ലണ്ടന്‍: ഭക്ഷണമില്ലാതെ രണ്ടുമാസം മഞ്ഞുപൊതിഞ്ഞു കിടന്ന യുവാവ് ജീവിതത്തിലേക്ക്. കാര്‍ അപകടത്തില്‍പ്പെട്ട് ഹിമാപാളികളില്‍ കുടങ്ങിയ 45 കാരനെ അത്യവശ നിലയില്‍ വടക്കന്‍ സ്വീഡനിലാണ് കണ്ടെത്തിയത്. ഡിസംബര്‍ 19നാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടതെന്നു കരുതുന്നു. തീര്‍ത്തും അവശനായതു കൊണ്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
റോഡിലെ മഞ്ഞു നീക്കുന്ന മൊബൈല്‍ സംഘം കാറിന്‍റെ വിന്‍ഡോ ഗ്ലാസ് കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് പെട്ട ആളെ കണ്ടെത്തിയത്.
-30 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള പ്രദേശത്താണ് സംഭവം. മഞ്ഞുരുകുമ്പോള്‍ കിട്ടുന്ന വെള്ളം കുടിച്ചാകാം യുവാവ് ജീവന്‍ നിലനിര്‍ത്തിയതെന്നു കരുതുന്നു. ഭക്ഷണം കഴിച്ചിട്ട് മാസങ്ങളായെന്ന് അവ്യക്ത ശബ്ദത്തില്‍ ഇയാള്‍ പൊലീസിനോടു പറഞ്ഞു.
ഉമിയ യൂനിവേഴ്സിറ്റി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വ്യക്തിയുടെ പേരോ മറ്റു വിവരങ്ങളോ വ്യക്തമല്ല.
അതേസമയം, സംഭവത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് സ്വീഡിഷ് പൊലീസ്. കാറിനകത്തുനിന്ന് ഒരു ബാഗും കിട്ടിയിട്ടുണ്ട്.
സാധാരണഗതിയില്‍ നാലാഴ്ചയില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാതെ തുടരുക സാധ്യമല്ലെന്നും അത്യപൂര്‍വ സംഭവമാണെന്നും ഡോക്റ്റര്‍മാര്‍.



