ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ 'കൊച്ചടിയാന്‍’ എന്ന പുതിയ ചിത്രത്തില്‍ ബോളിവുഡ് നടി ദീപിക പഡുകോണ്‍ നായികയാവുന്നു. ഈ അടുത്ത കാലം വരെ മറ്റൊരു ബോളിവുഡ് നടി കത്രീന കൈഫാണ് ചിത്രത്തിലെ നായികയെന്നാണ് പറഞ്ഞു കേട്ടത്. എന്നാല്‍ ദീപിക നായികയാവുന്നു എന്ന കാര്യം സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്ന രജനിയുടെ മകള്‍ സൗന്ദര്യയും സ്ഥിരീകരിച്ചിട്ടുണ്ട്. 'ഗയ്‌സ് ദീപിക പഡുകോണാണ് കൊച്ചടിയാനിലെ നായിക’ എന്നാണ് സൗന്ദര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ചിത്രത്തില്‍ രജനിയുടെ നായികയാകുമെന്ന് പ്രചരിക്കപ്പെട്ടവരുടെ പട്ടികയില്‍ കോളിവുഡ് നടി അനുഷ്‌കാ ഷെട്ടി, ബോളിവുഡ് നടിമാരായ വിദ്യാ ബാലന്‍, അസിന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
രജനികാന്തിന്റെ മകള്‍ സൗന്ദര്യ നിര്‍മ്മാണത്തില്‍ സഹകരിച്ച് കെ.എസ്.രവികുമാര്‍ സംവിധാനം ചെയ്യുന്ന 'റാണ’ എന്ന ചിത്രത്തില്‍ ദീപിക അഭിനയിച്ച് വരികെയാണ് രജനികാന്ത് അസുഖബാധിതനായത്. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കുകയും ചെയ്തു.
ഏതായാലും ദീപികയെ സംബന്ധിച്ചടത്തോളം ഇത് സന്തോഷിക്കാനുള്ള അവസരമാണ്. അസുഖ ബാധിതനായ രജനികാന്തിന്റെ രോഗശാന്തിക്ക് വേണ്ടി വഴിപാടും പൂജയുമായി നടന്നവരില്‍ ഒരാള്‍ ദീപികയാണ്. കാരണം മറ്റൊന്നുമല്ല സ്‌റ്റൈല്‍ മന്നനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തന്നെ.
രജനിക്ക് അസുഖം മാറിയെങ്കിലും റാണ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍ കൊച്ചടിയാനില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് തന്റെ പ്രാര്‍ത്ഥനയുടെ ഫലമായാണ് ദീപിക കാണുന്നത്.
ത്രീ ഡി ചിത്രമായി പുറത്തിറങ്ങുന്ന കൊച്ചടിയാനില്‍ മലയാള നടി ശോഭനയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ ചരിത്രത്തിലെ ഒരു രാജാവായിട്ടാണ് രജനികാന്ത് എത്തുന്നത്.
Tags: deepika padukone, Rajinikanth, tamil movie, kochadiyan



