Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Today Hot Issue ഡല്‍ഹിയിലേതു ഭീകരാക്രമണം: ചിദംബരം

ഡല്‍ഹിയിലേതു ഭീകരാക്രമണം: ചിദംബരം

E-mail Print PDF

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രേലി എംബസി കാറിലുണ്ടായ സ്ഫോടനം ഭീകരാക്രമണം തന്നെയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം. വിദഗ്ധ പരിശീലനം നേടിയവരാണു സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. സംഭവത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ സുരക്ഷ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ആഭ്യന്തരമന്ത്രി ഇക്കാര്യമറിയിച്ചത്.

ബൈക്കിലെത്തിയ ഒരാള്‍ തനിച്ചാണ് ആക്രമണം നടത്തിയത്. സംഭവം നടന്ന പ്രദേശത്തു സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ബൈക്കിലെത്തിയ ആളുടെ ദൃശ്യം സിസിടിവിയില്‍ വ്യക്തമല്ല. കുറ്റവാളികളെ പിടികൂടുന്നതു വരെ അന്വേഷണം തുടരുമെന്ന് ഇസ്രയേലിന് ഉറപ്പു നല്‍കുന്നതായി സംഭവത്തെ അപലപിച്ചുകൊണ്ട് ചിദംബരം പറഞ്ഞു.

സ്ഫോടനത്തില്‍ പരുക്കേറ്റ ഇസ്രേലി ഡിഫന്‍സ് അറ്റാഷെയുടെ ഭാര്യയും എംബസി ഉദ്യോഗസ്ഥയുമായ താല്‍ യെഹോഷുവ തന്നെയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആക്രമണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു പേരുടെ വിവരങ്ങള്‍ ഇസ്രയേല്‍ ഇന്ത്യക്കു കൈമാറി. ഇവര്‍ക്കു വേണ്ടിയുളള അന്വേഷണം ഡല്‍ഹി പൊലാസ് ഊര്‍ജിതമാക്കി.

ഇന്നലെ അതീവ സുരക്ഷാ മേഖലയായ ഔറംഗസേബ് റോഡില്‍ , പ്രധാനമന്ത്രിയുടെ വസതിക്കരികെ, പെട്രോള്‍ പമ്പിനു സമീപമാണു ഇസ്രേലി എംബസിയുടെ കാര്‍ സ്ഫോടനത്തില്‍ തകര്‍ന്നത്.

ഇസ്രേലി സംഘം ഇന്ത്യയിലെത്തി

ഡല്‍ഹിയില്‍ ഇസ്രേലി എംബസി കാറിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇസ്രേലി സംഘം ഇന്ത്യയിലെത്തി.

ഇസ്രേലി രഹസ്യാന്വേഷണ വിഭാഗമായ മൊസാദിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് എത്തിയത്.

സംഭവത്തില്‍ അന്വേഷണം നടത്തുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കു വേണ്ട സഹായം നല്‍കുകയാണു ലക്ഷ്യം. സ്ഫോടനത്തില്‍ സംശയിക്കുന്നവരുടെ പട്ടിക ഇസ്രയേല്‍ ഇന്ത്യക്കു കൈമാറി. രണ്ടു പേരുടെ പേരുവിവരങ്ങള്‍ കൈമാറിയെന്നും റിപ്പോര്‍ട്ട്.

അതേസമയം ഡല്‍ഹിയിലെ സുരക്ഷ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്‍റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ ഉള്‍പ്പെടെയുളളവര്‍ യോഗത്തില്‍ പങ്കെടുത്തു.

സംഭവത്തിനു പിന്നില്‍ ഇറാനാണെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച ഇറാന്‍ ഇസ്രേലിന്‍റെ കരങ്ങള്‍ തന്നെയാണു സംഭവങ്ങള്‍ക്കു പിന്നിലെന്നു പ്രത്യാരോപണം ഉന്നയിക്കുകയും ചെയ്തു. ഇന്ത്യ- ഇറാന്‍ ബന്ധം തകര്‍ക്കുകയാണു ഇസ്രേലിന്‍റെ ഉദ്ദേശ്യമെന്നും തുറന്നടിച്ചു.

അതേസമയം സ്ഫോടനത്തില്‍ പരുക്കേറ്റ ഇസ്രേലി ഡിഫന്‍സ് അറ്റാഷെയുടെ ഭാര്യയും എംബസി ഉദ്യോഗസ്ഥയുമായ താല്‍ യെഹോഷുവയുടെ നില ഗുരുതരമായി തുടരുന്നു.

ഇന്നലെ അതീവ സുരക്ഷാ മേഖലയായ ഔറംഗസേബ് റോഡില്‍ , പ്രധാനമന്ത്രിയുടെ വസതിക്കരികെ, പെട്രോള്‍ പമ്പിനു സമീപമാണു ഇസ്രേലി എംബസിയുടെ കാര്‍ സ്ഫോടനത്തില്‍ തകര്‍ന്നത്.

ബൈക്കിലെത്തിയ രണ്ടു പേര്‍ കാറില്‍ സ്ഫോടക വസ്തു ഘടിപ്പിച്ചതാകാമെന്നു പൊലീസ്. സ്ഫോടക വസ്തു വിദേശ നിര്‍മിതമാണെന്നാണു പ്രാഥമിക നിഗമനം.

Share on Myspace