Search

അവിശ്വസനീയം, സമനിലയുടെ വക്കില്‍ നിന്ന് ജര്‍മനി 2-1 ജയത്തിലേക്ക്, കാല്‍പ്പന്തിന്റെ എല്ലാ മനോഹാരിതയും വിരിഞ്ഞ മത്സരം


മോസ്‌കോ: സമനിലയെന്നുറപ്പിച്ച മത്സരത്തില്‍ അവസാന സെക്കന്‍ഡുകളില്‍ നേടിയ ലീഡുമായി സ്വീഡനെ പിന്തള്ളി ജര്‍മനി ലോക ഫുട്‌ബോളിലെ അസാധാരണമായൊരു ജയം സ്വന്തമാക്കി.

ഒന്നിനെതിരേ രണ്ടു ഗോളിനാണ് ജര്‍മന്‍ ജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് നിലവിലെ ചാമ്പ്യന്‍മാര്‍ അസാധാരണ തിരിച്ചുവരവ് നടത്തിയത്.

ഒല ടോയ്‌വോനെന്റെ ഗോളില്‍ ആദ്യ പകുതിയില്‍ സ്വീഡന്‍ മുന്നിലെത്തി. പിന്നീട് മാര്‍കോ റ്യൂസിന്റെയും ടോണി ക്രൂസിന്റെയും ഗോളുകളിലൂടെ ജര്‍മനി അസാധാരണ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ഇഞ്ചുറി സമയത്തെ ഫ്രീകിക്കിലായിരുന്നു ടോണിക്രൂസിന്റെ മനോഹര ഗോള്‍. അതും ജര്‍മന്‍ പ്രതിരോധക്കാരന്‍ ജെറോം ബോട്ടെങ്ങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതില്‍ പിന്നെ 10 പേരുമായി കളിക്കുന്ന വേളയിലായിരുന്നു വിധിനിര്‍ണായകമായ ഗോള്‍.തുടക്കം മുതല്‍ സ്വീഡന്‍ അസാധാരണ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. കൃത്യമായ ഗെയിം പ്ലാനോടെയായിരുന്നു അവര്‍ കളിച്ചത്. പ്രതിരോധം അതിശക്തമാക്കിക്കൊണ്ട് അവര്‍ മുന്നേറ്റങ്ങള്‍ നടത്തി.

ഇതോടെ ഉണര്‍ന്ന ജര്‍മനി ശക്തമായ പ്രത്യാക്രമണം നടത്തി. 48ാം മിനിറ്റില്‍ മധ്യഭാഗത്തു നിന്ന് വെര്‍ണര്‍ നല്‍കിയ പാസ് മാര്‍ക്കോ റിയൂസ് കൃത്യമായി സ്വീഡിഷ് ഗോള്‍വര കടത്തുന്ന കാഴ്ച കണ്ടതോടെ ജര്‍മന്‍ ആരാധകര്‍ക്കു സമാധാനമായി.

സമനില കൊണ്ടും ജര്‍മനിക്കു പിടിച്ചുകയറാനില്ലെന്ന് ഉറപ്പായിരുന്നു. 86ാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച ഷോട്ട് സ്വീഡിഷ് ഗോളി വിദഗ്ധമായി തടുത്തു. അധികസമയത്തിന്റെ തുടക്കത്തില്‍ ജൂലിയന്‍ ബ്രാന്‍ഡെ തൊടുത്ത മിന്നല്‍ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോകുമ്പോള്‍ ജര്‍മന്‍ താരങ്ങളും ആരാധകരും നിരാശയിലായിരുന്നു.

അധിക സമയം തീരുന്നതിനു സെക്കന്‍ഡുകള്‍ മുന്‍പ് ജിമ്മി ദര്‍മാസ സമ്മാനിച്ച ഫ്രീ കിക്കെടുത്ത ടോണി ക്രൂസ് അത് ഗോളാക്കി മാറ്റുകയായിരുന്നു. ടോണി ക്രൂസിന്റെ കാലില്‍ നിന്നുയര്‍ന്ന മിസൈല്‍ പറന്നു തടയാന്‍ സ്വീഡിഷ് ഗോളി മുഴുനീള ഡൈവ് നടത്തിയെങ്കിലും വിഫലമായി.

ഈ ജയത്തോടെ ജര്‍മനിക്കു കിട്ടുന്നത് വലിയ ആശ്വാസമാണ്. ഗ്രൂപ്പ് എഫില്‍ രണ്ട് ജയത്തോടെ മെക്‌സിക്കോക്ക് ആറ് പോയിന്റുമായി മുന്നില്‍ നില്‍ക്കുമ്പോള്‍, ജര്‍മനിക്കും സ്വീഡനും മൂന്ന് പോയിന്റുണ്ട്. രണ്ട് കളിയും തോറ്റ ദക്ഷിണകൊറിയ പുറത്താവുകയും ചെയ്തു.

ഇനി 27ന് മെക്‌സിക്കോ-സ്വീഡനെയും ജര്‍മനി-കൊറിയയെയും നേരിടും. കൊറിയയെ തോല്പിച്ചാല്‍ ജര്‍മനിക്ക് നോക്കൗട്ട് റൗണ്ടിലേക്ക് അടുക്കാം. പക്ഷേ, മെക്‌സിക്കോയെ സ്വീഡന്‍ തോല്‍പ്പിച്ചാല്‍ ഗോള്‍ ശരാശരി ഉള്‍പ്പെടെ കാര്യങ്ങള്‍ പരിഗണനയ്ക്കു വരും.

Keywords:Germany, Sweden, Football


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അവിശ്വസനീയം, സമനിലയുടെ വക്കില്‍ നിന്ന് ജര്‍മനി 2-1 ജയത്തിലേക്ക്, കാല്‍പ്പന്തിന്റെ എല്ലാ മനോഹാരിതയും വിരിഞ്ഞ മത്സരം