ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് കേരളസമാജത്തിന്റെ പൂക്കളമത്സരം ശ്രദ്ധേയമായി. ഹെണ്ണൂര്‍ മെയിന്‍റോഡിലെ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ നടത്തിയ മത്സരത്തില്‍ നഗരത്തിന്റെ നാനാഭാഗത്തുനിന്നുള്ള 22 സംഘങ്ങള്‍ പങ്കെടുത്തു. ഷിജി ജോസ്‌ലിനും സംഘവും ഒന്നാംസ്ഥാനം നേടി. വിജയികള്‍ക്ക് കേരളസമാജം എവര്‍റോളിങ് ട്രോഫിയും, 10,000 രൂപ ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. പൂക്കളങ്ങളുടെ മികവ് കണക്കിലെടുത്ത് അഞ്ച് ടീമുകള്‍ക്ക് പ്രത്യേകസമ്മാനങ്ങളും പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. ആര്‍ട്ടിസ്റ്റ് വി.കെ. വിജയന്‍, ബിജോയ് നായര്‍, നിത്യ ദീപക് എന്നിവരടങ്ങിയ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.
നേരത്തേ രാവിലെ നടന്ന ചടങ്ങില്‍ ഫാ. ജോസ് പാറേക്കാട്, സിനിമാതാരം ശ്രീദേവിഉണ്ണി, സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പൂക്കളമത്സരം ഉദ്ഘാടനംചെയ്തു. പി.ഡി. പോള്‍ അധ്യക്ഷതവഹിച്ചു. സമാജം ജന. സെക്രട്ടറി ആര്‍. റെജികുമാര്‍, ട്രഷറര്‍ ഒ.വി. ചിന്നന്‍, ജോ. സെക്രട്ടറി മനു, കള്‍ച്ചറല്‍ സെക്രട്ടറി ജോസ് എ.ആര്‍. സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.