Search

ലോകം നിമിഷങ്ങളെണ്ണുന്നു, ലുഷ്‌നിക്കി ഉണരുന്നതും കാത്ത്

പ്രവചനങ്ങള്‍ക്കു പുറത്തുള്ള ലോകകപ്പിന്റെ കലാശമത്സരം കാണാന്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇങ്ങു കൊച്ചു കേരളത്തില്‍ പോലും നാട്ടിന്‍ പുറങ്ങളിലെ കഌബുകളും കൂട്ടായ്മകളുമെല്ലാം വലിയ സ്‌ക്രീനുകള്‍ തയ്യാറാക്കി കാത്തിരിക്കുകയാണ്.

ഈ ലോകകപ്പില്‍ വമ്പന്‍മാര്‍ക്കെല്ലാം തുടക്കം മുതല്‍ വീഴ്ചയായിരുന്നല്ലോ. ഇംഗ് ളണ്ട്-അര്‍ജന്റീന ഫൈനല്‍ പ്രവചിച്ച സാക്ഷാല്‍ മറഡോണയ്ക്കു പോലും തെറ്റി.

ഫുട്‌ബോളിന്റെ പൂര്‍ണതയെന്നു പറയാവുന്ന ഫ്രാന്‍സും പുതിയ കരുത്തിന്റെ പ്രതീകമെന്നു പറയാവുന്ന ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോള്‍ പ്രതീക്ഷയോടെയാണ് ലോകം മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിലേക്ക് ഉറ്റുനോക്കുന്നത്.

20 വര്‍ഷം മുന്‍പ് കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കാന്‍ വേണ്ട തന്ത്രങ്ങളെല്ലാം ഫ്രാന്‍സ് സ്വായത്തമാക്കിയിട്ടുണ്ട്. അവര്‍ ഫൈനലില്‍ എത്തിയിരിക്കുന്നത് എഴുതിയുറപ്പിച്ചതുപോലെ തന്നെയായിരുന്നു.  നോക്കൗട്ടിലെ മൂന്നു കളിയും പ്രതീക്ഷിച്ചതുപോലെ സ്വന്തമാക്കി. എതിരാളിക്കുമേല്‍ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു മിക്കപ്പോഴും ഫ്രഞ്ച് ജയം.

ഫ്രാന്‍സിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് യുവത്വവും പരിചയസമ്പത്തും ഒരുപോലെ കൈമുതലായുണ്ട് എന്നതാണ്. എതിരാളിയെ മനസ്സിലാക്കി അതനുസരിച്ച് കളിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് ബല്‍ജിയത്തെ പോലൊരു ടീമിനെ കീഴടക്കാനായതും. യൂറോപ്യന്‍ ക്ലാസിക് ഫുട്‌ബോള്‍ പിഴവേതുമില്ലാതെ ഫ്രാന്‍സ് കളത്തില്‍ കാഴ്ചവയ്ക്കുന്നുണ്ട്.

ഇപ്പറഞ്ഞതൊക്കെയും ഫ്രഞ്ച് മേന്മകളാണെങ്കിലും ആരോടു ചോദിച്ചാലും ക്രൊയേഷ്യ കറുത്ത കുതിരയാവില്ലേ എന്നൊരു സന്ദേഹം ബാക്കിയുണ്ട്. ഇതു തന്നെയാണ് അവരുടെ മുതല്‍ക്കൂട്ടും. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല.

ആദ്യമായി ലോകകപ്പ് ഫൈനലില്‍ കടന്ന ക്രൊയേഷ്യ കടന്നുവന്നത് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ്. നോക്കൗട്ട് റൗണ്ടിനപ്പുറം പോലും ആരും അവര്‍ക്ക് അധിമാരും വില കല്പിച്ചിരുന്നില്ല.

പക്ഷേ, അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് തുടങ്ങിയ ക്രൊയേഷ്യ കരുത്തിന്റെയും ഭാഗ്യത്തിന്റെയും പിന്‍ബലത്തിലാണ് ഇവിടെ വരെ എത്തിയത്.

നോക്കൗട്ടിലെ മൂന്നു മത്സരവും അധികസമയത്തേക്കു നീണ്ടിട്ടും അവര്‍ കയറി വരികയായിരുന്നു. രണ്ടാം സെമി ഫൈനലിലായതിനാല്‍ ഫ്രാന്‍സിനെക്കാള്‍ ഒരുദിവസത്തെ വിശ്രമവും അവര്‍ക്കു കുറവാണ്.
ശാരീരികമികവില്‍ പക്ഷേ അവര്‍ ഫ്രാന്‍സിനെക്കാള്‍ മുന്നിലാണ്.

പ്രതിരോധത്തിലൂന്നി കളിക്കാനാവും ഫ്രാന്‍സ് ശ്രമിക്കുക. ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് മികച്ച ഫോമിലാണെന്നതും ഫ്രാന്‍സിന് ആശ്വാസമാണ്. സ്റ്റോപ്പര്‍ ബാക്കുകളായ സാമുവല്‍ ഉംറ്റിറ്റിയും റാഫേല്‍ വരാനെയും ഒത്തിണക്കത്തോടെ കളിക്കുന്നുണ്ട്.വലത് ബെഞ്ചമിന്‍ പൊവാര്‍ഡും ഇടത് ലൂക്കാസ് ഹെര്‍ണാണ്ടസും ഉംറ്റിറ്റിയേയും റാഫേല്‍ വരാനെയേയും സഹായിക്കാനുണ്ട്. ക്രൊയേഷ്യയുടെ മുന്നേറ്റ നിരയിലെ കരുത്തായ മരിയോ മാന്‍ഡ്‌സുകിച്ചിനെ പൂട്ടുകയാണ് വരാനെക്കും ഉംറ്റിറ്റിക്കും നല്കിയിട്ടുള്ള ചുമതല.

യുവതാരം ആന്റി റെബിച്ചും അതിവേഗം കയറിവരുന്ന സിമെ വ്രസാല്‍കോ എന്ന വിങ്ങ് ബാക്കും പ്രശ്‌നം എതിരാളികള്‍ക്കു പ്രശ്‌നമാകും. ലൂക്കാ മോഡ്രിച്ചിനെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ എന്‍ഗോളോ കാന്റെയും ഇവാന്‍ റാക്കിട്ടിച്ചിനെ പോള്‍ പോഗ്ബയും പിന്തുടരും.

ഇവിടെയാണ്  കിലിയന്‍ എംബാപ്പെയെ ഇറക്കിവിട്ട് ഫ്രഞ്ച് പരീക്ഷണങ്ങള്‍ നടക്കുക. തുടക്കത്തിലേ എംബാപ്പെ കുതിച്ചു കയറിയാല്‍ ഫ്രഞ്ച് ജയം എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍.

ഇതിനൊപ്പം വിങ്ങുകളിലൂടെയും ഒണ്‍ട്വോയ്ന്‍ ഗ്രീസ്മാനിലൂടെയും ഗോള്‍ നേടാമെന്നാണ് പ്രതീക്ഷ. കോര്‍ണര്‍കിക്കില്‍ ഫ്രാന്‍സ് കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഉയര്‍ന്നുവരുന്ന പന്തുകള്‍ വലയിലേക്കെത്തിക്കാന്‍ ഉംറ്റിറ്റിക്കും വരാനെയ്ക്കും അസാധാരണ കഴിവുണ്ട്.

ഷൂട്ടൗട്ട് സപെഷ്യലിസ്റ്റ് ഡാനിയേല്‍ സുബാസിച്ച് ക്രൊയേഷ്യന്‍ വല കാക്കാനുണ്ടെന്നതു പക്ഷേ കാര്യങ്ങള്‍ എളുപ്പമാക്കില്ല. ദെയാന്‍ ലോവ്‌റനും ദൊമാഗോയ് വിദായും ക്രൊയേഷ്യന്‍ പ്രതിരോധത്തിന്റെ ആണിക്കല്ലുകളാണ്. ഇവരെ പൂട്ടുക എളുപ്പമാവില്ല.

എംബാപ്പെയുടെ ശരവേഗത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇവാന്‍ സ്ട്രിനിക്കിനു കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാവും. ഈ വശത്തെ  ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മാഴ്‌സലോ ബ്രോസോവിച്ചും കേമനല്ല. അതിനാല്‍ വലതുവിങ്ങിലൂടെ ആക്രമിക്കാനാകും ദിദിയര്‍ ദെഷാം തന്റെ കുട്ടികള്‍ക്കു നിര്‍ദ്ദേശം കൊടുക്കുക.

ഈ ലോകകപ്പ് കണ്ട ഏറ്റവും മികച്ച മധ്യനിരക്കാരന്‍ ലൂക്കാ മോഡ്രിച്ചിന്റെയും അസാധാരണ പ്രതിഭയുള്ള പ്രതിരോധ മധ്യനിരക്കാരന്‍ കാന്റെയും പോരു കൂടിയായിരിക്കുമിത്. മോഡ്രിച്ചില്‍ നിന്നാണ് അവരുടെ നല്ല തുടക്കങ്ങളെല്ലാം വന്നിട്ടുള്ളത്.

ഈ കളിയിലെ താരത്തിനുള്ള പുരസ്‌കാരത്തിനായി മോഡ്രിച്ചും എംബാപ്പെയും മാറ്റുരയ്ക്കുന്നതും ഇന്നു രാത്രിയില്‍ കാണാനാവും.
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ലോകം നിമിഷങ്ങളെണ്ണുന്നു, ലുഷ്‌നിക്കി ഉണരുന്നതും കാത്ത്