Search

സ്തീകളെ പരസ്യമായി അധിക്ഷേപിക്കുന്ന അമ്മയില്‍ ജനാധിപത്യം പുലരില്ല, ഇനി ആ സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല, സൂപ്പര്‍ താരങ്ങളെ അടക്കം അതിരൂക്ഷമായി വിമര്‍ശിച്ച് റിമ കല്ലിംഗല്‍


തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു നടിയും സംവിധായകന്‍ ആഷിക് അബുവിന്റെ ഭാര്യയുമായ റിമാ കല്ലിംഗല്‍. റിപ്പോര്‍ട്ടര്‍ ടിവിയിലെ ചാറ്റ് ഷോയിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യമായാണ് ഒരു താരം ഇത്രയും രൂക്ഷമായി താരസംഘനടയ്‌ക്കെതിരേ പരസ്യമായ നിലപാടെടുക്കുന്നത്. ഇതോടെ, താരപ്പോര് കൂടുതല്‍ രൂക്ഷമാവുകയാണ്.

അമ്മയുടെ യോഗത്തില്‍ വിമന്‍ കളക്ടീവ് ഇന്‍ സിനിമയിലെ അംഗങ്ങള്‍ പോകാതിരുന്നത്  ആ യോഗത്തില്‍ പോയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല എന്നതിനാലാണെന്നു റിമ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് അമ്മയുമായി പലവിധ ചര്‍ച്ചകള്‍ ഒരു വര്‍ഷമായി നടത്തുന്നുണ്ട്. ഒരു ഫലവുമുണ്ടായില്ല.  ഞങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങളോട് എന്ത് രീതിയിലാണ് ഇവര്‍ പ്രതികരിച്ചതെന്ന് അടുത്തിടെ നടന്ന 'അമ്മ മഴവില്‍' എന്ന പരിപാടിയില്‍ അവതരിപ്പിച്ച സ്‌കിറ്റിലൂടെ എല്ലാവരും കണ്ടതാണ്.

ഡബ്ലിയുസിസിയുടെ നിലപാടുകളെ അധിക്ഷേപിക്കുന്ന സ്‌കിറ്റ് അവിടെ അവതരിപ്പിച്ചു. സ്വാതന്ത്ര്യത്തിനും സമത്വത്തിനും  വേണ്ടി സ്ത്രീകളുടെ മുന്നേറ്റങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്. അപ്പോഴാണ് കേരളത്തില്‍ വലിയൊരു പ്‌ളാറ്റ്‌ഫോമില്‍ സ്ത്രീശാക്തീകരണത്തെ വളരെ മോശമായി അവതരിപ്പിച്ച് കളിയാക്കിയത്. സംഘടനയുടെ വളരെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു ആ സ്‌കിറ്റെന്ന് ഓര്‍ക്കുക.

പാര്‍വതിയും പദ്മപ്രിയയും ഇത്തരത്തിലൊരു സ്‌കിറ്റ് ഉണ്ടാകുമെന്ന് അറിയാതെയാണ് അതില്‍ പങ്കെടുത്തത്. ഞങ്ങളെ വിളിച്ചുവരുത്തിയ ഒരു ഈവന്റിലായിരുന്നു അത്തരമൊരു സ്‌കിറ്റ്.

ഇത്തരക്കാരോട് ലോജിക്കലായുള്ള ഒരു ചര്‍ച്ചയ്ക്ക് ഇരുന്നുകൊടുക്കണമെന്ന് തോന്നിയില്ല. ഇത്രയും ഗൗരവമായ വിഷയം അമ്മയില്‍ പോയി പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാമിയിരുന്നു. അതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.

'അമ്മ'യുടെ ഭാഗമായി തുടരണമോ എന്നു തീരുമാനിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് ഞങ്ങള്‍. കുറ്റാരോപിതനായ, മൂന്ന് മാസം ജയിലില്‍ കിടന്ന, രണ്ട് തവണ ജാമ്യം തള്ളപ്പെട്ട  ഒരാള്‍ ഈ സംഘടനയില്‍ നില്‍ക്കുന്നു. സംഭവത്തിന്റെ ഭാഗമായ, അതിനെ അതിജീവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരാളും ഇതേ സംഘടനയില്‍ നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ എന്തിന് സംഘടനയില്‍ തുടരണമെന്ന് 'അമ്മ'  ഞങ്ങളെ ബോധ്യപ്പെടുത്താതെ തുടരേണ്ടെന്നാണ് കരുതുന്നത്.

വ്യക്തിപരമായി 'അമ്മ'യില്‍ തുടരാന്‍ വളരെ ബുദ്ധിമുട്ടാണ്. ഡബ്‌ളുസിസിയുടെ തീരുമാനം പിന്നീട് അറിയിക്കും. യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത് വ്യക്തിപരമായ തീരുമാനപ്രകാരമാണ്.

നടി ആക്രമിക്കപ്പെട്ട വിഷയം വളരെ ഗൗരവമായി മനസ്സിലാക്കി ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നിരവധി പുരുഷന്മാരുണ്ട്. പക്ഷേ, കാര്യങ്ങളൊന്നും മനസ്സിലാക്കാത്ത സ്ത്രീകളുമുണ്ട്. ഊര്‍മിള ഉണ്ണി ഒരു ഉദാഹരണം മാത്രം. (ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ യോഗത്തില്‍ ശക്തമായ ആവശ്യമുന്നയിച്ചത് ഊര്‍മിള ഉണ്ണിയായിരുന്നു.)

ഞങ്ങള്‍ ശ്രമിക്കുന്നത് ആര്‍ക്കും എന്തും തുറന്നുപറയാനുള്ള ഇടമുണ്ടാക്കാനാണ്.  അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍, ക്രൂരമായ ലൈംഗികാതിക്രമത്തെ  അതിജീവിച്ച നടി അല്‍പ്പദിവസത്തിനകം നിലപാട് വ്യക്തമാക്കും.

ഇത്തരം നിലപാടെടുക്കുന്നവരെ സിനിമയില്‍ നിന്നു തന്നെ ഇല്ലാതാക്കുമെന്ന് പറയുന്നത് പ്രായോഗികമല്ല. സിനിമ എന്നത് കുറച്ചാളുകളുടെ കുത്തകയായിരുന്ന കാലമുണ്ടായിരുന്നു. കാലം ഒരുപാട് മാറി. ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരുപാട് പ്‌ളാറ്റ്‌ഫോമുകളുണ്ട്. അതുകൊണ്ട് ഇങ്ങനെയൊക്കെ സംസാരിച്ചാല്‍ ഒതുക്കിക്കളയും എന്നുള്ള പേടിയൊന്നുമില്ല. എന്നാല്‍ അത്തരം ഒറ്റപ്പെടുത്തലുകള്‍ക്കുള്ള ശ്രമം ഉണ്ടാകുമെന്ന് ഉറപ്പാണ്, ഉണ്ടാകുന്നുമുണ്ട്.

ചെറിയൊരു സംഘമാണെന്ന് കരുതിപ്പോകാനൊന്നും ഇനി ഞങ്ങള്‍ക്കു പറ്റില്ല. ഇവിടെ വരെയെത്തി. വലിയൊരു ഇടമുണ്ട്. അതുകൊണ്ട് മുന്നോട്ടുതന്നെ പോകും. ആരെന്തു പറഞ്ഞാലും, എന്തു ചെയ്താലും പിന്നോട്ടു പോകില്ല. എന്തു ഭവിഷ്യത്തുകള്‍ വന്നാലും ഞങ്ങള്‍ ആ പെണ്‍കുട്ടിക്കൊപ്പം തന്നെയാണ്.

ഞങ്ങളെ എതിര്‍ക്കുന്ന ഫാന്‍സുകാരോടും ഇതേ പറയാനുള്ളൂ. അക്രമിക്കപ്പെട്ട പെണ്‍കുട്ടിയെപ്പോലെയോ സമാനമായതോ ആയ സാഹചര്യം അവര്‍ക്കുണ്ടായാല്‍ അന്നും ഇവര്‍ ആക്രമിക്കപ്പെട്ടവരോടൊപ്പമായിരിക്കില്ല എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അവരവര്‍ക്ക് സംഭവിക്കുമ്പോള്‍ മാത്രമേ  മനസ്സിലാകൂ എന്നാണെങ്കില്‍ പിന്നെ പരിഷ്‌കൃത ജീവിവംശമാണ് നമ്മള്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

ജനാധിപത്യപരമായി ഏറ്റവും സുതാര്യമായി സംസാരിക്കാവുന്ന ഇടമാണ് സോഷ്യല്‍മീഡിയ.
എന്നാല്‍, 'അമ്മ' ജനാധിപത്യ സംഘടനയാണെന്ന് കരുതുന്നില്ല. ആ സംഘടനയില്‍ ജനാധിപത്യം പുലരുമെന്ന പ്രതീക്ഷയുമില്ല. പ്രതീക്ഷ കേരളത്തിലെ ജനങ്ങളിലാണ്. ഇത്രയും ക്രൂരമായ ഒരു അക്രമം നടന്നിട്ടും വളരെ ശക്തമായി പൊരുതിയ, ഇനിയും പൊരുതുമെന്ന് പറയുന്ന, ഒരു സ്ത്രീയുടെ കൂടെ ഒരു സമൂഹം നില്‍ക്കുമെന്ന വിശ്വാസം മാത്രമാണുള്ളത്.

ഈ നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ല. ചോദിക്കുന്ന ഓരോ കാര്യവും നീതിക്ക് നിരക്കുന്നതാണെന്ന ഉറപ്പുള്ളതുകൊണ്ടാണ്, ഇത്രയും എതിര്‍പ്പുണ്ടായിട്ടും, ഇത്രയും ശക്തമായി ഞങ്ങള്‍ നില്‍ക്കുന്നത്.  ദ്രോഹിക്കപ്പെട്ടയാളെ സംരക്ഷിക്കണമെന്നും നീതിലഭ്യമാക്കണമെന്നും മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഒരു തരത്തിലും ആരെയും ദ്രോഹിക്കുന്ന കാര്യങ്ങളല്ല ഞങ്ങള്‍ പറയുന്നത്.

Keywords: Amma, WCC, Rima Kallingal, Manju Warrier, Mohanlal
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സ്തീകളെ പരസ്യമായി അധിക്ഷേപിക്കുന്ന അമ്മയില്‍ ജനാധിപത്യം പുലരില്ല, ഇനി ആ സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല, സൂപ്പര്‍ താരങ്ങളെ അടക്കം അതിരൂക്ഷമായി വിമര്‍ശിച്ച് റിമ കല്ലിംഗല്‍