Search

കടലാസില്‍ പുലി, കളത്തില്‍ എലി, ഇംഗ്ലണ്ടില്‍ കോലിക്കും കൂട്ടര്‍ക്കും സംഭവിച്ചതെന്ത്...


സതാംപ്ടണ്‍: ഇംഗ്ലണ്ടില്‍ നിരുത്തരവാദപരമായി ബാറ്റുവീശി പരമ്പര അടിയറ വച്ച ഇന്ത്യന്‍ ടീമിനെതിരേ കടുത്ത വിമര്‍ശനം. നായകന്‍ വിരാട് കോലി സ്വന്തം പേരില്‍ റെക്കോഡുകള്‍ കുറിക്കുമ്പോഴും ടീം അമ്പേ  പരാജയപ്പെടുന്നതിലാണ് വിമര്‍ശനമേറെ.

നല്ല ഫോമിലുള്ള രോഹിത് ശര്‍മയെ ടീമില്‍ നിന്നൊഴിവാക്കി നിറുത്തുന്നതും വിമര്‍ശനത്തിനു കാരണമാവുന്നുണ്ട്. ടെസ്റ്റില്‍ മിടുക്കരെന്നു കരുതുന്ന പലരെക്കാളും നന്നായി ബാറ്റു വീശാന്‍ രോഹിതിനു കഴിയുമെന്നിരിക്കെ അദ്ദേഹത്തെ ഒഴിവാക്കുന്നതിലാണ് വിമര്‍ശം. വിദേശത്തും നല്ല ട്രാക്ക് റെക്കോഡുള്ള കളിക്കാരനാണ് രോഹിത്.

നമ്മള്‍ ജയം അര്‍ഹിക്കുന്നില്ലെന്ന പതിവു പല്ലവി പറഞ്ഞൊഴിയുക മാത്രമാണ് ക്യാപ്ടന്‍ കോലി ചെയ്യുന്നത്. അതിനപ്പുറം കാര്യങ്ങള്‍ ക്യാപ്ടന്‍ കണ്ണുതുറന്നു കാണുന്നില്ലെന്നാണ് വിമര്‍ശം. നാട്ടില്‍ പുലിയായി നില്‍ക്കുകയും മറുന്നാട്ടില്‍ ചെന്നാല്‍ കടലാസുപുലിയാവുകയും ചെയ്യുന്നതാണ് ടീം ഇന്ത്യയുടെ ഗതികേട്.

ഓപ്പണര്‍മാരുടെ കഴിവുകേടാണ് പരാജയത്തിനു പ്രധാന കാരണം. മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്ക് നാലു ടെസ്റ്റുകളില്‍ ഒരു അര്‍ധസെഞ്ച്വറി പോലും നേടാന്‍ കഴിഞ്ഞില്ല. മൂന്നാം ടെസ്റ്റില്‍ ധവാനും രാഹുലം ചേര്‍ന്ന് 60 റണ്‍സെടുത്തു. ആ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു.


ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് (544 റണ്‍സ്, 68 റണ്‍സ് ശരാശരി) വിശ്വസ്തനായ ഏക ബാറ്റ്‌സ്മാന്‍. പിന്നീട് പൂജാര (48.20 ശരാശി) മാത്രമാണുള്ളത്. മറ്റുള്ളവര്‍ക്കു പൊരുതിനോക്കാന്‍ പോലുമാവുന്നില്ല.

പുജാരയെ ആദ്യ ടെസ്റ്റില്‍ പുറത്തിരുത്തിയപ്പോള്‍, രണ്ടാം ടെസ്റ്റില്‍ സീമര്‍മാര്‍ക്ക് അനുകൂല സാഹചര്യം നിലനില്‍ക്കെ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കൂടി ഇറക്കാനെടുത്ത തീരുമാനം മണ്ടത്തരമായി.

ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ സാം കറന്‍, ക്രിസ് വോക്‌സസ് എന്നിവര്‍ ഇംഗ്ലണ്ട്  മദ്ധ്യനിരയില്‍ രക്ഷകരായി. ഇന്ത്യന്‍ നിരയില്‍ അത്തരത്തില്‍ ആരെയും കണ്ടില്ല.

അവസരം മുതലെടുക്കാന്‍ ഇന്ത്യയ്ക്കു കഴിയാതെ പോകുന്നതും മാനക്കേടിനു കാരണമാവുന്നു. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 7ന്87 എന്ന നിലയില്‍ നില്‌ക്കെ, ഉമേഷ് യാദവിന്റെ പന്തില്‍ ആദില്‍ റഷീദിന്റെ ക്യാച്ച് ധവാന്‍ വിട്ടു. അവിടെനിന്നു പൊരുതിക്കയറിയ ഇംഗ്‌ളണ്ട് ജയം സ്വന്തമാക്കുകയും ചെയ്തു. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 6/86 എന്ന നിലയില്‍ വീണതില്‍ പിന്നെ അവസരം മുതലെടുക്കാന്‍ ഇന്ത്യയ്ക്കായില്ല. അതോടെ, ഇംഗ്‌ളണ്ട് 246 റണ്‍സിലേക്കു പിടിച്ചുകയറിപ്പോയി ജയിക്കുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ ദിനേശ് കാര്‍ത്തികും ഋഷഭ് പന്തും ദയനീയ പരാജയമായപ്പോള്‍ ഇംഗ്ലണ്ടിന്റെ ജോണി ബെസ്റ്റോയും ജോസ് ബട്‌ലറും നിര്‍ണായക സംഭാവന നല്‍കി ടീമിനെ ജയത്തിലേക്കു നയിച്ചു.

സൂപ്പര്‍താരമായ ആര്‍ അശ്വിനെക്കാള്‍  നന്നായി നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഓഫ് സ്പിന്നര്‍ മോയിന്‍ അലി പന്തെറിയുന്നതും നാം കണ്ടു.

ഇതൊക്കെക്കൊണ്ടാണ് 245 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നീങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് 184 റണ്‍സിന് പുറത്താക്കി പരപമ്പര സ്വന്തമാക്കിയത്. ഇതോടെ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അവസാന മത്സരം അപ്രസക്തമായി. ഏഴിന് കെന്നിങ്ടണ്‍ ഓവലിലാണ് അഞ്ചാം ടെസ്റ്റ്.

സ്‌കോര്‍: ഇംഗ്ലണ്ട്: 246, 271. ഇന്ത്യ: 273, 184.

Keywords: Murali Vijay, Shikhar Dhawan, KL Rahul,  Test, innings, India,  Virat Kohli, captain, Pujara, England, Sam Curran , Chris Woakes,   batting , spinner, Kuldeep Yadav,  Adil Rashid, Umesh Yadav , Dinesh Karthik , Rishabh Pant,  Jonny Bairstow, Jos Buttler, off-spinner, Moeen Ali, R Ashwin

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കടലാസില്‍ പുലി, കളത്തില്‍ എലി, ഇംഗ്ലണ്ടില്‍ കോലിക്കും കൂട്ടര്‍ക്കും സംഭവിച്ചതെന്ത്...