Search

കരുത്തോടെ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍, കണക്കുകളുടെ ബലത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്


മോസ്‌കോ: എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു സെര്‍ബിയയെ നിഷ്പ്രഭരാക്കി ബ്രസീല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടന്നു. തിങ്കളാഴ്ച പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയാണ് ബ്രസീലിന്റെ എതിരാളികള്‍.

പൗളീഞ്ഞോ, തിയാഗോ സില്‍വ എന്നിവരാണ് ബ്രസീലിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്ര അനായാസമാക്കിയത്. ഗോളിനും മുന്നേറ്റങ്ങള്‍ക്കും വഴി തുറന്നുകൊടുത്തുകൊണ്ട്, സൂപ്പര്‍ താരം നെയ്മര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

പത്താം മിനിറ്റില്‍ പ്രതിരോധ നിരയിലെ ശക്തന്‍ മാഴ്‌സലോ പരിക്കേറ്റു പുറത്തുപോയെങ്കിലും തുടക്കം മുതല്‍ ബ്രസീലിന്റെ ആധിപത്യമായിരുന്നു.

36ാം മിനിറ്റില്‍ കുട്ടീഞ്ഞോ ചിപ്പ് ചെയ്തു കൊടുത്ത പന്ത് സെര്‍ബിയന്‍ ഗോള്‍കീപ്പര്‍ സ്റ്റോജ്‌കോവിച്ചിന്റെ തലയ്ക്കു മുകളിലൂടെ പൗളീഞ്ഞോ വലയിലേക്കു കോരിയിട്ടു. കുട്ടീഞ്ഞോയും നെയ്മറും മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചെങ്കിലും ആദ്യ പകുതിയില്‍ പിന്നെ ഗോള്‍ പിറന്നില്ല.

സെര്‍ബിയക്കായിരുന്നു രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആധിപത്യം. ബ്രസീല്‍ ബോക്‌സില്‍ അവര്‍ തുടരെ ആക്രമിച്ചെത്തിയെങ്കിലും മികച്ചൊരു ഫിനിഷര്‍ അവര്‍ക്കില്ലാത്തതിന്റെ പോരായ്മ വ്യക്തമായിരുന്നു.

പൗളീഞ്ഞോയെ പിന്‍വലിച്ച് ഫെര്‍ണാണ്ടീഞ്ഞോ വന്നതിനു പിന്നാലെ, നെയ്മറുടെ കോര്‍ണറിനു തലവച്ച തിയാഗോ സില്‍വയായിരുന്നു വീണ്ടും എതിരാളികളെ ഞെട്ടിച്ചു. ഇതോടെ സെര്‍ബിയ മാനസികമായി തകര്‍ന്നിരുന്നു.

പിന്നീട് സെര്‍ബിയന്‍ പോസ്റ്റിലേക്കു നെയ്മര്‍ തുടര്‍ച്ചയായി പന്തുമായി ഓടിയെത്തിയെങ്കിലും ഗോളി ഒറ്റയ്ക്കു രക്ഷകനായി.

മൂന്നു മത്സരങ്ങളില്‍നിന്ന് ഗ്രൂപ്പ് എഫില്‍ ഏഴു പോയിന്റുമായി ബ്രസീല്‍ മുന്നിലെത്തി. അഞ്ചു പോയിന്റ് നേടിയ സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനക്കാരായി.കോസ്റ്ററിക്കയുമായി സെല്‍ഫ് ഗോളില്‍ സമനിലയില്‍ പിരിഞ്ഞാണ് സ്വിറ്റ്‌സര്‍ലന്‍ഡ് രക്ഷപ്പെട്ടെത്തിയത്. ഇഞ്ചുറി ടൈമിലായിരുന്നു സെല്‍ഫ് ഗോള്‍.

സ്വീഡനാണ് പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ എതിരാളികള്‍, ചൊവ്വാഴ്ചയാണ് മത്സരം.  31ാം മിനിറ്റില്‍  ബ്ലെറിം സെമൈലി നേടിയ ഗോളിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തുകയായിരുന്നു. ബോക്‌സിനു പുറത്ത് ലഭിച്ച പന്ത് സ്റ്റീഫന്‍ ലിച്ച്‌സ്റ്റെയ്‌നര്‍ ബ്രീല്‍ എംബോളോയ്ക്കു മറിച്ചുനല്‍കി. എംബോളോയുടെ പാസ് സെമൈലി വലയിലെത്തിക്കുകയായിരുന്നു.

56ാം മിനിറ്റല്‍ കോസ്റ്ററിക്ക തിരിച്ചടിച്ചു. കോര്‍ണര്‍ കിക്കിന് തലവച്ച കെന്‍ഡാല്‍ വാട്‌സണ്‍ ലക്ഷ്യം കാണുകയായിരുന്നു. തുടര്‍ന്ന് ഇരുടീമുകളും തുടര്‍ച്ചയായി കളിക്കാരെ മാറ്റിക്കൊണ്ടിരുന്നു.

88ാം മിനിറ്റില്‍ സെമൈലിയില്‍നിന്നു കിട്ടിയ പാസ് ഡെനിസ് സക്കരിയ ഹൊസിപ് ഡ്രിമിക്കിനു നല്‍കി. ഡ്രിമിക്കിന്റെ ഫസ്റ്റ്‌ടൈം ഷോട്ട് കോസ്റ്ററിക്കന്‍ ഗോള്‍വല കുലുക്കി. ജയമുറപ്പിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് പിന്നീട് പരുക്കന്‍ കളിയുടെ പേരില്‍ ശിക്ഷ ഏറ്റുവാങ്ങി.

കാംബലിനെ സക്കരിയ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനുള്ള പെനാല്‍റ്റി ബ്രയാന്‍ റൂസ് എടുത്തു. ഈ കിക്ക് ക്രോസ് ബാറിന്റെ അടിയില്‍ തട്ടി സോമറിന്റെ പുറത്തുതട്ടി വലയില്‍ വീണ് സെല്‍ഫ് ഗോളായി മാറി. പക്ഷേ, കണക്കുകളുടെ ബലത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് അടുത്ത ഘട്ടത്തിലേക്കു തുഴഞ്ഞുകയറി.

Keywords: World Cup, Brazil, Switzerland, Goal, Football, Neymer
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കരുത്തോടെ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍, കണക്കുകളുടെ ബലത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്