Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today News കടലിലെ വെടിവെപ്പ്: കേരളത്തിന്റെ നിലപാട് ശരിയെന്ന് മുഖ്യമന്ത്രി

കടലിലെ വെടിവെപ്പ്: കേരളത്തിന്റെ നിലപാട് ശരിയെന്ന് മുഖ്യമന്ത്രി

E-mail Print PDF

വെടിവെപ്പ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്ത്: ഇറ്റലി

തിരുവനന്തപുരം: കടലിലെ വെടിവെപ്പ് സംഭവത്തിലെ കേരളത്തിന്റെ നിലപാട് തികച്ചും ശരിയാണെന്നും അതുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  മന്ത്രിസഭായോഗ തീരുമാനം വിശദമാക്കുകയായിരുന്നു അദ്ദേഹം.

ഇറ്റാലിയന്‍ നാവികര്‍  ഇന്ത്യന്‍ നിയമത്തിന് കീഴടങ്ങണമെന്നതാണ് കേരളത്തിന്റെ നിലപാട്. ഒരുതെറ്റും ചെയ്യാത്ത മല്‍സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സാഹചര്യം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യും. ഇതിന്റെ നടപടികള്‍ക്കായി സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങും- മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ നടപടിക്ക് കേന്ദ്രസര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും എസ്.എം കൃഷ്ണയുടെ കര്‍ശന നിലപാടിന് വഴങ്ങിയാണ് ഇറ്റാലിയന്‍ കപ്പല്‍ കീഴടങ്ങിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തി സുരക്ഷയെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ വിപുലമായ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.  മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് എല്ലാ നടപടികളും സ്വീകരിക്കും. സമുദ്ര തീരം   സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തും.

വെടിവെപ്പ് പ്രശ്നത്തില്‍ കര്‍ദ്ദിനാളിന്റെ ഭാഗത്ത് നിന്ന് ഒരു മന്ത്രിമാര്‍ക്കും യാതൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്നും അവര്‍ തന്നെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലാലൂര്‍ മാലിന്യ പ്രശ്നത്തില്‍ പരിഹാരം എന്ന നിലയില്‍ കോള്‍ കൃഷി പാടങ്ങളില്‍ ബണ്ട് നിര്‍മിക്കുന്നതിനും മാലിന്യം തരം തിരിച്ച് ബണ്ടില്‍ നിറച്ച് മണ്ണിട്ട് മൂടുന്നതിനും പി.ഡബ്ല്യൂ ഡിയെ ഏല്‍പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം പരിഗണിച്ച് വേണു നിരാഹാരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കഴിഞ്ഞ ദിവസം വാഗമണില്‍  അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25,000 രൂപയും പരിക്കേറ്റവര്‍ക്ക് 10,000 രൂപയും നല്‍കാന്‍ തീരുമാനിച്ചു. അപകട സ്ഥലത്ത് ക്രാഷ് ബാരിയറും സൈന്‍ ബോര്‍ഡും നിര്‍മിക്കാന്‍ പി.ഡബ്ല്യൂ ഡിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വെടിവെപ്പ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്ത്: ഇറ്റലി

ന്യൂഡല്‍ഹി: രണ്ട് മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്്തുര പറഞ്ഞു.
അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ വിട്ടുകിട്ടുന്നതുമായുള്ള ചര്‍ച്ചകള്‍ക്കായി അഞ്ചംഗ പ്രതിനിധസംഘത്തോടൊപ്പം ന്യൂഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം.

രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സാഹചര്യം അതീവ ദു:ഖകരമാണെന്നും ഇന്നുതന്നെ കേരളത്തിലെത്തി ഇവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശകാര്യസഹന്ത്രി പ്രണീത് കൗറുമായി മിസ്തുര ചര്‍ച്ച നടത്തി. ഇറ്റാലിയന്‍ വിദേശമന്ത്രി ജിയുലിയോ ടെര്‍സിയും അടുത്ത ദിവസം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.

 

Tags: kerala, italian ship

Share on Myspace