Search

ബ്രസീലും വീണു, അതിശയങ്ങളുടെ ലോകകപ്പ് മുന്നോട്ട്...

ബെല്‍ജിയം-2 ബ്രസീല്‍ -1

കസാന്‍: ഈ ലോകകപ്പ് അതിശയങ്ങളുടേതാണ്. വമ്പന്മാരെ ഒന്നൊന്നായി ചവിട്ടിമെതിച്ചുകൊണ്ട് പുത്തന്‍കൂറ്റുകാര്‍ കുതിച്ചുകയറുന്ന കാഴ്ചയ്ക്കിടെ, മഞ്ഞപ്പടയും വീണു. അതേ, ബ്രസീലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് ബെല്‍ജിയം പുതിയ ചരിത്രമെഴുതി.

ഈ ലോകകപ്പില്‍ ഇനി മഞ്ഞപ്പടയ്ക്കായി ആരവം മുഴക്കാനാവില്ല. ലാറ്റിനമേരിക്ക ഒന്നാകെ ഈ ലോകകപ്പില്‍ നിന്നു തുടച്ചു മാറ്റപ്പെടുകയും ചെയ്തു. ഇനി യൂറോപ്യന്മാരുടെ കളിയാണ്.

ബ്രസീല്‍ തന്നെയാണ് എതിരാളികള്‍ക്കു മുന്നിലെത്താന്‍ വഴി തുറന്നിട്ടുകൊടുത്തത്. അവരുടെ താരം ഫെര്‍ണാണ്ടിന്യോയുടെ ദാനഗോളിലൂടെ ബെല്‍ജിയം മുന്നില്‍ കയറി. പിന്നീട്, കെവിന്‍ ഡി ബ്രയ്ന്‍ മനോഹരമായൊരു ഗോളിലൂടെ ബ്രസീലിനെ മുക്കുകയും ചെയ്തു.

ബ്രസീലിനായി റാഫേല്‍ അഗുസ്റ്റോ ആശ്വാസഗോള്‍ നേടി. ഇനി ചൊവ്വാഴ്ച സെമിയില്‍ ഫ്രാന്‍സും ബെല്‍ജിയവും തമ്മിലാണ് സെമി ഫൈനല്‍. രാത്രി 11.30നാണ് കളി.

നെയ്മറും ഫിലിപ്പ് കുടീന്യോയും എന്തുചെയ്യണമെന്നറിയാതെ വട്ടം ചുറ്റുന്ന കാഴ്ചയാണ് കസാനില്‍ കണ്ടത്. ടിറ്റെയുടെ തന്ത്രങ്ങളൊന്നും വിലപ്പോയില്ല. ബെല്‍ജിയമാകട്ടെ, കിട്ടിയ അവസരങ്ങളെല്ലാം മുതലെടുക്കുകയും ചെയ്തു. അസാധാരണ വേഗത്തിലായിരുന്നു ബെല്‍ജിയന്‍ നീക്കങ്ങള്‍.ഈ ലോകകപ്പില്‍ ആറു ഗോള്‍ മാത്രം വഴങ്ങിയിട്ടുള്ള പ്രതിരോധ നിരയെന്ന പെരുമയുമായെത്തിയ ബ്രസീല്‍ ആടിയുലയുന്ന കാഴ്ചയായിരുന്നു കാണാനായത്. ഇതിനിടയില്‍ തിരിച്ചടിക്കാന്‍ നടത്തിയ നീക്കങ്ങളെല്ലാം ബെല്‍ജിയന്‍ മതിലില്‍ തട്ടിച്ചിതറുകയും ചെയ്തു.

സസ്‌പെന്‍ഷനില്‍ പുറത്തിരിക്കേണ്ടിവന്ന കാസെമിറോയ്ക്ക് പകരം ഫെര്‍ണാണ്ടിന്യോയേയും ഫിലിപ്പ് ലൂയിസിനു പകരം പരിക്കുമാറിയെത്തിയ മാഴ്‌സെലോയും ഇറക്കിയാണ് ബ്രസില്‍ കളിച്ചത്.

നാസിര്‍ ചാഡ്‌ലിയെയും ഫെല്ലെയ്‌നിനെയും രംഗത്തിറക്കിയാണ് ബെല്‍ജിയം കളിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനെതിരെ ഗോളടിച്ചവരാണ് ഇരുവരും. കെവിന്‍ ഡി ബ്രയ്ന്‍ മുന്നേറ്റത്തിലേക്കിറങ്ങി. റൊമേലു ലുക്കാക്കുവും ഏദെന്‍ ഹസാര്‍ഡും കൂട്ടിനുണ്ടായിരുന്നു.

ഡി ബ്രയ്ന്‍ ആക്രമണ ചുമതലയേറ്റു. ഹസാര്‍ഡും ലുക്കാക്കുവും പിന്തുണ നല്‍കി. വശങ്ങളില്‍ ചാഡ്‌ലിയും മുനിയെറും മുന്നേറി. വിറ്റ്‌സെലും ഫെല്ലെയ്‌നിയും പ്രതിരോധം ശക്തമാക്കി.

കാസെമിറോയുടെ അസാന്നിദ്ധ്യത്തിനു പകരമുണ്ടായിരുന്നില്ല ബ്രസീലിന്. അതാണ് 15 മിനിറ്റിനുള്ളില്‍ അവര്‍ ഗോള്‍ വഴങ്ങാനും കാരണം. ചാഡ്‌ലിയുടെ ഇടതുഭാഗത്തുനിന്നുള്ള കോര്‍ണര്‍കിക്കിനിടെ, ലുക്കാക്കുവിനെ തടയാന്‍ ചുമതലയുള്ള ഫെര്‍ണാണ്ടിന്യോയ്ക്കു വന്ന പിഴവാണ് ഗോളിലേക്കു നയിച്ചത്. ലുക്കാക്കു മാറിപ്പോയത് ഫെര്‍ണാണ്ടിന്യോ അറിഞ്ഞില്ല. പന്ത് ഉയര്‍ന്നപ്പോള്‍ ഗബ്രിയേല്‍ ജെസ്യൂസും ഫെര്‍ണാണ്ടിന്യോയും ഒരുമിച്ചുചാടി. ഫെര്‍ണാണ്ടിന്യോയുടെ തലയില്‍തട്ടി പന്ത് സ്വന്തം വലയിലേക്ക് വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നു പോലും ഗോള്‍ കീപ്പര്‍ അല്ലിസണ് മനസ്സിലായില്ല. ആ ഗോളില്‍ തന്നെ ബ്രസീല്‍ തളര്‍ന്നു തുടങ്ങിയിരുന്നു.

ബ്രസീല്‍ തിരിച്ചുവരില്ലെന്ന് അപ്പോള്‍ തന്നെ തോന്നിത്തുടങ്ങിയിരുന്നു. നെയ്മറുടെ കാലില്‍നിന്ന് പ്രതിരോധനിരയില്‍ വിന്‍സെന്റ് കൊമ്പനിയും യാന്‍ വെര്‍ടോന്‍ഗനും ടോബി ആല്‍ഡെര്‍വെയ്‌റെള്‍ഡും അനായാസം അവര്‍ പന്ത് തിരിച്ചെടുത്തുകൊണ്ടു പോകുന്നതു കാണാമായിരുന്നു. അങ്ങനെ ബ്രസീലിയന്‍ ആക്രമണങ്ങള്‍ എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു.

ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ തിബൗ കുര്‍ടോ അക്ഷരാര്‍ത്ഥത്തില്‍ ഒരു മതില്‍ തന്നെയായിരുന്നു.

അടുത്ത ഊഴത്തില്‍ കോര്‍ണറില്‍ത്തട്ടിത്തെറിച്ച പന്തുമായി ലുക്കാക്കു മധ്യനിരയ്ക്കിപ്പുറത്തിനിന്ന് മുന്നേറുന്നു. പൗളീന്യോ തടയാനെത്തിയെങ്കിലും കഴിഞ്ഞില്ല. ലുക്കാക്കു ബ്രസീല്‍ ഗോള്‍മുഖത്തു വച്ച് വലതുഭാഗത്ത് ഡി ബ്രയ്‌നിലേക്ക് ഒന്നാന്തരം ക്രോസ് കൊടുത്തു. ബ്രസീല്‍ പ്രതിരോധം ചിതറിനില്‍ക്കുന്ന സമയമായിരുന്നു. 20 വാര അകലെവച്ച് ഡിബ്രയ്ന്‍ അടിതൊടുത്ത പന്ത് അല്ലിസണ് തടുക്കാനായില്ല.

രണ്ടാം പകുതിയില്‍ ഡഗ്ലസ് കോസ്റ്റയും റോബര്‍ട്ടോ ഫിര്‍മിനോയും റാഫേല്‍ അഗുസ്റ്റോയും കളത്തിലെത്തി. ഇതോടെ, തിരിച്ചടിക്കാനുള്ള ഊര്‍ജം ബ്രസീലിന് കൈവന്നു. കുടീന്യോയും നെയ്മറും ഫിര്‍മിനോയും കോസ്റ്റയും ബല്‍ജിയം ഗോള്‍മേഖലയില്‍ തന്നെ തമ്പടിച്ചു കിടന്നു. ഗോളെന്നു തോന്നിപ്പിക്കുന്ന പല മുഹൂര്‍ത്തങ്ങളിലും കൊമ്പനിയും ഫൈല്ലയ്‌നിയും പതറാതെ നിന്നു പ്രതിരോധിച്ചു.

നിരന്തര ശ്രമത്തിനൊടുവില്‍ ബോക്‌സിന് പുറത്തുനിന്നു  കുടീന്യോ ഉയര്‍ത്തിവിട്ട പന്ത് ഇടതുഭാഗത്ത് രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ അഗുസ്റ്റോ ചാടിയെടുത്ത് എതിരാളികളുടെ വല കുലുക്കി. പിന്നെയും അഗുസ്റ്റോയ്ക്കും കുടീന്യോയ്ക്കും കിട്ടിയ അവസരം അവര്‍ തുലച്ചു.

അവസാന നിമിഷങ്ങളിലൊന്നില്‍ നെയ്മറുടെ ഗംഭീര ഷോട്ട് കുര്‍ടോ അസാമാന്യകരുത്തോടെ ചാടിക്കുതിച്ച് ഒഴിവാക്കിക്കളഞ്ഞു. അവിടെ അവസാനിച്ചു ഈ ലോകകപ്പില്‍ ബ്രസീലിയന്‍ പോരാട്ടം.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ബ്രസീലും വീണു, അതിശയങ്ങളുടെ ലോകകപ്പ് മുന്നോട്ട്...