Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Sports ക്യാപ്ടന്‍ കൂളിലൂടെ ഇന്ത്യയ്ക്ക്‌ നാടകീയ ജയം

ക്യാപ്ടന്‍ കൂളിലൂടെ ഇന്ത്യയ്ക്ക്‌ നാടകീയ ജയം

E-mail Print PDF

അഡ്ലയ്ഡ്‌: കൂള്‍ ക്യാപ്റ്റന്‍; ധോണി ഒരിക്കല്‍ക്കൂടി തെളിയിച്ചു. അവസാന ഓവറില്‍ സിക്സര്‍ പറത്തി നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി ഓസീസിനെതിരെ ഇന്ത്യയ്ക്ക്‌ നാടകീയ ജയം സമ്മാനിച്ചു.

270 റണ്‍സ്‌ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക്‌ അവസാന ഓവറില്‍ വേണ്ടിയിരുന്നത്‌ 13 റണ്‍സ്‌. അശ്വിനും ധോണിയും ക്രീസില്‍. മൂന്ന്‌ വിക്കറ്റ്‌ വീഴ്ത്തി മികച്ച ഫോമില്‍ നില്‍ക്കുന്ന ക്ലിന്റ്‌ മക്കെയെ ഓസീസ്‌ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ ബോള്‍ ഏല്‍പ്പിച്ചു.

തുടക്കത്തില്‍ തപ്പിത്തടഞ്ഞ്‌ പഴികേട്ടുനിന്ന ധോണിയില്‍ കടുത്ത ആരാധകര്‍ പോലും പ്രതീക്ഷയര്‍പ്പിച്ചുകാണില്ല. എന്നാല്‍ മൂന്നാം പന്തില്‍ സിക്സര്‍ പറത്തി ധോണികത്തിക്കയറി. അടുത്ത ബോള്‍ നോബോള്‍ കൂടി ആയതോടെ ജയം എളുപ്പമായി. രണ്ടു പന്തുകള്‍ ശേഷിക്കെ ഇന്ത്യയ്ക്ക്‌ നാലുവിക്കറ്റിന്റെ നാടകീയ ജയം.

ഓപ്പണര്‍ ഗൗതം ഗംഭീറാണ്‌ ഇന്ത്യയുടെ വിജയത്തിന്‌ അടിത്തറ പാകിയത്‌. മികച്ച രീതിയില്‍ തുടങ്ങിയ ഗംഭീറും സെവാഗും മെല്ലെ സ്കോറുയര്‍ത്തി. സ്കോര്‍ 52 ല്‍ വച്ച്‌ സെവാഗിനെ (20) നഷ്ടപ്പെട്ടെങ്കിലും ഗംഭീര്‍ മികച്ച ഫോമില്‍ തന്നെയായിരുന്നു. സെഞ്ച്വറിയിലേക്ക്‌ കുതിക്കുകയായിരുന്ന ഗംഭീറിനെ എട്ടുറണ്‍സകലെ വച്ച്‌ എല്‍ബിയില്‍ കുരുക്കി ക്ലിന്റ്‌ മെക്കെ പറഞ്ഞയക്കുകയായിരുന്നു.

111 പന്തില്‍ നിന്നു ഏഴ്‌ ഫോറിന്റെ അകമ്പടിയോടെ 92 റണ്‍സെടുത്ത ഗംഭീര്‍ സെഞ്ച്വറി അര്‍ഹിച്ചിരുന്നു. പ്രതീക്ഷയുമായിറങ്ങിയ കോലി (18) പെട്ടെന്നുതന്നെ ക്രീസ്‌വിട്ടു. സുരേഷ്‌ റെയ്നയും (38) രോഹിത്‌ ശര്‍മ്മയും (33) തുടക്കത്തിലെ പ്രതിരോധത്തിനു ശേഷം വിക്കറ്റ്‌ വലിച്ചെറിഞ്ഞ്‌ മടങ്ങിയത്‌ ഇന്ത്യയ്ക്ക്‌ തിരിച്ചടിയായി. 76 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ രോഹിത്‌- ഗംഭീര്‍ സഖ്യം നേടിയത്‌.

നിര്‍ണ്ണായക നിമിഷത്തില്‍ ക്രീസിലെത്തിയ ധോണിയുടെ ഇന്നിംഗ്സ്‌ തുടക്കം മുതല്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു.സ്ട്രൈക്ക്‌ റേറ്റ്‌ അന്‍പതിലും താഴെയായി ചിലപ്പോഴൊക്കെ. 47- ാ‍ം ഓവറില്‍ റെയ്നയെ നഷ്ടപ്പെടുമ്പോള്‍ ഒരു വേള വിജയം അസാധ്യമെന്ന്‌ തോന്നിച്ചു. 49-ാ‍ം ഓവറില്‍ 12 റണ്‍സെടുത്ത്‌ രവീന്ദ്ര ജഡേജയും മടങ്ങിയപ്പോള്‍ പിരിമുറുക്കത്തിന്റെ നിമിഷങ്ങളായിരുന്നു.

അവസാന ഓവറിലെ ആദ്യപന്ത്‌ അശ്വിന്‍ റണ്ണൊന്നുമെടുക്കാതെ വിട്ടപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ നിശബ്ദരായി. അടുത്ത പന്തില്‍ അശ്വിന്‍ ധോണിക്ക്‌ സ്ട്രൈക്ക്‌ നല്‍കി. തുടക്കത്തില്‍ ക്ഷമകാട്ടിയ ഇന്നിംഗ്സ്‌ അവസാന നിമിഷം ആളിക്കത്തിയപ്പോള്‍ വിജയം ഇന്ത്യക്ക്‌ സ്വന്തമായി.

ധോണിയുടെ പക്വതയാര്‍ന്ന പ്രകടനമാണ്‌ വിജയത്തില്‍ നിര്‍ണായകമായതും. ഓസീസിനുവേണ്ടി മൂന്ന്‌ വിക്കറ്റ്‌ വീഴ്ത്തിയ മക്കെയ്ക്കു പുറമെ ഡോഹര്‍ട്ടി രണ്ടും റയാന്‍ ഹാരിസ്‌ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഓസീസ്‌ അരങ്ങേറ്റക്കാരന്‍ പീറ്റര്‍ ഫോറസ്റ്റിന്റെയും (66) ഡേവിഡ്‌ ഹസിയുടെയും (72) അര്‍ദ്ധസെഞ്ച്വറികളുടെ ബലത്തിലാണ്‌ പൊരുതാവുന്ന സ്കോറിലെത്തിയത്‌. ക്ലാര്‍ക്ക്‌ (38) ഡാന്‍ക്രിസ്റ്റ്യന്‍ (39) എന്നിവരും ടീമിന്‌ കാര്യമായ സംഭാവന നല്‍കി.

3 ന്‌ 81 റണ്‍സ്‌ എന്ന നിലയില്‍തകര്‍ന്ന ഓസീസിന്‌ ഫോറസ്റ്റിന്റെയും ഹസിയുടെയും ഇന്നിംഗ്സാണ്‌ തുണയായത്‌. എന്നാല്‍ അവസാന ഓവറുകളില്‍ റണ്ണടിച്ചെടുക്കാന്‍ ആളില്ലാതിരുന്നത്‌ ഓസീസിനെ കൂറ്റന്‍ സ്കോര്‍ നേടുന്നതില്‍ നിന്നു തടഞ്ഞു.

രണ്ടു വിക്കറ്റുവീതം നേടിയ ഉമേഷ്‌ യാദവും വിനയ്കുമാറും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ഓസീസിന്റെ മൂന്ന്‌ താരങ്ങള്‍ റണ്ണൗട്ടാവുകയായിരുന്നു. ഗംഭീറാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. ത്രിരാഷ്ട്ര പരമ്പരയില്‍ ആദ്യമത്സരത്തില്‍ ഓസീസിനോടു തോറ്റ ഇന്ത്യയുടെ രണ്ടാമത്തെ വിജയമാണിത്‌. നേരത്തെ ഇന്ത്യ ശ്രീലങ്കയെതോല്‍പ്പിച്ചിരുന്നു. അഡ്ലെയ്ഡില്‍ ഇന്ത്യയുടെ ആദ്യ വിജയവും.

സ്കോര്‍ബോര്‍ഡ്‌

ഓസ്ട്രേലിയ: ഡേവിഡ്‌ വാര്‍ണര്‍ റണ്ണൗട്ട്‌ 18, റിക്കി പോണ്ടിംഗ്‌ സി കോലി ബി വിനയ്കുമാര്‍ 6, മൈക്കല്‍ക്ലാര്‍ക്ക്‌ ബി യാദവ്‌ 38, പീറ്റര്‍ ഫോറസ്റ്റ്‌ സി വിനയ്കുമാര്‍ ബി യാദവ്‌ 66,ഡേവിസ്‌ ഹസി സി സേവാഗ്‌ ബി സഹീര്‍ഖാന്‍ 72, ഡാനിയല്‍ ക്രിസ്റ്റയന്‍ റണ്ണൗട്ട്‌ 39, മാത്യുവെയ്ഡ്‌ ബി വിനയ്കുമാര്‍ 16, റയാന്‍ ഹാരിസ്‌ നോട്ടൗട്ട്‌ 2, ക്ലിന്റ്‌ മക്കെ റണ്ണൗട്ട്‌ 3, എക്സ്ട്രാസ്‌ 9, ആകെ 269/8 (50)

വിക്കറ്റ്‌ വീഴ്ച:1-14, 2-53, 3-81, 4-179, 5-235, 6-254, 7-265,8-269 സഹീര്‍ഖാന്‍ 10-0-46-1, വിനയ്കുമാര്‍ 10-1-58-2, രവീന്ദ്ര ജഡേജ 10-0-50-0, ആര്‍. അശ്വിന്‍ 8-0-47-0, ഉമേഷ്‌ യാദവ്‌ 10-1-49-2, രോഹിത്‌ ശര്‍മ്മ 2-0-15-0

ഇന്ത്യ: ഗൗതം ഗംഭീര്‍ എല്‍.ബി.ഡബ്ല്യു ബി മക്കെ 92, സെവാഗ്‌ സി ഹസി ബി മക്കെ 20, വിരാട്‌ കോലി സി ഫോറസ്റ്റ്‌ ബി മക്കെ 18, രോഹിത്‌ ശര്‍മ്മ സി സ്റ്റാര്‍ക്ക്‌ ബി ഹാരിസ്‌ 33, സുരേഷ്‌ റെയ്ന ബി ഡോഹര്‍ട്ടി 38, ധോണി നോട്ടൗട്ട്‌ 44, രവീന്ദ്രജഡേജ സി പോണ്ടിംഗ്‌ ബി ഡോഹര്‍ട്ടി 12, ആര്‍. അശ്വിന്‍ നോട്ടൗട്ട്‌1 എക്സ്ട്രാസ്‌ 12 ആകെ 270/6 (49.4) വിക്കറ്റ്‌ വീഴ്ച 1-52, 2-90, 3-166, 4-178, 5-239, 6-257

റയാന്‍ ഹാരിസ്‌ 10-0-57-1, സ്റ്റാര്‍ക്ക്‌ 8-0-49-0, ക്ലിന്റ്‌ മക്കെ 9.4-1-53-3, ഡോഹര്‍ട്ടി 9-0-51-2, മൈക്ക്‌ ഹസി 3-0-13-0, ഡാനിയല്‍ക്രിസ്റ്റ്യന്‍ 10-0-45-0

 

Tags: India, Australia, cricket, m.s dhoni

Share on Myspace