കൊച്ചി: കേരള തീരക്കടലില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ സംശയിക്കുന്ന ഇറ്റലിക്കാരായ രണ്ടു നാവികര്‍ ഇന്നു രാവിലെ എട്ടു മണിക്കകം കീഴടങ്ങണമെന്നു പൊലീസ് ഇറ്റാലിയന്‍ ചരക്കു കപ്പലിന്‍റെ ക്യാപ്റ്റന് അന്ത്യശാസനം നല്‍കി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍, കൊല്ലം കമ്മിഷണറുടെ ചുമതലയുള്ള എസ്പി സാം ക്രിസ്റ്റി ഡാനിയല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി വൈകി കപ്പലിലെത്തിയാണു മുന്നറിയിപ്പു നല്‍കിയത്.
അല്ലാത്തപക്ഷം ഇവരെ ബലംപ്രയോഗിച്ച് കസ്റ്റഡിയെടുക്കുമെന്നാണ് സൂചന. പ്രശ്‌നത്തിന് അന്തര്‍ദേശീയ മാനം ഉള്ളതിനാല്‍ വളരെ കരുതലോടെയാണ് നടപടികള്‍. പ്രശ്‌നത്തില്‍ കേരളസര്‍ക്കാരിന്റെ നിലപാട് കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ജീവനക്കാരെ ചോദ്യംചെയ്യാന്‍ തടസ്സമില്ലെന്നാണ് കപ്പലധികൃതര്‍ പോലീസിനെ അറിയിച്ചിട്ടുള്ളത്. രേഖകള്‍ കൈമാറുന്നതിനും വിരോധമില്ലെന്ന് അറിയിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട് ഇറ്റലിയിലും കേസെടുത്തിട്ടുണ്ട്.
സഹകരിച്ചില്ലെങ്കില്‍ നിയമപരമായ ശക്തമായ നടപടി സ്വീകരിക്കും. സംശയിക്കുന്ന രണ്ട് നാവികരെ കൈമാറാമെന്നു ക്യാപ്റ്റന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്- സിറ്റി പൊലീസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാര്‍ പിന്നീടു മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
കപ്പല്‍ കസ്റ്റഡിയിലല്ലെങ്കിലും കേരള പൊലീസിന്‍റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വെടിവച്ചുവെന്നു സംശയിക്കുന്ന രണ്ട് നാവികരുടെ പേരുവിവരങ്ങളോ മറ്റു വിശദാംശങ്ങളോ പുറത്തു വിടാന്‍ പൊലീസ് തയാറായില്ല. കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും ചോദ്യം ചെയ്യുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. കപ്പല്‍ അരിച്ചുപെറുക്കി പരിശോധനയുമുണ്ടാകും.
കുറ്റം സമ്മതിക്കാനോ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തമേല്‍ക്കാനോ കപ്പലിലുള്ളവര്‍ നാലുദിനമായിട്ടും തയാറായിരുന്നില്ല. ഏറെ സമ്മര്‍ദമുയര്‍ന്നിട്ടും പ്രതികളുടെ അറസ്റ്റിന് കപ്പലിന്‍റെ ക്യാപ്റ്റനും ഇറ്റലി എംബസിയുടെ അധികൃതരും വഴങ്ങുന്നില്ലെന്നു വ്യക്തമായതോടെയാണ് പൊലീസ് അന്ത്യശാസനവുമായി എത്തിയത്.
അറസ്റ്റ് വൈകുന്നതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കു രാഷ്ട്രീയമായി പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അഡ്വക്കറ്റ് ജനറലുമായും പൊലീസ് മേധാവികളുമായും ഇന്നലെ രാവിലെ ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികളുടെ അറസ്റ്റുണ്ടാകുമെന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
കേന്ദ്ര--സംസ്ഥാന ഭരണത്തിലെ വിവിധതലങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് എന്‍ റിക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിന്‍റെ ക്യാപ്റ്റനുമായി പൊലീസ് ഇന്നലെ രാത്രി സംസാരിച്ചത്. നാലു ദിവസമായിട്ടും കപ്പലില്‍ കടന്നു കൂടുതല്‍ പരിശോധന നടത്താന്‍ കേരള പൊലീസിനു കഴിഞ്ഞിരുന്നില്ല.
പലവട്ടം പൊലീസ് കമ്മിഷണര്‍ കപ്പലില്‍ എത്തിയെങ്കിലും ക്യാപ്റ്റനോ ജീവനക്കാരോ കാര്യമായി സഹകരിച്ചില്ല. ഇന്നലെ രാവിലെ എഡിജിപി ചന്ദ്രശേഖറും കപ്പലിലെത്തി. എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടായില്ല. പിന്നീട് ഇറ്റലി എംബസിയുടെയും അവരുടെ നാവകസേനയുടെയും പ്രതിനിധികളുമായി എഡിജിപിയും കമ്മിഷണറും ചര്‍ച്ച നടത്തിയെങ്കിലും പ്രതികള്‍ കീഴടങ്ങാനോ അറസ്റ്റിനു സമ്മതിക്കാനോ കൂട്ടാക്കിയില്ല.
എന്നാല്‍, രാജ്യത്തെ നിയമം തന്നെയാണ് ഈ പ്രതികള്‍ക്കെതിരേ ചുമത്തുന്നതെന്നും അറസ്റ്റ് ഏതുനിമിഷവും ഉണ്ടാകുമെന്നും ഡിജിപി ജേക്കബ് പുന്നൂസ് ഡല്‍ഹിയില്‍ വ്യക്തമാക്കിയതോടെ നടപടി ഉറപ്പായി.
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കീഴടങ്ങാന്‍ ഇറ്റാലിയന്‍ കപ്പലായ 'എന്റിക ലെക്‌സി'യിലെ രണ്ട് നാവിക ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് അന്ത്യശാസനം നല്‍കി. ഞായറാഴ്ച രാവിലെ എട്ട് മണിക്കകം വെടിവെച്ചവര്‍ കീഴടങ്ങണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാര്‍ കപ്പലിലെത്തി ആവശ്യപ്പെട്ടു. രാത്രി പതിനൊന്നരയോടെയാണ് കമ്മീഷണര്‍ എത്തി ക്യാപ്ടനും ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലിനും അന്ത്യശാസനം നല്‍കിയത്.
കപ്പല്‍ കേരള തീരത്തു നിന്ന് എത്ര ദൂരത്തിലാണ് സഞ്ചരിച്ചതെന്നതിനെപ്പറ്റി ആശയക്കുഴപ്പമുണ്ട്. കപ്പല്‍ അന്തര്‍ദേശീയ പാതയിലായിരുന്നതിനാല്‍ കേരള പോലീസ് നടപടികള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടില്‍ തന്നെയാണ് കപ്പല്‍ അധികൃതര്‍.
ഇറ്റാലിയന്‍ പ്രതിരോധ വകുപ്പിലെയും നേവിയിലെയും നാല് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച ഇറ്റലിയില്‍ നിന്നെത്തി സിറ്റി പോലീസ് കമ്മീഷണറെ കണ്ടിരുന്നു. ഇവര്‍ കപ്പല്‍ജീവനക്കാരുമായും ആശയവിനിമയം നടത്തി.
ഇറ്റാലിയന്‍ സര്‍ക്കാര്‍ തീരുമാനമറിയിക്കുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് കപ്പല്‍ അധികൃതരുടെ നീക്കം. കപ്പല്‍ എത്ര ദൂരത്തിലാണ് സഞ്ചരിച്ചിട്ടുള്ളതെന്നറിയാനുള്ള വോയേജ് ചാര്‍ട്ട് പോലീസ് ഇറ്റാലിയന്‍ കപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ സ്വീകരിക്കുന്ന നിയമ നടപടികളുടെ സാധുത കോടതി വിലയിരുത്തട്ടേ എന്ന നിലപാടിലാണ് പോലീസ്.



