Vyga News

Saturday, May 19th

Last update:07:30:51 AM GMT

You are here: Infotainment Cinema താരരാജാക്കന്മാര്‍ വിചാരിച്ചാല്‍ ഒരു തേങ്ങയും നടക്കില്ല : ഇന്നസെന്‍റ്

താരരാജാക്കന്മാര്‍ വിചാരിച്ചാല്‍ ഒരു തേങ്ങയും നടക്കില്ല : ഇന്നസെന്‍റ്

E-mail Print PDF

കോതമംഗലം: താരരാജാക്കന്മാര്‍ വിചാരിച്ചാല്‍ ഇവിടെ ഒരു തേങ്ങയും നടക്കില്ലായെന്ന് താര സംഘടനയുടെ പ്രസിഡന്‍റ്  ഇന്നസെന്‍റ്. പുതുമുഖങ്ങള്‍ കഴിവ് തെളിയിച്ചാല്‍ താരരാജാക്കന്മാര്‍ പുറത്താവുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 'ഞാനും ഒരു താര രാജാവാണ്. പുതിയ കുട്ടികള്‍ വന്ന് കഴിവ് കാട്ടിയാല്‍ ഞാനും നാളെ പുറത്താകും. എന്നും ഒരേപോലെ ഇരിക്കാനാകില്ല' - ഇന്നസെന്‍റ് പറഞ്ഞു.

ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആസ്വാദകര്‍ക്ക് ദോഷം ഉണ്ടാവാത്ത വിധത്തിലായിരിക്കണം തീയേറ്ററുകളില്‍ പെരുമാറേണ്ടതെന്നും ഇന്നസെന്‍റ് ഓര്‍മിപ്പിച്ചു. ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന നല്ല സിനിമകള്‍ കാണുവാന്‍ താരസംഘടനയിലെ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കൂടുതല്‍

ശ്രമങ്ങള്‍ നടത്തും. ചലച്ചിത്രമേളകള്‍ പുതിയൊരു സിനിമാ സംസ്‌കാരത്തിന് തുടക്കംകുറിക്കുകയാണെന്നും ഇന്നസെന്‍റ് പറഞ്ഞു.

മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുതുമുഖങ്ങളെ ഒന്നും ചെയ്യാനാവില്ല. പുതുമുഖങ്ങള്‍ കഴിവു തെളിയിച്ച് മുന്നോട്ട് വരികയാണ് വേണ്ടത്. പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് ആവശ്യമാണ്. കോതമംഗലം ചലച്ചിത്രമേളയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ഇന്നസെന്റിന്റെ ഈ പരാമര്‍ശം.

പുതുമുഖങ്ങള്‍ക്ക് മലയാള സിനിമയില്‍ അവസരം ലഭിക്കുന്നില്ല എന്നും സൂപ്പര്‍സ്റ്റാറുകള്‍ അവര്‍ക്കെതിരെ കളിക്കുന്നുവെന്നും സിനിമാലോകത്തെ പലരും മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നസെന്റ് ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മാര്‍ച്ച് പത്തുമുതല്‍ 15 വരെയാണ് ചലച്ചിത്രമേള നടക്കുക. ഹിന്ദി, തമിഴ്, മറാട്ടി, മലയാളം ഭാഷകളിലുള്ള ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

മാര്‍ച്ച് പത്തിന് വൈകുന്നേരം അഞ്ചിന് ആന്‍ തിയേറ്ററില്‍ മന്ത്രി കെ.ബി ഗണേഷ് കുമാറാണ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുക. ചടങ്ങില്‍ ബോളിവുഡ് താരം അതുല്‍ കുര്‍ക്കര്‍ണി മുഖ്യാതിഥിയാവും.

 

Share on Myspace