കൊല്‍ക്കത്ത: സി.പി.എം. പശ്ചിമ ബംഗാള്‍ സെക്രട്ടറിയായി ബിമന്‍ ബോസ് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച ആരംഭിച്ച പ്രതിനിധി സമ്മേളനത്തിന്‍്റെ സമാപന ദിവസമായിരുന്നു തെരഞ്ഞെടുപ്പ്. അഭിപ്രായൈക്യത്തോടെയായിരുന്ന തെരഞ്ഞെടുപ്പെന്ന് പ്രതിനിധികള്‍ പറഞ്ഞു.അന്നത്തെ· സെക്രട്ടറി അനില്‍ ബിശ്വാസിന്‍്റെ നിര്യാണത്തെ തുടര്‍ന്ന് 2006ലാണ് ബിമന്‍ ബോസ് സി.പി.എം പശ്ചിമ ബംഗാള്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അതിനുശേഷം 2008ല്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ രണ്ടാം തവണയും അദ്ദേഹത്തെ· തന്നെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 75 അംഗങ്ങളെയാണ് സമ്മേളനത്തില്‍ വെച്ച് തെരഞ്ഞെടുത്തത്.
അവിവാഹിതനായ ബിമന്‍ ബോസ് പാര്‍ട്ടിയിലേക്ക് വന്നത് വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ കൂടിയാണ്. ധനിക കുടുംബത്തില്‍ ജനിച്ച അദ്ദേഹം സുന്ദരയ്യയുടെ നിര്‍ദ്ദേശ പ്രകാരം വീടുപേക്ഷിച്ച് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. അന്ന് തൊട്ടു ഇന്നേ വരെ അദ്ദേഹത്തിന്റെ വാസ സ്ഥലം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് തന്നെയാണ്.
മൊത്തം 83 പേരാണ് സംസ്ഥാന കമ്മിറ്റിയിലുണ്ടാകുക. അതില്‍ 75 പേരെ സമ്മേളനം തിരഞ്ഞെടുത്തു. ബാക്കി എട്ടുപേരെ പിന്നീട് തീരുമാനിക്കും. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ആരെന്നു നിശ്ചയിച്ചിട്ടില്ല. പുതിയ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുക്കുന്നത് വരെ നിലവിലുള്ളവര്‍ തന്നെ ചുമതലയില്‍ തുടരും.
പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള 175 പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. കാന്തി ബിശ്വാസ് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി. അഞ്ചുപേരുള്ള കണ്‍ട്രോള്‍ കമ്മീഷനെയും തിരഞ്ഞെടുത്തു. നിലവിലുള്ള സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാക്കിയ മുന്‍ സ്പീക്കര്‍ ഹാഷിം അബ്ദുല്‍ ഹാലിം, ബിനോയ് കോനാരടക്കം എട്ടു പേരെ ഹോനോററി അംഗങ്ങളായി പരിഗണിക്കും.
വിവിധ കേസ്സുകളില്‍ പ്രതിയും ഒളിവിലുമുള്ള ഹാള്‍ദിയയിലെ കരുത്തനായ നേതാവ് ലഖന്‍ സേട്ട്, ഹൂഗ്ലിയിലെ അനില്‍ ബാസ് എന്നിവരെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അസ്ഥികൂട കേസ്സില്‍ പ്രതിയായി ജയിലിലായിരുന്ന പശ്ചിമ മേദിനിപ്പൂരിലെ എം.എല്‍.എ കൂടിയായ സുശാന്തോ ഘോഷിനെ കമ്മിറ്റിയിലെടുത്തിട്ടില്ല. പ്രതിനിധികളില്‍ പലരും അദ്ദേഹത്തിന് വേണ്ടി വാദിച്ചെങ്കിലും അവസാനം അദ്ദേഹത്തിന്റെ പേര്‍ പരിഗണിച്ചില്ല.
പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാരെയും ഈ സമ്മേളനത്തില്‍ തന്നെ തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയില്‍ നിന്നു ഒഴിവായ ബിനോയ് കൊനാര്‍ വികാര നിര്‍ഭരമായി സംസാരിച്ചു.
മുന്‍ സ്പീക്കര്‍ ഹാഷിം അബ്ദുല്‍ ഹാലിം സമ്മേളനം തീരുന്നതിനു മുമ്പ് തന്നെ സ്ഥലം വിട്ടിരുന്നു. ഞായറാഴ്ച ബ്രിഗേഡ് പരേഡ് മൈതാനത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിമന്‍ ബോസ്, പ്രകാശ് കാരാട്ട്, ബുദ്ധദേബ്, സുര്യകാന്തോ മിശ്ര എന്നിവര്‍ സംസാരിക്കും.
Tags: Biman bose, CPM state secretary



