ഹാമില്‍ട്ടണ്‍: ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകളില്‍ പലതും സ്വന്തം പേരിലാക്കിയ റിച്ചാര്‍ഡ് ലെവിയുടെ മികവില്‍ ന്യൂസിലന്‍ഡിനെതിരേ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് വിജയം. ഓപ്പണറായിറങ്ങിയ ലെവി (പുറത്താകാതെ 117) 45 പന്തില്‍ സെഞ്ചുറി നേടി.
ഏറ്റവും വേഗത്തില്‍ നേടുന്ന ടി20 സെഞ്ചുറി, ഏറ്റവും കൂടുതല്‍ സിക്സറുകളടങ്ങിയ (13) ഇന്നിങ്സ് എന്നീ റെക്കോഡുകള്‍ക്കൊപ്പം അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ ടോപ് സ്കോററെന്ന പദവിയും ലെവിക്കു സ്വന്തം. ടോപ് സ്കോറിന്‍റെ റെക്കോഡ് വെസ്റ്റിന്‍ഡീസ് {jcomments on} ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ലിനൊപ്പം പങ്കുവയ്ക്കുകയാണ്.
ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. നാല് ഓവറുകള്‍ ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 174 റണ്‍സിലെത്തി ദക്ഷിണാഫ്രിക്ക. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1ല്‍.
50 പന്തില്‍ സെഞ്ചുറി തികച്ച ബ്രെണ്ടന്‍ മക്കല്ലത്തിന്‍റെയും ക്രിസ് ഗെയ്ലിന്‍റെയും പേരിലുണ്ടായിരുന്ന വേഗതയാര്‍ന്ന സെഞ്ചുറിയുടെ റെക്കോഡാണ് ലെവി തകര്‍ത്തത്.
പത്ത് സിക്സറുകള്‍ നേടിയ ഗെയ്ലിന്‍റെ ഇന്നിങ്സാണ് സിക്സറുകളുടെ റെക്കോഡ് ഇതുവരെ കൈയടക്കിവച്ചിരുന്നത്. 2007ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഗെയ്ല്‍ 117 റണ്‍സ് നേടിയത്.
35 പന്തില്‍ 47 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് കിവീസ് ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരില്‍ 36 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ് ലെവിക്ക് പിന്തുണയേകി.
2 വിക്കറ്റിന് 41 എന്ന നിലയില്‍ തകര്‍ന്ന ശേഷമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 51 പന്ത് നേരിട്ട ലെവി അഞ്ച് ഫോറുകളും പേരിലാക്കിയിരുന്നു.



