റോയ് പി തോമസ് കൊച്ചി: കെവിന് കൊലപാതകക്കേസില്‍ എല്ലാ പ്രതികളും പൊലീസിന്റെ പിടിയില്‍. കൂട്ടുപ്രതികളായ ഷാനു, വിഷ്ണു, ഷിനു എന്നിവര്‍ പൊ...
റോയ് പി തോമസ്
കൊച്ചി: കെവിന് കൊലപാതകക്കേസില്‍ എല്ലാ പ്രതികളും പൊലീസിന്റെ പിടിയില്‍. കൂട്ടുപ്രതികളായ ഷാനു, വിഷ്ണു, ഷിനു എന്നിവര്‍ പൊലീസിനു കീഴടങ്ങുകയായിരുന്നു. ഇവര്‍ പാലക്കാട് പുതുനഗരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
ഇതേസമയം, ഫസല്‍, റമീസ് എന്നീ പ്രതികളെ പുനലൂരില്‍ നിന്നു പൊലീസ് പിടുകൂടുകയും ചെയ്തു.
കെവിന്റെ ഭാര്യ നീനുവിന്റെ അമ്മ രഹ്നയെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവരില്‍ നിന്നു സുപ്രധാന വിവരങ്ങള്‍ അറിയാനുണ്ടെന്നു പൊലീസ് പറഞ്ഞു.
മൊത്തം 12 പ്രതികളാണ് ഇതോടെ പൊലീസ് പിടിയിലായിരിക്കുന്നത്. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നതിനാല്‍ പൊലീസിനു കേസുമായി മുന്നോട്ടു പോകുന്നതിനും തടസ്സമുണ്ട്.
കെവിന് പിടിയില്‍ നിന്നു ചാടിപ്പോയെന്നാണ് പ്രതികളെല്ലാം പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഒറ്റയ്ക്കും ഒരുമിച്ചും ചോദ്യം ചെയ്തപ്പോഴെല്ലാം ഇതേ നിലപാടാണ് പ്രതികളെല്ലാം എടുത്തത്. ഇവര്‍ ബോധപൂര്‍വം ഇങ്ങനെ പറയുന്നതല്ലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിട്ടുള്ളത്. ഇനി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു കിട്ടിയാല്‍ മാത്രമേ പ്രതികള്‍ പറയുന്നതിന്റെ നിജസ്ഥിതി പൊലീസിന് ഉറപ്പിക്കാനാവു.
കെവിനൊപ്പം പിടികൂടിക്കൊണ്ടു പോവുകയും പിന്നീട് വിട്ടയയ്ക്കപ്പെട്ട അനീഷും ഏതാണ്ട് ഇതേ തരത്തിലാണ് മൊഴി കൊടുത്തിട്ടുള്ളത്. അങ്ങനെയെങ്കില്‍ കെവിനെ ജലാശയത്തിലേക്ക് ഓടിച്ചിറക്കി കൊലയ്ക്കു കൊടുത്തുവെന്ന നിഗമനം ശരിവയ്ക്കേണ്ടിവരും.
ഇതോടെ, നേരിട്ടു കൊല നടത്തിയില്ലെന്നും മരണത്തിനു കാരണക്കാരാവുക മാത്രമാണു ചെയ്തതെന്നും വരുത്തി പ്രതികള്‍ക്കു ശിക്ഷയുടെ കാഠിന്യം കുറച്ചെടുക്കാനാവും.
ഏറെ കോളിളക്കമുണ്ടാക്കിയ കേസായതിനാല്‍ വളരെ സൂക്ഷിച്ചും നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയും അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നല്കിയാല് മതിയെന്ന നിലപാടിലാണ് കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍.
മുഖ്യപ്രതി ഷാനു ചാക്കോയുടെ അമ്മയുടെ ബന്ധുവാണ് കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖെന്ന് അറസ്റ്റിലായ എഎസ് ഐ ബിജുവിന്റെ അഭിഭാഷകന് ഏറ്റുമാനൂര്‍ കോടതിയില്‍ അറിയിച്ചതും വന്‍ വിവാദമായിട്ടുണ്ട്. പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് എസ്പി മുഹമ്മദ് റഫീഖ് പറഞ്ഞു. കേസ് ജയിക്കാന്‍ അഭിഭാഷകര്‍ ഉണ്ടാക്കുന്ന കെട്ടുകഥയാണിതെല്ലാമെന്നും തനിക്ക് കൊല്ലത്ത് ബന്ധുക്കളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS