Search

സാധ്യത ഫ്രാന്‍സിന്, പക്ഷേ, ഹൃദയം ക്രൊയേഷ്യയുടെ കൂടെ


ഷാജി ജേക്കബ്

മോസ്‌കോ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ ഇന്നു രാത്രി 8.30-നു
പന്തുരുളുമ്പോള്‍ അതിനു പിന്നാലെ പായുന്നത് 22 പേര്‍ മാത്രമല്ല, ലോകം മുഴുവന്‍ ആ പന്തിനു പിന്നാലെ ചുറ്റിത്തിരിയുന്നുണ്ടാവും. കലാശക്കൊട്ടിന്
യൂറോപ്യന്‍ ടീമുകളായ ഫ്രാന്‍സും ക്രൊയേഷ്യയും നേര്‍ക്കു നേര്‍.

ഇതുപോലൊരു ഫൈനല്‍ ആരും സ്വപ്‌നത്തില്‍ പോലും നിനച്ചിട്ടുണ്ടാവില്ല. ഫൈനലിലെത്താന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീം തന്നെയാണു ഫ്രാന്‍സ്. പക്ഷേ, ക്രൊയേഷ്യ....45 ലക്ഷം വരുന്ന ക്രൊയേഷ്യന്‍ ജനതയ്ക്ക് ഇതൊരു സ്വപ്ന ഫൈനല്‍. അതുകൊണ്ടു തന്നെയാണ് കരുത്തര്‍ ഫ്രാന്‍സ് തന്നെ എന്നു സമ്മതിക്കുമ്പോഴും ഫുട്‌ബോള്‍ പ്രേമികളില്‍ നല്ലൊരു പങ്ക് ഹൃദയം കൊണ്ടു
ക്രൊയേഷ്യയെ അനുഗ്രഹിക്കുന്നത്. ആരു ജയിച്ചാലും ആഹ്ലാദം പകരുന്ന ഫൈനല്‍. ആരു തോറ്റാലും ദുഃഖം പകരുന്ന ഫൈനല്‍. അതേ എല്ലാ കണക്കു കൂട്ടലുകളും പൊളിച്ചടുക്കുന്ന ലോകകപ്പ് ഫൈനലിനാവും ലുഷ്‌നികി സ്റ്റേഡിയം ഇന്നു സാക്ഷ്യം വഹിക്കുക.

ഇതു സൂപ്പര്‍ താരങ്ങളുടെ ലോകകപ്പ് അല്ല. ഒരു ബെക്കന്‍ ബോവറോ ജെര്‍ഡ്മു ള്ളറോ മറഡോണയോ റൊണാള്‍ഡോയോ (ബ്രസീല്‍) സിഡാനോ മെസിയോ
നെയ്മറോ ഒന്നും ഈ ഫൈനലില്‍ കളിക്കാനില്ല. സൂപ്പര്‍ താരങ്ങളെ ആശ്രയിച്ചുള്ള മുന്നേറ്റങ്ങളല്ല ഇവിടെ കണ്ടത്. ഏതാനും ചില വ്യക്തികളെ ആശ്രയിച്ചുള്ള ടീംവര്‍ക്കിന്റെ വിജയമാണ് ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ അവസാന പോരാട്ടത്തില്‍ എത്തിനില്‍ക്കുന്നത്. കേളീ സങ്കല്‍പ്പം അടുമുടി മാറിയിരിക്കുന്നു.

ആദ്യമേ തന്നെ ഒരു കാര്യം സമ്മതിക്കട്ടെ. ഈ ഫൈനലില്‍ ലോകകപ്പ് നേടാനുള്ള എല്ലാ സാധ്യതയും ഫ്രാന്‍സിനു തന്നെ. ശക്തമായ പ്രതിരോധവും സമതുലിതമായ മധ്യനിരയും മൂര്‍ച്ചയുള്ള ആക്രമണവും ഒത്തുചേര്‍ന്ന ടീമാണു ഫ്രാന്‍സ്. പക്ഷേ, മുഴുവന്‍ കരുത്തും പ്രകടമാക്കുന്ന പ്രകടനം ഫ്രാന്‍സ് ഇതു വരെ കാഴ്ചവച്ചിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. അവരുടെ പ്രധാന സ്‌ട്രൈക്കര്‍ ഒലിവിയര്‍ ജിറൂദ് തന്നെ മികച്ച ഉദാഹരണം. കക്ഷി ഇതു വരെ ഗോളടിച്ചിട്ടില്ല. പക്ഷേ, കോച്ച് ഡീഡിയെ ഡിഷാമിന്റെ ഇഷ്ട താരമായതുകൊണ്ട് എല്ലാ കളികളിലും കളിച്ചു. അതേ ഡിഷാമിന്റെയും ഫ്രാന്‍സിന്റെയും വഴികള്‍ തികച്ചും വ്യത്യസ്ഥമാണ്. ഫ്രാന്‍സ് ഇതുവരെ നാലാം ഗിയറില്‍ വീണിട്ടില്ല. അതാണ് അവരെ ഏറെ അപകടകാരികളാക്കുന്നത്.

എതിരാളികള്‍ക്ക് ഒരു സെക്കന്‍ഡ് പോലും ഇവരില്‍ നിന്നു കണ്ണെടുക്കാനാവില്ല. ഇതൊക്കെ സമ്മതിച്ചു. പക്ഷേ, ഈ ക്രൊയേഷ്യന്‍ ടീമുണ്ടല്ലോ...അവര്‍ യഥാര്‍ഥ പോരാളികളാണ്. അന്ത്യം വരെ പൊരുതി നില്‍ക്കുന്ന കൊലയാളികള്‍. കഴിഞ്ഞ
മൂന്നു കളികളിലും അധിക സമയം കളിച്ച്, അതില്‍ രണ്ടു കളികളില്‍ ടൈ ബ്രേക്കറും അതിജീവിച്ച് ഫൈനലിലെത്തിയ ടീമാണിത്. അവരുടെ കോച്ച് സ്ലാട്‌കോ ഡാലിച്ചിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രീ ക്വാര്‍ട്ടര്‍ മുതല്‍ മൂന്നു കളികള്‍ക്കു പകരം ആറു കളികള്‍ കളിച്ചാണ് ക്രൊയേഷ്യ ഫൈനലിലെത്തിയിരിക്കുന്നത്. അതിന്റേതായ നേട്ടവും കോട്ടവും ക്രൊയേഷ്യക്കുണ്ട്. അവരുടെ പ്രധാന സ്‌ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച് ഉള്‍പ്പെടെയുള്ള പല കളിക്കാരും പരിക്കിന്റെ പടിയിലാണ്. എല്ലാവരും തളര്‍ന്ന അവസ്ഥയില്‍. ഇതും ഫ്രാന്‍സിനു മുന്‍തൂക്കം നല്‍കുന്ന പ്രധാന ഘടകമാണ്. ക്രൊയേഷ്യയേക്കാള്‍ കൂടുതല്‍ വിശ്രമം ലഭിച്ച
ഫ്രഞ്ച് പട പൂര്‍ണ ആരോഗ്യവാന്മാരാണ്. ഈ ഫിറ്റ്‌നസ് പ്രശ്‌നവും ഫൈനലില്‍ പ്രധാന ഘടകമാവും.

പക്ഷേ, ഭാഗ്യം ക്രൊയേഷ്യയുടെ കൂടെയാണെന്ന കാര്യം മറക്കരുത്. പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചു കയറി വന്നവരാണ് അവര്‍. പ്രീ ക്വാര്‍ട്ടര്‍ മുതലുള്ള
കളികളില്‍ അതു കണ്ടതാണ്. ക്ഷമയോടെ കാത്തിരുന്ന് അവസരങ്ങള്‍ മുതലാക്കി ജയിച്ചു കയറുന്ന ടീം. വേണ്ടി വന്നാല്‍ 120 മിനിറ്റും അവര്‍ ക്ഷമയോടെ കാത്തിരിക്കും. യഥാര്‍ഥ വേട്ടക്കാരന്റെ ക്ഷമയാണത്. ഇന്നത്തെ ഫൈനലില്‍ ആദ്യ പകുതിയില്‍ തന്നെ വിജയമുറപ്പിച്ചില്ലെങ്കില്‍ ഫ്രാന്‍സിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

ഇനി ടീമിലേക്കു പോകാം. 4-2-3-1 ശൈലിയാണ് ഇരു ടീമുകളും
പിന്തുടരുന്നത്. ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ്. പല കളികളില്‍ പല നായകന്‍ എന്ന രീതിയാണ് പല ടീമുകളും ഇവിടെ പിന്തുടരുന്നത്. ഗ്രീസ്മാനൊപ്പം ഫ്രാന്‍സിന്റെ നായകന്‍ കൂടിയാണ് ലോറിസ്. ഭദ്രമായ കൈകള്‍. പവാഡ്, വാരനെ, സാമുവല്‍ ഉംറ്റിറ്റി, ഹെര്‍ണാണ്ടസ് എന്നിവരടങ്ങിയ
സുശക്തമായ റയല്‍ മാഡ്രിഡ് - ബാഴ്‌സിലോണ പ്രതിരോധം. പോള്‍ പോഗ്ബ, എന്‍ഗോള്‍ഡ് കാന്റെ. കിലിയാന്‍ എംബാപ്പെ, ബ്ലെയ്‌സ് മറ്റിഡ്വി, നായകന്‍ അന്റ്വാന്‍ ഗ്രീസ്മാന്‍ എന്നിവരടങ്ങുന്ന മികവുറ്റ മധ്യനിര. കുന്തമുനയായി ഒലിവിയര്‍ ജിരൂര്‍ദ്. ഫ്രഞ്ച് സൈന്യം വിപ്ലവത്തിനു തയാര്‍. കടലാസില്‍ ഫ്രാന്‍സ് തന്നെ കരുത്തര്‍. ഒരിക്കലും വിട്ടു കൊടുക്കാത്ത പോരാളികളാണ് ക്രൊയേഷ്യ. ഗോള്‍വലയം കാക്കാന്‍ ഡാനിയേല്‍ സുബാസിച്ച്.

ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെതിരായ ടൈ ബ്രേക്കറില്‍ മൂന്നു പെനാല്‍റ്റി കിക്കുകള്‍ രക്ഷപ്പെടുത്തിയ വീരനായകന്‍. സിമെ വ്രാസില്‍ക്കോ, ദേയന്‍ ലൊവേണ്‍, ദൊമാഗോ വീദ, ഇവാന്‍ സ്ട്രിനിച്ച്എ ന്നിവരടങ്ങുന്ന ശക്തമായ പ്രതിരോധനിര. നായകന്‍ ലൂക്കാ മോഡ്രിച്ച്ന യിക്കുന്ന മധ്യനിരയില്‍ ഇവാന്‍ റാക്കിറ്റിച്ച്, ബ്രൊസോവിച്ച്, ആന്റി റെബിച്ച്, ഇവാന്‍ പെരിസിച്ച് എന്നിവര്‍ കരുത്തു പകരുന്നു. സ്‌ട്രൈക്കര്‍ മരിയോ
മാന്‍സുകിച്ച് ഫോമിലാണ്. മാന്‍സുകിച്ച് പൂര്‍ണ  ആരോഗ്യവാനാണെങ്കില്‍ ഫ്രാന്‍സ് സൂക്ഷിച്ചാല്‍ കൊള്ളാം.

ക്രൊയേഷ്യയുടെ ഏറ്റവും മിക്ച്ച താരം ആരെന്നതില്‍ തര്‍ക്കമില്ല. ലൂക്കാ മോഡ്രിച്ച് തന്നെ. ലൂക്കാച്ചനേപ്പോലെ സിംപിളും എന്നാല്‍ പവര്‍ഫുളും ആയ താരങ്ങളാണ് ക്രൊയേഷ്യയുടെ കരുത്ത്. എംബാപ്പയെ പോലുള്ള കൗമാര
താരങ്ങളുടെ കുതിപ്പിന് ഇവര്‍ എങ്ങനെ കടിഞ്ഞാണിടും എന്നതിനെ ആശ്രയിച്ചിരിക്കും അന്തിമ ഫലം.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സാധ്യത ഫ്രാന്‍സിന്, പക്ഷേ, ഹൃദയം ക്രൊയേഷ്യയുടെ കൂടെ