'ദി കിംഗി'ലെ മമ്മൂട്ടിയും 'കമ്മീഷണറി'ലെ സുരേഷ് ഗോപിയും ഒന്നിക്കുന്ന 'ദി കിംഗ് ആന്റ് കമ്മീഷണറി'ലെ ഡയലോഗുകള്‍ക്ക് പഞ്ച് പോര എന്നു സംവിധായകന്‍ ഷാജി കൈലാസിന് പരാതി എന്നു അണിയറ സംസാരംചിത്രീകരണവും അനുബന്ധ ജോലികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞ ഈ ചിത്രം മാര്‍ച്ച് പതിനാറിന് തിയേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്.
1994 ല്‍ തിയേറ്ററുകളില്‍ വന്ന സുരേഷ് ഗോപി നായകനായ
കമ്മീഷണറും 1995 ല്‍ വന്ന മമ്മൂട്ടി നായകനായ ദി കിംഗും നായകന്മാരുടെ തീപാറുന്ന ഡയലോഗുകള്‍ കൊണ്ട് ഹിറ്റായ ചിത്രങ്ങളായിരുന്നു. സ്വാഭാവികമായും കിംഗും കമ്മീഷണറും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ മമ്മൂട്ടി-- _സുരേഷ്‌ഗോപി ടീമിന്റെ ഒരു കിടിലന്‍ ഡയലോഗ് വെടിക്കെട്ട് തന്നെ പ്രതീക്ഷിക്കും.
എന്നാല്‍, രഞ്‌ജി പണിക്കര്‍ സെറ്റിലിരുന്ന് മതിയായ പ്‌ളാനിംഗില്ലാതെയാണ് തിരക്കഥയെഴുതിയതെന്നും അതിനാല്‍ ആദ്യ രണ്ടു ചിത്രങ്ങളിലെയത്രയും കരുത്തുറ്റ ആളുകളുടെ കൈയ്യടി വാങ്ങാന്‍ പോന്ന സംഭാഷണങ്ങള്‍ കിംഗ് ആന്റ് കമ്മീഷണറിലുണ്ടോയെന്നും ഷാജി കൈലാസിന് സംശയമുണ്ടെന്നാണ് സിനിമാക്കാര്‍ക്കിടയിലെ രഹസ്യ സംസാരം.
പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം ഷാജി കൈലാസും രഞ്‌ജിയും ഒന്നിക്കുന്ന ചിത്രമെന്നതു കൊണ്ടുതന്നെ കിംഗ് ആന്റ് കമ്മീഷണറെക്കുറിച്ച് പ്രേക്ഷകര്‍ക്ക് വാനോളം പ്രതീക്ഷകളുണ്ടാവുമെന്നതാണത്രേ ഷാജിയെ കൂടുതല്‍ പേടിപ്പിക്കുന്നത്.
രഞ്‌ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പല കാരണങ്ങള്‍കൊണ്ടും മന്ദഗതിയിലായിരുന്നു. മമ്മൂട്ടിയുടെ വസതിയിലെ റെയ്‌ഡ്, കമ്മീഷണറാകാന്‍ 15 കിലോ തൂക്കം കുറച്ചതു മൂലം സുരേഷ് ഗോപിക്കുണ്ടായ ചില ശാരീരിക അസ്വസ്‌ഥതകള്‍, ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ സായികുമാറിന്റെ പനി, കൂടാതെ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമിടയിലുണ്ടായിരുന്ന ചില പിണക്കങ്ങള്‍, ഡെല്‍ഹിയിലെ ഹൈ സെക്യൂരിറ്റി ഏരിയയിലെ ഷൂട്ടിംഗിന് നേരിട്ട ചില്ലറ കാലതാമസങ്ങള്‍ തുടങ്ങിയവയൊക്കെ കിംഗ് ആന്റ് കമ്മീഷണറെ വല്ലാതെ ഇഴച്ചു.
തന്റെ കഥാപാത്രത്തിന് മമ്മൂട്ടിയുടേതിനെക്കാള്‍ പ്രാധാന്യം കുറഞ്ഞു പോയോ എന്ന ഫീലിംഗില്‍ സുരേഷ് ഗോപി പലപ്പോഴും അമര്‍ഷം പ്രകടിപ്പിക്കുകയുമുണ്ടായി. ഇതിന്റെ പേരില്‍ സുരേഷ് ഗോപി സെറ്റില്‍ നിന്ന് വാക്കൗട്ട് നടത്തിയപ്പോള്‍ സുരേഷിനു പകരം പൃഥ്വിരാജിനെ നായകനാക്കിയാലോ എന്നു വരെ ഷാജി ചിന്തിച്ചുവത്രേ!
ഏതായാലും പിന്നീട് കാര്യങ്ങള്‍ ഒരുവിധം രമ്യതയിലാക്കി ഷൂട്ടിംഗ് പൂര്‍ത്തീകരിക്കാന്‍ ഷാജിക്കായി. രഞ്‌ജി പണിക്കരുടെ തിരക്കഥയില്‍ സുരേഷ് ഗോപിയുടെ പത്താമത്തെയും മമ്മൂട്ടിയുടെ നാലാമത്തേയും ചിത്രമാണിത്.
Tags: movie, king and commissioner ,lacks punch,dialogues, shaji kailas, ranji panicker, suresh gopi, mammootty



