ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ നിന്ന് കൊച്ചിയിലേക്ക് ജര്‍മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സ നേരിട്ടുള്ള വിമാന സര്‍വീസ് മാര്‍ച്ച് 15 ന് ആരംഭിക്കും. എയര്‍ബസ് 340 സീരീസ് എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുക. ഇരുനൂറിലധികം യാത്രക്കാര്‍ക്കു സീറ്റ് സൗകര്യമുണ്ട്.
ഫിലാഡല്‍ഫിയയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ഫ്‌ളൈറ്റ് എല്‍എച്ച് 427ഉം ഫിലാഡല്‍ഫിയയിലേക്കുള്ള ഫ്‌ളൈറ്റ് എല്‍എച്ച് 426 ഉം ആണ്. ഫ്‌ളൈറ്റ് വൈകുന്നേരം 5.50ന് പുറപ്പെടും. ഫ്രാങ്ക്ഫര്‍ട്ടില്‍ അവിടുത്തെ സമയം രാവിലെ 7.55ന് എത്തും. ഒന്നര മണിക്കൂറിനുശേഷം കൊച്ചിയ്ക്കുള്ള വിമാനം പറക്കും. കൊച്ചിയില്‍ നിന്നുള്ള മടക്കവിമാനം ഫിലാഡല്‍ഫിയയില്‍ വൈകുന്നേരം 4.10ന് എത്തും.
ഫിലാഡല്‍ഫിയയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിനു വേണ്ടി മാധ്യമ പ്രവര്‍ത്തകരായ വിന്‍സന്റ് ഇമ്മാനുവലും ജോര്‍ജ് നടവയലും ഫിലഡല്‍ഫിയ മേയര്‍ മൈക്കിള്‍ നട്ടറിന് നിവേദനം സമര്‍പ്പിച്ചിരുന്നു. ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക (ഓര്‍മ) മുന്‍ നാഷനല്‍ പ്രസിഡന്റ് സിബിച്ചന്‍ ചെംപ്ലായില്‍, ഇപ്പോഴത്തെ നാഷനല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം, ന്യൂജഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് ജിബി തോമസ്, മുന്‍ നാഷനല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, ജോര്‍ജ് ഇടിക്കുള എന്നിവര്‍ അമേരിക്കയിലെ മലയാളികളില്‍ നിന്ന് ഇന്റര്‍നെറ്റിലൂടെ ഭീമ ഹര്‍ജി സമാഹരിച്ച് ഈ ദൗത്യവുമായി ഏറെ മുന്നോട്ടു പോയിരുന്നു.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൂടി പരിഗണിക്കുന്ന വിധത്തിലായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇപ്പോള്‍ മുംബൈ, ഗള്‍ഫ്, കൊളംബോ വിമാനത്താവളങ്ങള്‍ വഴിയാണ് യൂറോപ് - അമേരിക്കന്‍ സെക്ടറുകളിലേക്ക് പോകുന്നത്.
ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ ഏഷ്യാ - പസഫിക് റീജന്‍ മാനേജര്‍ ആക്‌സില്‍ ഹില്‍ഗ്രിസ് നെടുമ്പാശേരിയില്‍ സിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതു സംബന്ധിച്ച മാര്‍ക്കറ്റ് സര്‍വേ പൂര്‍ത്തിയായതായി ലുഫ്താന്‍സ സംഘം അറിയിച്ചു.
കേരളത്തില്‍ നിന്ന് വര്‍ഷത്തില്‍ 1,68,000 മലയാളികള്‍ യൂറോപ്പിലേക്കും 92,000 പേര്‍ അമേരിക്കയിലേക്കും പോകുന്നുണ്ട്. ലുഫ്താന്‍സ ഹൈദരാബാദ് ഫ്‌ളൈറ്റ് റദ്ദാക്കിയായിരിക്കും കൊച്ചി സര്‍വീസ് തുടങ്ങുന്നത്.
.
Saturday, May 19th
Last update:07:30:51 AM GMT
Headlines:
