Search

ഇതൊരു കീഴടങ്ങലാണ്, ആത്മവിശ്വാസക്കുറവ് പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുന്നു, വിമര്‍ശനവുമായി ഷാഫി പറമ്പില്‍

തിരുവനന്തപുരം രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ അമര്‍ഷം പുകയുമ്പോള്‍ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ.

മാണിക്കു രാജ്യസഭാ സീറ്റ് നല്‍കിയത് കീഴടങ്ങലാണെന്നും പാര്‍ട്ടി നേതൃത്വത്തെ ആത്മവിശ്വാസക്കുറവ് ബാധിച്ചിരിക്കുകയാണെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഷാഫി പറമ്പില്‍ പറയുന്നു.

മതിയായ കാണമില്ലാതെയാണ് കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത്. മുന്നണിയിലേക്കു വീണ്ടും തിരിച്ചെത്തുന്നതിനു മുമ്പു തന്നെ രാജ്യസഭാ സീറ്റു നല്‍കി ആനയിച്ചു. കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടിട്ടു മുന്നണി ശക്തമാക്കാനാവില്ലെന്നും ഷാഫി പറമ്പില്‍ പറയുന്നു.

മാണിക്കും യുഡിഎഫിനും എതിരെ വന്ന ആരോപണങ്ങള്‍ നേരിടുന്നതില്‍ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്ട്. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം തിട്ടൂരത്തെ മറികടന്ന് ബജറ്റ് അവതരിപ്പിക്കാന്‍ ഉറക്കമൊഴിഞ്ഞ് പോരാടിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മുന്നണി രാഷ്ട്രീയത്തിലെ സമ്മര്‍ദ്ദങ്ങള്‍ മനസ്സിലാവാത്ത സങ്കുചിത ചിന്താഗതിക്കാരനല്ല. രാജ്യസഭാ സീറ്റിലെ അഭിപ്രായം ഫേസ്ബുക്കില്‍ കുറിച്ചതൊഴിവാക്കിയാല്‍ സാധരണയായി പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്ത് പറയാറുമില്ല.


പക്ഷെ ഇപ്പോ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശാവഹമല്ല.
രാജ്യസഭാ സീറ്റ് ഒരു പുതുമുഖത്തിന് നല്‍കണമെന്ന പൊതു വികാരം തുറന്ന് പറഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണ്.
മുന്നണി രാഷ്ട്രീയത്തില്‍ വിട്ടു വീഴ്ചകള്‍ അനിവാര്യമാണെന്നും അറിയാം പക്ഷെ ഒരാളെ മാത്രം രാജ്യസഭയിലയക്കാന്‍ അവസരം കിട്ടുമ്പോള്‍ സാധരണയായി ഘടകകക്ഷിയല്ലാ മത്സരിക്കാറുള്ളത്.. കോണ്‍ഗ്രസ്സ് തന്നെ മത്സരിക്കുന്നതാണ് കീഴ്‌വഴക്കം.


ഇതൊരു കീഴടങ്ങലാണ്. ആത്മവിശ്വാസക്കുറവ് പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണ്. മതിയായ ഒരു കാരണവുമില്ലാതെയാണ് കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടത്. എന്നിട്ട് തിരിച്ച് വരുന്നതിന് മുന്‍പ് തന്നെ രാജ്യസഭാ സീറ്റ് നല്‍കിയിട്ട് വേണോ തിരിച്ചാനയിക്കാന്‍. കോണ്‍ഗ്രസ്സ് ദുര്‍ബ്ബലപ്പെട്ട് ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒന്നല്ല മുന്നണി.


മുന്നണി സംവിധാനത്തില്‍ സി.പി.എം നെ പോലെ ഡോമിനേറ്റ് ചെയ്യണമെന്ന അഭിപ്രായമില്ല. പക്ഷെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ പൂര്‍ണ്ണമായി അവഗണിച്ചെത്തിചേരുന്ന തീരുമാനങ്ങള്‍ തകര്‍ക്കുന്നത് ലക്ഷക്കണക്കിനു പ്രവര്‍ത്തകരുടെ ആത്മവീര്യത്തെയാണെന്ന് അറിയാതെ പോകരുത്. വീരേന്ദ്രകുമാറിന് കൊടുത്ത രാജ്യസഭാ സീറ്റിന്റെ അവസ്ഥ ഓര്‍മ്മയിലുണ്ടായിരിക്കണം.

മാണി സാറിനെതിരേയും യു.ഡി.എഫിനെതിരേയും വന്ന ആരോപണ ശരങ്ങളെ നേരിടുന്ന കാര്യത്തില്‍ പാര്‍ട്ടി താല്‍പര്യം പരിഗണിച്ച് നിന്നിട്ടുണ്ട്. അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സി.പി.എം തിട്ടൂരത്തെ മറികടന്ന് മാണി സാര്‍ തന്നെ ബഡ്ജറ്റ് അവതിരിപ്പിക്കാന്‍ ഉറക്കമൊഴിച്ച് പോരാടിയിട്ടുണ്ട്..സഭാ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി ഉയര്‍ത്തിക്കാണിച്ച ലഡുവിനെ ചൊല്ലി ഒരുപാട് വിമര്‍ശ്ശിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും തോന്നത്ത ആശങ്ക ഇപ്പോ അനുഭവപ്പെടുന്നു.


മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ്സ് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നയാള് തന്നെയാണ് ഞാനും. പ്രത്യേകിച്ച് പിണറായി ഇപ്പോ നടത്തി കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍.


വി.എസ്സിന്റേയും പിണറായിയുടേയും നിത്യ ശത്രു ബാലകൃഷ്ണപിള്ളയേയും ഗണേഷിനെ പോലും കൂടെ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍. അകന്ന് ധ്രുവങ്ങളില്‍ കഴിഞ്ഞിരുന്ന വീരേന്ദ്രകുമാറിന്റെ മുന്നില്‍ പോലും പരവതാനി വിരിക്കുമ്പോ. 5 രക്തസാക്ഷികളെ പോലും മറന്ന് എം.വി.ആറിനേയും മകനേയും കൂട്ട് പിടിക്കുമ്പോള്‍. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ 5 വര്‍ഷം ആക്ഷേപിച്ച മാണി സാറിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമ്പോള്‍. ഗൗരിയമ്മയെ പോലും മടക്കി കൊണ്ട് പോവുമ്പ്‌പോ.. മുന്നണി ശാക്തീകരണം ഒരു അനിവാര്യത തന്നെയാണ്. പക്ഷെ അത് ഈ രാജ്യസഭാ സീറ്റിന്റെ പേരിലാവരുതായിരുന്നു.


മുന്നണിയില്‍ അവര്‍ വന്നതിന് ശേഷം അര്‍ഹമായ പരിഗണന നല്‍കുന്നതിനാരും എതിരാവുമായിരുന്നില്ല. വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയതും പ്രേമചന്ദ്രന് ലോകസഭാ സീറ്റ് നല്‍കിയതുമൊക്കെ പാര്‍ട്ടി പ്രവര്‍ത്തകരും അംഗീകരിച്ചതായിരുന്നു.


നിരാശയുണ്ട് പക്ഷെ. ഈ പതാക താഴെ വെക്കില്ലാ. പ്രവര്‍ത്തിക്കും പാര്‍ട്ടിക്ക് വേണ്ടി. ഊര്‍ജ്ജത്തോടെ തന്നെ. കോണ്‍ഗ്രസ്സ് ഈ രാജ്യത്തിന്റെ അനിവാര്യതയാണ്. ഒരു ഉപതെരഞ്ഞെടുപ്പും രാജ്യസഭാ സീറ്റ് നിര്‍ണ്ണയം കൊണ്ടും നിര്‍ത്തി പോകാവുന്ന യുദ്ധമല്ല 2019ല്‍ നമ്മളേറ്റെടുക്കേണ്ടത്.


Highlight: Shafi Parambil flays congress leadership
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഇതൊരു കീഴടങ്ങലാണ്, ആത്മവിശ്വാസക്കുറവ് പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുന്നു, വിമര്‍ശനവുമായി ഷാഫി പറമ്പില്‍