Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today Hot Issue ജയഗീത സംഭവം: ടി.ടി.ഇമാരുടെ സസ്‌പെന്‍ഷന്‍ പിന്‍‌വലിച്ചു

ജയഗീത സംഭവം: ടി.ടി.ഇമാരുടെ സസ്‌പെന്‍ഷന്‍ പിന്‍‌വലിച്ചു

E-mail Print PDF

ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക സേന

തിരുവനന്തപുരം: കവയിത്രിയും പ്‌ളാനിംഗ്‌ ബോര്‍ഡ്‌ റിസര്‍ച്ച്‌ ഓഫീസറുമായ ജയഗീതയോട്‌ തീവണ്ടിയില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ജാഫര്‍, പ്രവീണ്‍ എന്നീ ടി.ടി.ഇമാരെ സസ്‌പെന്‍ഡ്‌ ചെയ്‌ത നടപടി റെയില്‍വേ പിന്‍വലിച്ചു.

ഇരുവര്‍ക്കുമെതിരെ ജയഗീത നല്‍കിയ പരാതി നിലനില്‍ക്കുന്നതല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ റെയില്‍വേയുടെ നടപടി. ഫസ്റ്റ് ക്ലാസ് സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിയ യാത്രക്കാരിയോട് മാറാന്‍ ആവശ്യപ്പെടുകമാത്രമായിരുന്നുവെന്ന് ടി.ടി.ഇമാര്‍ വിശദീകരണം നല്‍കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റില്‍ ട്രെയിനില്‍ വച്ചും പിന്നീട്‌ കൊല്ലം ജംഗ്ഷനില്‍ വച്ചുമാണ്‌ ടി.ടി.ഇമാരില്‍ നിന്ന്‌ ജയഗീതയ്ക്ക്‌ അപമാനകരമായ പെരുമാറ്റം നേരിടേണ്ടി വന്നത്‌.
ജയഗീതയും ഭര്‍ത്താവ്‌ അഡ്വ. ശിവപ്രസാദും കഴിഞ്ഞി ദിവസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടി.ടി.ഇമാര്‍ക്കെതിരെ റെയില്‍വേ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നു.

ടി.ടി.ഇമാര്‍ അശ്ലീലച്ചുവയുള്ള കമന്റുകള്‍ പറയുകയും എ.സി കൂപ്പയില്‍ ചെന്നിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായാണ് ജയഗീത പരാതിപ്പെട്ടത്.

പല സീറ്റുകളിലും മാറിമാറി ഇരിക്കാന്‍ ടി.ടി.ഇ.മാര്‍ ആവശ്യപ്പെട്ടു. താന്‍ പ്രതികരിച്ചപ്പോള്‍ തെറിവിളിച്ചുകൊണ്ടാണ് ടി.ടി.ഇ.മാര്‍ അതിനെ നേരിട്ടതെന്ന് ജയഗീത പരാതിയില്‍ പറഞ്ഞിരുന്നു.

ഫസ്റ്റ് ക്ലാസ് സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിയ യാത്രക്കാരിയോട് മാറാന്‍ ആവശ്യപ്പെടുകമാത്രമായിരുന്നുവെന്ന് ടി.ടി.ഇമാര്‍ വിശദീകരണം നല്‍കിയിരുന്നു.

 

ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക സേന

പാലക്കാട്‌: ട്രെയിനില്‍ വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന്‌ കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ്‌ ത്രിവേദി പറഞ്ഞു. വനിതായാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടി റെയില്‍വേ പോലീസിന്റെ പ്രത്യേക സേനയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ പോലീസിനെയായിരിക്കും സുരക്ഷയ്ക്കായി നിയോഗിക്കുക. സംസ്ഥാന പോലീസിന്റെ സഹകരണത്തോടെയായിരിക്കും ഇതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക സാങ്കേതിക വിദ്യയോടെയുള്ള കോച്ച്‌ ഫാക്‌ടറി ആണു കഞ്ചിക്കോട്ട്‌ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോച്ച്‌ ഫാക്‌ടറിക്കു പുറമെ നിരവധി പദ്ധതികള്‍ കഞ്ചിക്കോട്ടു കൊണ്ടു വരുമെന്നും മന്ത്രി അറിയിച്ചു.

വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക്‌ റെയില്‍വേ പ്രത്യേക പരിഗണന നല്‍കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടന ചടങ്ങില്‍ ആവശ്യപ്പെട്ടു. കോച്ച്‌ ഫാക്‌ടറിയുടെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണ്‌. പ്രതിപക്ഷ നേതാവ്‌ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്‌ നിര്‍ഭാഗ്യകരമാണ്‌.

മുഖ്യമന്ത്രിയെ ക്ഷണിച്ചപോലെ തന്നെയാണു പ്രതിപക്ഷ നേതാവിനെയും റെയില്‍വേ ക്ഷണിച്ചത്‌. തെറ്റിദ്ധാരണ മൂലമാണ്‌ വി.എസ്‌ ചടങ്ങിനു വരാത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

റെയില്‍വേ സഹമന്ത്രി കെ.എച്ച്. മുനിയപ്പ, മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം.പി. മാരായ എം.ബി. രാജേഷ്, കെ.ഇ. ഇസ്മയില്‍, ഷാഫി പറമ്പില്‍ എം.എല്‍.എ. തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. അലുമിനിയം കോച്ചുകള്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ ഫാക്ടറിയാണ് കഞ്ചിക്കോട് സ്ഥാപിക്കുന്നത്.

550 കോടിയാണ് മുതല്‍മുടക്ക്. ആഗോള ടെണ്ടര്‍വഴി വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കോച്ചുകള്‍ നിര്‍മിക്കുക.

പുതുശ്ശേരി വെസ്റ്റ്‌വില്ലേജില്‍ സംസ്ഥാനം ഏറ്റെടുത്തുനല്‍കിയ 239ഏക്കര്‍സ്ഥലത്താണ് ഫാക്ടറി സ്ഥാപിക്കുന്നത്.

 

Tags: M.R jayageetha, poet

Share on Myspace