Search

പരുന്തിനെ കോഴിക്കുഞ്ഞ് റാഞ്ചി, ലോകകപ്പില്‍ ചാമ്പ്യന്മാരുടെ ശാപം തുടരുന്നു


ജര്‍മനി തോറ്റു പുറത്ത്, സ്വീഡന്‍, മെക്‌സിക്കോ പ്രീ ക്വാര്‍ട്ടറില്‍


ഷാജി ജേക്കബ്

ഇതാണ് ലോകചാമ്പ്യന്മാരുടെ അവസാനം. പൊട്ടിത്തെറിച്ചല്ല, ചെറിയൊരു ഞരക്കത്തോടെ. 2002-ല്‍ ഫ്രാന്‍സ്, 2010-ല്‍ ഇറ്റലി, 2014-ല്‍ സ്‌പെയിന്‍, 2018-ല്‍ ജര്‍മനി.... ലോകകപ്പില്‍ ചാമ്പ്യന്മാരുടെ ശാപം തുടരുന്നു.

പ്രതീക്ഷകളെല്ലാം കീഴ്‌മേല്‍ മറിഞ്ഞ രാത്രിയില്‍ ഇഞ്ചുറി സമയത്ത് രണ്ടു ഗോളടിച്ച് ദക്ഷിണ കൊറിയ ജര്‍മന്‍ മുറിവില്‍ മുളകരച്ചു തേച്ചു. കൊറിയയോടു 0-2 തോല്‍വിയുമായി എഫ് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി ജര്‍മനി നാണംകെട്ടു. മെക്‌സിക്കോയെ 3-0-നു തകര്‍ത്ത് എഫ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവുമായി സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായി മെക്‌സിക്കോയും മുന്നേറി.

റഷ്യയില്‍ എല്ലാം തലകീഴായി മറിഞ്ഞ രാത്രിയില്‍ തവള പാമ്പിനെ വിഴുങ്ങുന്നതു പോലെ, കോഴിക്കുഞ്ഞു പരുന്തിനെ റാഞ്ചുന്നതു പോലെ, ദക്ഷിണ കൊറിയ ഏകപക്ഷീയമായ രണ്ടു ഗോളിനു ചാമ്പ്യന്മാരായ ജര്‍മനിയെ തകര്‍ത്തു വിട്ടു. 80 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തിലാദ്യമായി ജര്‍മനി ആദ്യ റൗണ്ടില്‍ വീണു. അതും തിരിച്ചടിക്കാനുള്ള ശേഷിയില്ലാതെ, നിസ്സഹായരായി.

വെറും ചാമ്പ്യന്മാരായല്ല അവര്‍ വന്നത്. കപ്പ് നിലനിര്‍ത്താനുറച്ചായിരുന്നു. പക്ഷേ, സ്വീഡനോടും മെക്‌സിക്കോയോടും തോറ്റ് ഒരു പ്രതീക്ഷയുമില്ലാതെ നിന്ന ദക്ഷിണ കൊറിയയ്‌ക്കെതിരെ ഒരു ഗോള്‍ പോലുമടിക്കാനാവാതെ രണ്ടു ഗോള്‍ വഴങ്ങി ജര്‍മനി നിലംപൊത്തി.


ഒടുവില്‍, വി.എ.ആര്‍ ആണ് ചാമ്പ്യന്മാരെ വീഴ്ത്തിയതെന്നു വേണമെങ്കില്‍ പറയാം. കിം യോങ് ഗ്വോണിന്റെ ആദ്യ ഗോള്‍ ഓഫ് സൈഡെന്ന് റഫറി ആദ്യം വിധിച്ചതായിരുന്നു. പക്ഷേ, വി.എ.ആര്‍ പരിശോധനയില്‍ ടോണി ക്രൂസില്‍ നിന്നു വന്ന പന്താണതെന്നു വ്യക്തമായി. അതിനു പിന്നാലെ മറ്റൊരടി കൂടി. എല്ലാം മറന്നു കയറിക്കളിച്ച ജര്‍മന്‍ ഗോളി മാനുവല്‍ നൂയര്‍ ഇല്ലാത്ത വലയില്‍ പന്തെത്തിച്ച് സോന്‍ ഹ്യൂങ് മിന്‍ ജര്‍മനിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു കയറ്റി.

ലോകകപ്പില്‍ കഴിഞ്ഞ അഞ്ചു നിലവിലുള്ള ചാമ്പ്യന്മാരില്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്ന നാലാമത്തെ ചാമ്പ്യന്മാരായി ജര്‍മനി. സ്വീഡനെ പരാജയപ്പെടുത്തിയ കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുത്തിയ മെസുട് ഓസിലിനെയും സാമി ഖെദീരയേയും തിരിച്ചുവിളിച്ചിട്ടും ജര്‍മനിക്കു രക്ഷയുണ്ടായില്ല. സ്വീഡനെതിരെ അവസാന നിമിഷം ഗോളടിച്ച ടോണി ക്രൂസിനോ മുള്ളര്‍ക്കോ ജര്‍മനിയെ ഇത്തവണ രക്ഷിക്കാനായില്ല. ഇതു ജര്‍മനിയുടെ ദിവസമായിരുന്നില്ല. പക്ഷേ, പൊക്കക്കാരനായ കൊറിയന്‍ ഗോളി ചോ ഹ്യുന്‍ വൂയുടെ ദിവസമായിരുന്നു. ഉജ്വല രക്ഷപ്പെടുത്തലുകളിലൂടെ ചോ ജര്‍മനിക്കു മുന്നില്‍ തകരാത്ത മതിലായി നിലകൊണ്ടു. ടീമിലെ മൂന്നാം ഗോളിയായി വന്ന് ഇവിടെ ഉയരത്തിന്റെ ആനുകൂല്യത്തില്‍ ഒന്നാം ഗോളിയായി മാറിയ ചോ കോച്ച് ഷിന്‍ തെയ് യോങ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു.

തലമുടി സ്റ്റൈലില്‍ വെട്ടി നിര്‍ത്തിയരിക്കുന്ന ചോ നാട്ടില്‍ 'ദെയ് ഹെയര്‍' എന്നാണ് അറിയപ്പെടുന്നത്. മഹത്തായ തലമുടിയുള്ളവന്‍ എന്നര്‍ഥം. സ്പാനിഷ് ഗോളി ദേ ഹെയയെ കളിയാക്കിയുള്ള ഇരട്ടപ്പേരു
കൂടിയാണിത്. കൊറിയ - ജര്‍മനി മത്സരം 9 മിനിറ്റ് ഇഞ്ചുറി സമയം മൂലം നീണ്ടപ്പോള്‍ എകാതറിന്‍ബര്‍ഗില്‍ മെക്‌സിക്കോ താരങ്ങള്‍ വിറച്ചു പോയി. സ്വീഡനോടു 0-3-നു തോറ്റ് പുറത്തായെന്നു കരുതി അവര്‍ തളര്‍ന്നിരുന്നു. ഹാവിയര്‍ ഹെര്‍ണാണ്ടസ് പതിയെ എഴുന്നേറ്റ് സൈഡ്‌ലൈനിലെത്തി ബഞ്ചിലിരുന്നവരോട് ഒടുവിലത്തെ വിവരം തിരക്കി. അപ്പോള്‍ കൊറിയയും ജര്‍മനിയും ഗോള്‍രഹിത സമനിലയിലായിരുന്നു. പ്രതീക്ഷയ്ക്ക് ഇനിയും വകയുണ്ട്. അപ്പോഴതാ കാണികള്‍ ആരവമുയര്‍ത്തുന്നു. കൊറിയ ഒരു ഗോളടിച്ചു. പക്ഷേ, ആ ഗോള്‍ നിരാകരിച്ചെന്നു കേട്ടപ്പോള്‍ വീണ്ടു നിരാശ. പക്ഷേ, വൈകാതെ എല്ലാം ശരിയായി. സ്വീഡനും ഒപ്പം മെക്‌സിക്കോയും മുന്നോട്ട്. ഒടുവില്‍ എഫ് ഗ്രൂപ്പ് യഥാര്‍ഥ മരണ ഗ്രൂപ്പായി മാറി.

വിജയം എന്ന ഒറ്റ ലക്ഷ്യവുമായി തുടക്കം മുതല്‍ ഒടുക്കം വരെ തകര്‍ത്തു കളിക്കുന്ന സ്വീഡനെയാണ് കണ്ടത്. ആദ്യ പകുതിയില്‍ മെക്‌സിക്കോ ഒരു വിധം പിടിച്ചു നിന്നു. പക്ഷേ, രണ്ടാം പകുതിയില്‍ സ്വീഡന്‍ അതിന്റെ കേടു തീര്‍ത്തു. 51-ാം മിനിറ്റില്‍ ലുഡ്‌വിഗ് അഗസ്റ്റിന്‍സണിലൂടെ സ്വീഡന്‍ മുന്നിലെത്തി. പെനാല്‍റ്റി കിക്കിലൂടെ നായകന്‍ ആന്‍ഡ്രിയാസ് ഗ്രാന്‍ഡ്ക്വിസ്റ്റ് സ്‌കോര്‍ 2-0 ആക്കി. ഗ്രാന്‍ഡ്ക്വിസ്റ്റിന്റെ രണ്ടാം പെനാല്‍റ്റി ഗോള്‍. പകരക്കാരന്‍ ഐസക് കീസെയിലൂടെ സ്വീഡന്‍ പട്ടിക തികച്ചു. മെക്‌സിക്കന്‍ ഗോളി ഓച്ചോ ഇന്നു പതിവു ഫോമിലായിരുന്നില്ല. എന്തായാലും തോല്‍വി മെക്‌സിക്കോയ്ക്കു തിരിച്ചടിയായില്ല. കൊറിയ അവരെ തുണച്ചു.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പരുന്തിനെ കോഴിക്കുഞ്ഞ് റാഞ്ചി, ലോകകപ്പില്‍ ചാമ്പ്യന്മാരുടെ ശാപം തുടരുന്നു