Search

ബിഷപ്പിനെ അറസ്റ്റുചെയ്യാത്തതിനെതിരേ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനു പിന്തുണയേറുന്നു, പരാതിപ്പുറത്ത് ദിലീപിനെ അറസ്റ്റുചെയ്യാമെങ്കില്‍ എന്തുകൊണ്ട് ബിഷപ്പിനെ പിടികൂടുന്നില്ലെന്നു മേജര്‍ രവി


കൊച്ചി:  കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ചു കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ശക്തമാകുന്നു. ഒപ്പം ഈ വിഷയം സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തുന്ന തലത്തിലേക്ക് മാറുകയും ചെയ്യുകയാണ്.

കന്യാസ്ത്രീകള്‍ക്കു പിന്തുണയുമായി പ്രമുഖര്‍ സമരപ്പന്തലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കേരളമാകെ സമരം വ്യാപിപ്പിക്കാനും സമരസമിതി തീരുമാനിച്ചു. കന്യാസ്ത്രീകളെ പിന്തിരിപ്പിക്കാന്‍ സഭ നടത്തിയ ശ്രമവും ഫലം കണ്ടില്ല.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വെള്ളിയാഴ്ച വൈകിട്ട് പ്രതിഷേധ ധര്‍ണ്ണ നടത്തും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കും.

ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ കന്യാസ്ത്രീകളുടെ സമരം ആറാം ദിവസം പിന്നിടുമ്പോള്‍ കൂടുതല്‍ സംഘടനകള്‍ പിന്തുണയുമായി എത്തുന്നു. ഇന്ന് സുപ്രീം കോടതി അഭിഭാഷക അഡ്വ. സിസ്റ്റര്‍ ജെസി കുര്യന്‍, ഇന്ത്യന്‍ കറന്റ്‌സ് എഡിറ്റര്‍ ഡോ. സുരേഷ് മാത്യു, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ ഇന്നു സമരപ്പന്തലിലെത്തി അഭിവാദ്യമറിയിച്ചു.

സര്‍ക്കാരിന് ആശ്വാസമായിരിക്കുന്നത് ഹൈക്കോടതിയുടെ പരാമര്‍ശം മാത്രമാണ്. അസാധാരണമായ സാഹചര്യമൊന്നുമില്ലെന്നും പഴയ കേസായതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയമെടുക്കുമെന്നും അതുവരെ കാത്തിരിക്കാനും ഹര്‍ജ്ജിക്കാരോട് കോടതി നിര്‍ദ്ദേശിച്ചു.

സമ്മര്‍ദ്ദമുണ്ടാക്കിയാല്‍ അത് അന്വേഷണത്തെ ബാധിക്കും.
അറസ്റ്റിനേക്കാള്‍ വലുതല്ല ശിക്ഷ. അറസ്റ്റ് എപ്പോള്‍ വേണമെന്ന് അന്വേഷണ സംഘത്തിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബഞ്ച് പറഞ്ഞു.

ഈ മാസം 19ന് ബിഷപ്പ് അന്വേഷണസംഘത്തിന്റെ മുന്നില്‍ ഹാജരായതിനുശേഷം കേസ് വീണ്ടും പരിഗണിക്കും.

ഇതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ മേജര്‍ രവി രംഗത്തെത്തി. പരാതിയുടെ അടിസ്ഥാനത്തിലാണ് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് മേജര്‍ രവി ചോദിച്ചു. കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിക്കാന്‍ എത്തിയപ്പോഴായിരുന്നു മേജര്‍ രവിയുടെ ഇങ്ങനെ പറഞ്ഞത്.

ഇതുപോലൊരു പരാതിയുടെ അടിസ്ഥാനത്തിലാണ് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപിനും വേണമെങ്കില്‍ പറയാമായിരുന്നു, എനിക്ക് അമ്മ എന്നൊരു സംഘടനയുണ്ട്. അവര്‍ അന്വേഷിച്ച് തീരുമാനിക്കട്ടെയെന്ന്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ അസോസിയേഷനുകളുടെ പിന്തുണയോടെ നേരിടുകയല്ല വേണ്ടതെന്നും  മേജര്‍ രവി പറഞ്ഞു.

ഇങ്ങനെയൊരു പരാതി വന്നാല്‍, പദവി നോക്കാതെ നടപടി എടുക്കണം. അഭയ കേസും സമാനമായ സാഹചര്യത്തിലുള്ളതാണ്. കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ഇതൊക്കെ കണ്ടുകൊണ്ട്  സമൂഹം വെറുതെയിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Keywords: Nuns strike, Bishop Franco Mulakkal, Major Ravi, Crimevyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ബിഷപ്പിനെ അറസ്റ്റുചെയ്യാത്തതിനെതിരേ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനു പിന്തുണയേറുന്നു, പരാതിപ്പുറത്ത് ദിലീപിനെ അറസ്റ്റുചെയ്യാമെങ്കില്‍ എന്തുകൊണ്ട് ബിഷപ്പിനെ പിടികൂടുന്നില്ലെന്നു മേജര്‍ രവി