Search

ദിലീപിനെ തിരിച്ചെടുത്ത് എതിര്‍ സ്വരമില്ലാത്തതിനാല്‍, മോഹന്‍ലാല്‍ മൗനം വെടിയുന്നു, അമ്മ സഹോദരിക്കൊപ്പമെന്നും പ്രസിഡന്റ്തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്തത് സംഘടനയില്‍ ദിലീപിനെതിരേ ശബ്ദമുയരാതിരുന്നതിനാലെന്ന് താരസംഘടനയുടെ പ്രസിഡന്റ് മോഹന്‍ ലാല്‍. ലണ്ടനില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് മോഹന്‍ലാലിന്റെ വിശദീകരണം.

ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് വിവാദമായതില്‍ പിന്നെ മോഹന്‍ ലാല്‍ പ്രതികരിക്കുന്നത് ആദ്യമായാണ്.

'അമ്മ'യ്ക്ക് ആ സഹോദരിക്കൊപ്പമാണെന്നും  നിക്ഷിപ്ത താത്പര്യമില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്. നടിയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മയാണ്. അമ്മ എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞു കൊണ്ടാണ് ഇക്കാലമത്രയും സംഘടന നിലനിന്നത്. ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായാണെന്നും  മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:

2018 ജൂണ്‍ ആറിനു ചേര്‍ന്ന അമ്മയുടെ പൊതുയോഗത്തില്‍ എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നു വന്ന പൊതുവികാരമാണ് ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടി മരവിപ്പിക്കുക എന്നത്. പൊതുയോഗത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തോടൊപ്പം നില്‍ക്കുക എന്ന പ്രാഥമികമായ ജനാധിപത്യ മര്യാദയാണ് അമ്മ നേതൃത്വം കൈക്കൊണ്ടത്. അതിനപ്പുറമുള്ള എന്തെങ്കിലും നിക്ഷിപ്ത താല്‍പര്യങ്ങളോ നിലപാടോ ഈ വിഷയത്തില്‍ അമ്മ നേതൃത്വത്തിനില്ല.
ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകയ്ക്കു നേരെയുണ്ടായ കിരാതമായ ആക്രമണത്തെക്കുറിച്ച് അറി!ഞ്ഞപ്പോള്‍ ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെയാണ് ആ വേദന ആദ്യം ഏറ്റുവാങ്ങിയത്. അന്നു മുതല്‍ ഇന്നുവരെ ആ സഹോദരിക്കൊപ്പം തന്നെയാണു ഞങ്ങള്‍. കേവലം 485 അംഗങ്ങള്‍ മാത്രമുള്ള സംഘടനയാണ് അമ്മ. അതില്‍ പകുതിയിലേറെപ്പേരും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവരാണ്.
സ്വന്തമായി വീടില്ലാത്തവര്‍, നിത്യച്ചെലവുകള്‍ക്കു വഴിയില്ലാത്തവര്‍, രോഗചികിത്സയ്ക്കു പണമില്ലാത്തവര്‍ അങ്ങനെ ഒട്ടേറെ അംഗങ്ങളുണ്ട് അമ്മയില്‍. അതിലേറെയും സ്ത്രീകള്‍. അങ്ങനെ ഉള്ള 137 'മക്കള്‍'ക്കാണ് ഈ സംഘടന മുടങ്ങാതെ മാസം തോറും 'കൈനീട്ട'മെത്തിക്കുന്നത്. മറ്റു ധനസഹായങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ വേറെയും.
26–ലെ യോഗത്തില്‍ തന്നെയെടുത്ത മറ്റൊരു തീരുമാനം അകാലത്തില്‍ അന്തരിച്ച കൊല്ലം അജിത് എന്ന നടന്റെ നിരാലംബമായ കുടുംബത്തിനു സ്വന്തമായി ഒരു വീട് നിര്‍മിച്ചു നല്‍കുക എന്നതായിരുന്നു. ഇതൊക്കെ എണ്ണിയെണ്ണി ബോധ്യപ്പെടുത്തി കയ്യടി നേടാന്‍ ഒരിക്കലും അമ്മ ശ്രദ്ധിച്ചിട്ടിസ്സ. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്ര കുത്തുന്നത് മനുഷ്യത്വരഹിതമാണ്.
ദിലീപിന്റെ അംഗത്വം സംബന്ധിച്ചു പൊതുയോഗം കൈക്കൊണ്ട തീരുമാനം ഔദ്യോഗികമായി ആ നടനെ അറിയിക്കുക പോലും ചെയ്തിട്ടില്ല. അതിനു മുന്‍പേ തന്നെ അമ്മയ്‌ക്കെതിരെ മാധ്യമങ്ങള്‍ അതൊരായുധമായി പ്രയോഗിച്ചു തുടങ്ങി. സത്യമെന്തെന്ന് അറിയും മുന്‍പു നമ്മള്‍ ബഹുമാനിക്കുന്ന ഒട്ടേറെ വ്യക്തികള്‍ എതിര്‍പ്പുമായി രംഗത്തു വന്നു. ആ വിമര്‍ശനങ്ങളെ പൂര്‍ണമനസ്സോടെ ഉള്‍ക്കൊള്ളുന്നു.
വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാത്ത ചിലര്‍ പിന്നീട് എതിര്‍ ശബ്ദമുയര്‍ത്തി സംഘടനയില്‍ നിന്നു പുറത്തു പോകുന്നു എന്നു പ്രഖ്യാപിച്ചു. ആ തീരുമാനത്തിനു പുറകിലെ വികാരങ്ങള്‍ എന്തായാലും അതു പരിശോധിക്കാന്‍ പുതിയ നേതൃത്വം തയാറാണ്. തിരത്തലുകള്‍ ആരുടെ പക്ഷത്തു നിന്നായാലും നടപ്പാക്കാം. വിയോജിപ്പുകള്‍ യോജിപ്പുകളാക്കി മാറ്റാം.
പുറത്തു നിന്ന് അഴുക്കു വാരിയെറിയുന്നവര്‍ അതു ചെയ്യട്ടെ. ഈ സംഘടനയെ തകര്‍ക്കാം എന്ന ഗൂഢലക്ഷ്യത്തോടെ പെരുമാറുന്നവരെ തല്‍ക്കാലം നമുക്ക് അവഗണിക്കാം. സംഘടനയിലെ അംഗങ്ങള്‍ ഒരുമയോടെ നില്‍ക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണ്.
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ദിലീപിനെ തിരിച്ചെടുത്ത് എതിര്‍ സ്വരമില്ലാത്തതിനാല്‍, മോഹന്‍ലാല്‍ മൗനം വെടിയുന്നു, അമ്മ സഹോദരിക്കൊപ്പമെന്നും പ്രസിഡന്റ്