Search

പിന്നാമ്പുറ കാഴ്ചകള്‍

ജോര്‍ജ് മാത്യു

സ്വപ്‌നം കാണാന്‍ പാസ്‌പോര്‍ട്ടും വിസയും വേണ്ടല്ലോ! എന്നിരിക്കെ, മെസ്സി ഫ്രാന്‍സിനെയും റൊണാള്‍ഡോ ഉറുഗ്വേയെയും കെട്ടുകെട്ടിച്ച് , ജൂലായ് ആറാം തീയതി 7.30 ന് സ്പാര്‍ട്ടന്‍ അറീനയില്‍ ഇരുവരും മുഖാമുഖം നില്‍ക്കും എന്ന് സ്വപ്‌നം കണ്ടവരുടെ പട്ടികയില്‍ ഞാന്‍ പെട്ടില്ല. കാരണം എന്റെ കാല്‍പ്പന്ത് താത്പര്യം ഒരിക്കലും ഐ.എസ്.എല്ലിനപ്പുറം പോയിരുന്നില്ല. നമ്മള്‍ ഇപ്പോള്‍ ഏറെയും ധോണിയിലും വിരാടിലും ചുറ്റിത്തിരിയുന്ന ഏര്‍പ്പാടിലാണല്ലോ!

ജൂണ്‍ 30 എല്ലാം താളം തെറ്റിച്ചു. ഇരുവരും ഇരുചെവിയറിയാതെ സ്ഥലംവിട്ടു. മസ്‌ക്കരാനോസ് ബൂട്ടഴിച്ചു. എംബാപ്പേ അവതരിച്ചു. ആ പയ്യനെക്കുറിച്ച് ഒരൊറ്റ വാചകം! പ്രായം അറിയാമല്ലോ? 19 വയസ്സ്. എനിക്ക് പ്രതിഫലം വേണ്ട (അത് 13 ലക്ഷം രൂപയോളം വരും, കളി ദിവസങ്ങളില്‍) ഒന്ന് കളിക്കാന്‍ അനുവദിച്ചാല്‍ മതി എന്ന കൗമാരസഹജമായ നിഷ്‌കളങ്കതയോടെ എത്തിയ പയ്യന്‍. അവന്റെ നെടുങ്കന്‍ കാലുകള്‍ കണ്ടപ്പോള്‍ ഞാനോര്‍ത്തത് അറുപതുകളിലെ കാഷ്യസ് ക്ലേയെയാണ്. (പിന്നീട് മുഹമ്മദലിയായി മാറിയ പയ്യന്‍). സണ്ണി ലിസ്റ്റണ്‍ എന്ന ബോക്‌സര്‍, ഒരു പാതിരി ജയിലില്‍ നിന്നു കണ്ടെടുത്ത മുത്തായിരുന്നു. അയാളെ പരിശീലിപ്പിച്ച് പാതിരി ലോകചാമ്പ്യനാക്കുമ്പോള്‍ കാഷ്യസ് ക്ലേയ്ക്ക് വയസ്സ് 17. ലോക ചാമ്പ്യന്‍ഷിപ്പിന് 21 വയസ്സ് പൂര്‍ത്തിയാക്കണം. ക്ലേ, സണ്ണി ലിസ്റ്റണ്‍ മത്സരിക്കുന്ന വേദികളിലൊക്കെ കറങ്ങിനടന്ന് അയാളെ കളിയാക്കിക്കൊണ്ടേയിരുന്നു. ശുണ്ഠിപിടിപ്പിക്കുക എന്നതാണ് ലക്ഷ്യം. മഹത്തായ ആ ദിനം വന്നു. സണ്ണി ലിക്‌സനും ക്ലേയും ഏറ്റുമുട്ടുന്നു. ഇഞ്ചോടിഞ്ച്. ഇരുവരുടെയും വിശേഷങ്ങള്‍ പത്രങ്ങള്‍ അച്ചുനിരത്തി. എല്ലാ അര്‍ത്ഥത്തിലും ലിസ്റ്റണ്‍ മുന്നിലാണ്. ഒരൊറ്റ വ്യത്യാസം മാത്രം ക്ലേയുടെ കയ്യുടെ റീച്ച് രണ്ടിഞ്ചോളം കൂടുതലാണ്. കോടാനുകോടി രൂപയ്ക്ക് വിറ്റുപോയതാണ് ടിവി അവകാശങ്ങള്‍. പക്ഷേ, എന്തു ചെയ്യാം. മത്സരം രണ്ടു മിനിറ്റും 30 സെക്കന്റും മാത്രം നീണ്ടുനിന്നു. കാമറകള്‍ ഒന്നു പൊസിഷന്‍ ചെയ്തപ്പോഴേക്കും സണ്ണി ലിസ്റ്റണ്‍ നിലംപതിച്ചു. ചരിത്രമാണ് പറയുന്നത്. പിന്നെ കാഷ്യസ് ക്ലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം വേണ്ടിവന്നില്ല.


ക്ലേയുടെ ആ രണ്ടിഞ്ച് നീളക്കൂടുതല്‍ ഇപ്പോള്‍ എംബാപ്പേയുടെ കാലുകളില്‍ ഞാന്‍ കണ്ടു. എട്ടാം മിനിട്ടില്‍ അയാള്‍ ഒരു പടക്കുതിരയെപ്പോലെ മൂന്ന് അര്‍ജന്റൈന്‍  പ്രതിരോധക്കാരെയും പിന്നിലാക്കി കുതിക്കുന്നു. മറ്റു മാര്‍ഗ്ഗമൊന്നുമില്ലാത്തതിനാല്‍വലിച്ച് താഴെയിട്ടു. പെനാല്‍റ്റി! അതെടുത്ത ഗ്രീസ്മാന്‍. അങ്കം അവിടെ കുറിച്ചു. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ വലയിലാക്കി എംബാപ്പേ, അര്‍ജന്റീനയ്ക്ക് മടക്കവിസ നല്‍കി. ഇനി നെയ്മറും (ബ്രസീല്‍) സുവാരസും (ഉറുഗ്വേ) രംഗത്തുണ്ട്. വരട്ടെ, കാണാം!

ലോകത്തിന്റെ സിരകളില്‍ ഇപ്പോള്‍ ഒഴുകുന്നത് ഫുട്‌ബോള്‍ രക്തമാണ്. ഒരുപാടുപേരുടെ ശുക്രകാലം. മോസ്‌കോയിലേക്കായിരുന്നു ഈ ജൂണിലെ ഇന്ത്യാക്കാരുടെ വിദേശപ്രയാണം. മേക്ക് മൈ ട്രിപ്പ്  എന്ന ട്രാവല്‍ ഏജന്‍സിയുടെ വില്പനയില്‍ 400 ശതമാനം വര്‍ദ്ധന. ഇ - കൊമേഴ്‌സ് ചക്രവര്‍ത്തിമാരായ സ്‌നാപ്ഡീലും ആമസോണും ലോകമെമ്പാടും ഫുട്‌ബോള്‍ സ്‌റ്റോറുകള്‍ തുറന്നു. സ്‌നാപ്ഡീലിന്റെ അവകാശവാദം അവരുടെ ബീന്‍ബാഗും ഹോം തിയേറ്റര്‍ സിസ്റ്റംസും വിറ്റുപോയതിന് കണക്കില്ല എന്നാണ്. എന്നാല്‍ ജഴ്‌സികളുടെ കാര്യത്തില്‍ കണക്കുനോക്കുക അസാദ്ധ്യം. ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ ജഴ്‌സിക്കാണ് പ്രിയം. വ്യക്തിഗത ജഴ്‌സികളില്‍ പ്രമുഖര്‍ റൊണാള്‍ഡോ, മെസ്സി, നെയ്മര്‍, കുടിഞ്ഞോ എന്നിവരും. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ shopclues ഈ രംഗത്തെ ഇന്ത്യയിലെ പ്രമുഖരാണ്. ദിവസേന നാലായിരം ഫുട്‌ബോളുകള്‍ ഈ സീസണില്‍ വിറ്റുപോകുന്നു. 300 മുതല്‍ 350 വരെ ജഴ്‌സികളും. 45 ശതമാനം ബിസിനസ്സുകളും വരുന്നത് കൊല്‍ക്കത്ത, സിലിഗുഡി തുടങ്ങിയ നോര്‍ത്ത് ഈസ്റ്റില്‍ നിന്നും 35 ശതമാനം കോയമ്പത്തൂര്‍, കൊച്ചി, മധുര, തിരുവനന്തപുരം തുടങ്ങിയ ദക്ഷിണേന്ത്യയില്‍ നിന്നും 15 ശതമാനം പുണെ, അഹമ്മദാബാദ് തുടങ്ങിയ മദ്ധ്യ ഭാരതത്തില്‍ നിന്നും എന്നാണ് കണക്ക്.


ഇന്ത്യയിലെ ഔദ്യോഗിക ഫിഫ വേള്‍ഡ് കപ്പ് വസ്ത്ര ഫ്രാഞ്ചൈസിയായ ആകിസ് സ്‌പോര്‍ട്ട്‌സ് എന്ന ഓഫ്‌ലൈന്‍ സ്ഥാപനവും അഭൂതപൂര്‍വ്വമായ വ്യാപാരത്തിളക്കത്തിലാണ്.

എന്നാല്‍ പന്തുരുളല്‍ നില്‍ക്കുമ്പോള്‍ അവശേഷിക്കുന്നത് എന്താവും? അതിമനോഹരമായ, മാന്ത്രിക ഫുട്‌ബോള്‍ നിമിഷങ്ങള്‍ എന്ന് നിങ്ങള്‍ പറയും. ശരിയുമാണ്. അറുപതുകള്‍ മുതലുള്ള ലോകമേളകള്‍ മാസങ്ങളായി ക്ലിപ്പിങ്ങുകളുടെ രൂപത്തില്‍ തിരമാലകള്‍ പോലെ വന്ന് മറിയുകയാണല്ലോ. നിരവധി ധന്യ മുഹൂര്‍ത്തങ്ങള്‍ ഈ മാമാങ്കവും ബാക്കിവച്ചുപോകും.

കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക ജൂലിത്ത് ഗോണ്‍സാലസ് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അവരെ ചുംബിക്കുന്ന അക്രമി

അതു മാത്രമായിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ വ്യാമോഹിക്കുകയാണ്. മോസ്‌കോ വീഥികളും ക്രെംലിന്‍ വീഥികളും നിശയില്‍ ഫുട്‌ബോള്‍ ജ്വരത്തിലാണ്. പക്ഷേ, ഈ തരംഗം സ്വസ്ഥതകെടുത്തുന്ന ഒരു വിഭാഗം അലമുറയിടാന്‍ തുടങ്ങിയിരിക്കുന്നു. ലോകത്തിന്റെ എല്ലാ കോണുകളിലും നിന്നായി ടിവി - പത്ര ജേര്‍ണലിസ്റ്റുകളും ഛായാഗ്രാഹകരുമായി എത്തിയിരിക്കുന്നവരില്‍ ഏറെയും യുവതികളാണ്. തിരക്കിത്തിരക്കി അവര്‍ അനര്‍ഘനിമിഷങ്ങള്‍ക്കായി ആക്രാന്തം കാട്ടുമ്പോള്‍ പിന്നില്‍ വന്നുപതിക്കുന്ന പുരുഷവികൃതികള്‍ അവരെ പൊറുതിമുട്ടിച്ച് തുടങ്ങിയിരിക്കുന്നു. ആദ്യത്തെ ആഴ്ചത്തെ ത്രില്ലില്‍ അവരത് കാര്യമാക്കിയില്ല. അപ്പോള്‍
അതൊരവസരമായി പുരുഷന്മാര്‍ കരുതി തുടങ്ങിയത്രേ! ഇപ്പോള്‍ അതിക്രമങ്ങള്‍ പരിധിവിട്ടപ്പോള്‍ അടുത്തുള്ള ഫിഫ കൗണ്ടറുകളിലും പൊലീസ് കിയോസ്‌ക്കുകളിലും പരാതികള്‍ നല്‍കുന്നു. ഫലം നാസ്തി. പിന്നീടത് കൂട്ടമായി പൊലീസ് സ്റ്റേഷനുകളിലാക്കി. ഫലം കണ്ടുതുടങ്ങിയിട്ടില്ല. ഇപ്പോള്‍ നിവൃത്തികേടുകൊണ്ട് അവര്‍ ചെറിയ ചെറിയ ദൃശ്യങ്ങള്‍ പരസ്പരം പകര്‍ത്തി അപ്പ് ലിങ്ക് ചെയ്തു തുടങ്ങിയിരിക്കുന്നു. ലോകം ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു.!

ഇനി നമുക്ക് രണ്ടുവിധം ക്ലിപ്പിങ്ങുകള്‍ പ്രതീക്ഷിക്കാം. Made in 2018.

ലേഖകന്റെ ഫോണ്‍: 98479 21294
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പിന്നാമ്പുറ കാഴ്ചകള്‍