മാന്നാര്‍: മത്‌സര ഓട്ടത്തിനിടെ യാത്രക്കാര്‍ ഇറങ്ങും മുന്‍പ് മുന്നോട്ടെടുത്ത സ്വകാര്യ ബസിന്റെ പിന്‍ചക്രങ്ങള്‍ കാലിലൂടെ ഗര്‍ഭിണിയുടെ കാലിലൂടെ കയറിയിറങ്ങി.ചെന്നിത്തല ഇരമത്തൂര്‍ കുറ്റിയില്‍ വടക്കതില്‍ അജിത്തിന്റെ ഭാര്യ സന്ധ്യ(27)യ്ക്കാണ് പരിക്കേറ്റത്. മാന്നാര്‍ സ്‌റ്റോര്‍ ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.
തിരുവല്ലയില്‍ പോയി ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്നു സന്ധ്യ. മുന്‍പേ പോയ കെ.എസ്.ആര്‍.ടി.സി ബസിനെ ഓവര്‍ടേക്ക് ചെയ്യാനായി സ്വകാര്യബസുകളായ തൈശേരിയും ബെറ്റ്‌സിമോനും മത്‌സരിച്ചു.
ഇതിനിടെ സ്‌റ്റോര്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന തൈശേരി ബസ് മറികടക്കാതിരിക്കാന്‍ ഇവിടെ വച്ച് ബെറ്റ്‌സിമോന്‍ റോഡിന്റെ മദ്ധ്യഭാഗത്ത് നിര്‍ത്തി ആളെയിറക്കി. ഇതിനിടെ തൈശേരി ബസ് മുന്നോട്ടുവരുന്നതുകണ്ട് ബെറ്റ്‌സിമോനും ബല്ലടിക്കുന്നതിന് മുന്‍പ് വണ്ടി മുന്നോട്ടെടുക്കുകയായിരുന്നു.
ഈ ബസിലെ യാത്രക്കാരിയായിരുന്നു സന്ധ്യ. പുറത്തേയ്ക്ക് ഇറങ്ങുന്ന സമയത്താണ് ബസ് മുന്നോട്ടെടുത്തത്. സെക്കന്‍ഡുകള്‍ക്കുള്ളി സന്ധ്യയുടെ കാലിലൂടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.
സംഭവം അറിഞ്ഞ് അവിടെയെത്തിയ മാന്നാര്‍ സി.ഐ മനോജ് കബീര്‍ ജീപ്പില്‍ പിന്‍തുടര്‍ന്ന് ബസുകള്‍ നിര്‍ത്തിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിക്കേണ്ടെന്നുകരുതി ട്രിപ്പുകള്‍ പോകാന്‍ അനുവദിച്ചു. ഇരു ബസ്‌സുകളിലെയും ജീവനക്കാരെയും ഇന്ന് സ്‌റ്റേഷനില്‍ വിളിപ്പിച്ചിട്ടുണ്ട്.



