള്‍ ഉയര്‍ന്നു വരുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കൊപ്പം അഭിനയിക്കാനെത്തിയ ജൂനിയര്‍ നടനെ സരോജ്കുമാര്‍ തല്ലുന്നു. സംഭവം വിവാദമാകുന്നു. ചിത്രം പുറത്തിറങ്ങുന്നതോടെ ആ ജൂനിയര്‍ നടന്‍ താരപദവിയിലേക്കുയരുന്നു.

പിന്നീട് സരോജ്കുമാറിന്റെ ജീവിതത്തിലെ നിര്‍ണായക സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥാഗതിയെ രസകരമാക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ നിന്നാണ് സിനിമയുടെ തുടക്കം. 'മലയാള സിനിമയുടെ പ്രതിസന്ധി' തന്നെ ചര്‍ച്ചാവിഷയം.

ചര്‍ച്ചയില്‍ പല കാര്യങ്ങള്‍ ഉയരുന്നുണ്ട്. മലയാളിയുടെ കാമഭാവനകളെ തൊട്ടുണര്‍ത്തുന്ന റീമേക്ക് ശ്രമങ്ങള്‍ തുടങ്ങി നടിമാരുടെ വിവാഹവേളകളില്‍ പ്രചരിക്കുന്ന അശ്ലീല എസ് എം എസുകളെപ്പറ്റി ഇതില്‍ പരാമര്‍ശിക്കുന്നു.

തുടര്‍ന്ന് ഒരു സിനിമയുടെ ക്ലൈമാക്‌സ് സീനിലെ സരോജിന്റെ അതിസാഹസിക രംഗങ്ങളാണ് കാണിക്കുന്നത്. നൂറുകണക്കിന് ഗുണ്ടകളെ അടിച്ചിടുകയും ജീപ്പുകളും കാറുകളും പറന്നുപോകുകയുമൊക്കെ ചെയ്യുന്ന സീനിലൂടെ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ വെള്ളിത്തരയിലേക്ക് പറന്നെത്തുകയാണ്.

വയ്‌ക്കെടാ വെടി എന്നാണ് ഈ ചിത്രത്തിന്റെ പേര്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരായ വിമര്‍ശനങ്ങളാണ് പിന്നീട് സിനിമയിലെമ്പാടും. ലഫ്റ്റനന്റ് കേണല്‍ പദവി കിട്ടാനായുള്ള അഭ്യാസങ്ങളും കേണല്‍ പദവി കിട്ടിയതിന് ശേഷം പരേഡിനെത്തുമ്പോള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ചിരി ജനിപ്പിക്കും.

സരോജിന്റെ ഭാര്യാവേഷത്തിലാണ് മംമ്ത അഭിനയിച്ചിരിക്കുന്നത്. എസ് കുമാറിന്റെ ഛായാഗ്രഹണവും ദീപക് ദേവിന്റെ സംഗീതവും മികച്ചതാണ്. ഗാനരംഗങ്ങള്‍ ചിത്രീകരിച്ചതില്‍ സംവിധായകന്റെ കഴിവ് പ്രകടമാണ്.
മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷിക്കാവുന്ന ഒരു സംവിധായകനാണ് സജിന്‍ രാഘവ്. ഉദയനാണ് താരം എന്ന ചിത്രത്തിന്റെയത്ര മികവില്ലെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രം തന്നെയാണ് പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

 

Tags: antony permbavoor, mohan lal, sreenivasan, tug of war

 


Share on Myspace