Search

അടിച്ചുകയറിയ ജപ്പാനുമേല്‍ അവസാന നിമിഷങ്ങളില്‍ മൂന്നു ബോംബുകള്‍ വര്‍ഷിച്ച് ബെല്‍ജിയം വിജയതീരത്ത്, ഇനി എതിരാളി ബ്രസീല്‍


റോസ്റ്റോവ്: ഫുട്‌ബോള്‍ ഇത്രമേല്‍ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കളിയാണെന്നു വ്യക്തമാക്കുന്നതായിരുന്നു ബെല്‍ജിയം-ജപ്പാന്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരം. ആദ്യ പകുതി ഗോളില്ലാതെ പിരിയുന്നു. രണ്ടാം പകുതിയില്‍ അപാര ഫോമിലുള്ള ബെല്‍ജിയന്‍ നിരയെ നിഷ്പ്രഭരാക്കി രണ്ടു മിന്നുന്ന ഗോളുകള്‍. ജപ്പാന്‍ ജയിച്ചുവെന്ന് ഉറപ്പിച്ചിടത്തു നിന്ന് അവസാന നിമിഷങ്ങളില്‍ അവര്‍ പരാജയത്തിലേക്കു കൂപ്പുകുത്തുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്.

മൂന്നു ഗോളുകള്‍ ജപ്പാനുമേല്‍ ബോംബുകള്‍പോലെ വര്‍ഷിച്ച് ബെല്‍ജിയം ക്വാര്‍ട്ടറിലേക്കു കയറിപ്പോകുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. പക്ഷേ, തോറ്റെങ്കിലും നെഞ്ചുവിരിച്ചു തന്നെ ജപ്പാന്‍ കളം വിട്ടു.

വെള്ളിയാഴ്ചയിലെ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ എതിരാളി ബ്രസീലാണ്. അക്രമകാരികളല്ലാത്ത ജപ്പാനെ അനായാസം തോല്‍പ്പിക്കാമെന്ന ഭാവമായിരുന്നു ബെല്‍ജിയത്തിന്. അത്രയേറെ പ്രൊഫഷണല്‍ താരങ്ങള്‍ അവരുടെ ടീമിലുണ്ടെന്നതും അമിത ആത്മവിശ്വാസത്തിനു കാരണമായി.

പക്ഷേ, എതിരാളികളെ ജപ്പാന്‍ വിയര്‍പ്പിക്കുകയല്ല, വിറപ്പിക്കുക തന്നെ ചെയ്തു. ഏഡന്‍ ഹസാര്‍ഡ്, റൊമേലു ലുക്കാകു എന്നിവരടങ്ങിയ ബെല്‍ജിയത്തെ ലവലേശം വകവയ്ക്കാതെ പൊരുതുകയായിരുന്നു ജപ്പാന്‍.

ആദ്യ പകുതിയില്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ട ജപ്പാനെ പിടിച്ചുകെട്ടാന്‍ ബെല്‍ജിയം വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു.  പക്ഷേ, രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ, 48ാം മിനിറ്റില്‍, ഹറഗുച്ചി ബെല്‍ജിയത്തെ വിറപ്പിച്ച് ഗോള്‍ വല കുലുക്കി.

ഗെങ്കി ഹരാഗുച്ചിയാണ് സ്‌കോര്‍ ചെയ്തത്. ഗാക്കു ഷിബാസകിയുടെ ലോംഗ് പാസില്‍ നിന്നായിരുന്നു ഹരാഗുച്ചി ഗോള്‍ ഉതിര്‍ത്തത്. ആ നടുക്കം മാറുന്നതിനു മുന്‍പേ, ഗോള്‍ പോസ്റ്റിന്റെ 25 വാര അകലെ നിന്ന് തകാഷി ഇന്യുയി പായിച്ച ഷോട്ട് ബെല്‍ജിയന്‍ ഗോള്‍ വലയ്ക്കുള്ളിലായി. ഇതോടെ, ബെല്‍ജിയന്‍ തോല്‍വി ഏതാണ്ട് ഉറപ്പിക്കപ്പെട്ടു.

വമ്പന്മാരെ മുട്ടുകുത്തിച്ചെത്തിയ  ബെല്‍ജിയം കോച്ച് അസ്വസ്ഥനായി. അദ്ദേഹം ഓരോ നീക്കവും എങ്ങനെ വേണമെന്നു പുറത്തുനിന്നു നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. പിന്നീട് ബെല്‍ജിയം ഉണര്‍ന്നെണീറ്റു.

ഗോള്‍ നേടാനുള്ള സുവര്‍ണാവസരം 62ാം മിനിറ്റില്‍ ലുക്കാക്കു നഷ്ടമാക്കി. ഇതോടെ, ബെല്‍ജിയന്‍ നിരയില്‍ രണ്ടുപേരെ മാറ്റിയിറക്കി. അതു ഫലം കാണുകയും ചെയ്തു.

തകര്‍പ്പന്‍ ഹെഡറിലൂടെ യാന്‍ വര്‍ട്ടോംഗന്‍ 69ാം മിനിറ്റില്‍ ബെല്‍ജിയന്‍ അക്കൗണ്ട് തുറന്നു. 74ാം മിനിറ്റില്‍ അവര്‍ ജപ്പാന് ഒപ്പമെത്തി. ഹസാര്‍ഡ് നല്‍കിയ ക്രോസ് പാസില്‍ നിന്ന് ഹെഡറിലൂടെ പകരക്കാരനായിറങ്ങിയ മൗറാന്‍ ഫെല്ലിനിയാണ് സമനില ഗോള്‍ നേടിയത്.

ഇഞ്ചുറി ടൈമില്‍ ഇരുടീമും ആക്രമണത്തിന് മൂര്‍ച്ച കൂടി.  ഷിബാസാക്കിയേയും ഗോള്‍ നേടിയ ഹരാഗുച്ചിയെയും പിന്‍വലിച്ച് ജപ്പാന്‍ ഹോണ്ടയേയും യാമാഗുച്ചിയേയും കളത്തിലിറക്കി. ഹോണ്ട വന്നതോടെ ജപ്പാന്‍ വീണ്ടും ഉണര്‍ന്നു.

ജാപ്പനീസ് പോസ്റ്റിലേക്ക് കുതിച്ചുവന്ന ചാഡ്‌ലിയുടേയും ലൂക്കാക്കുവിന്റെ ഹെഡറുകള്‍ ഗോളി കവാഷിമ അതിസമര്‍ത്ഥമായി തടഞ്ഞിട്ടു. അധികം കഴിയുന്നതിനു മുന്‍പ് കൗണ്ടര്‍ അറ്റാക്കിലൂടെ നാസര്‍ ചാഡ്‌ലി ജപ്പാന്റെ വിധിയെഴുതി. അവിശ്വസനീയമായ വിജയഗോള്‍!!

2002ലും 2010ലും പ്രീക്വാര്‍ട്ടറിലെത്തി വീണുപോയ ചരിത്രം ആവര്‍ത്തിച്ചു ജപ്പാന്‍ മടങ്ങി, അടുത്ത ലോകകപ്പിനായി!!

Keywords: Belgium, Japan, World Cup, Russia
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അടിച്ചുകയറിയ ജപ്പാനുമേല്‍ അവസാന നിമിഷങ്ങളില്‍ മൂന്നു ബോംബുകള്‍ വര്‍ഷിച്ച് ബെല്‍ജിയം വിജയതീരത്ത്, ഇനി എതിരാളി ബ്രസീല്‍