Search

മലപ്പുറത്തെ തീയറ്ററില്‍ മകളെ കൂട്ടിക്കൊടുത്ത അമ്മയെപ്പോലെ, താരങ്ങളുടെ 'അമ്മ'

എസ് ജഗദീഷ് ബാബു

മലപ്പുറത്ത തിയേറ്ററില്‍ 10 വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയുടെ അവസ്ഥയിലേക്ക് തരം താണിരിക്കയാണ് താരസംഘടനയായ 'അമ്മ'. അത്രമേല്‍ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് താരസംഘടന.

പീഡിപ്പിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജി വച്ചതോടെ സംഘടന പിളര്‍പ്പിലേക്കു നീങ്ങുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. അമ്മയുടെ നേതൃത്വമാകട്ടെ, ഒന്നും പറയാനാവാതെ നില്‍ക്കുകയാണ്.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുകൊണ്ടല്ല രാജിയെന്നും നേരത്തേ തന്നെ തനിക്ക് അഭിനയിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ട് പരാതി നല്‍കിയിട്ടും അമ്മ പരാതി സ്വീകരിച്ചില്ലെന്നും നടി ഫേസ് ബുക്കില്‍ കുറിച്ചു. സംഘടന ഇരയായ തന്റെ കൂടെ അല്ലെന്നും കുറ്റാരോപിതനായ ദിലീപിനോടൊപ്പമാണെന്നും തെളിഞ്ഞ സാഹചര്യത്തില്‍ സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലാത്തതിനാലാണ് രാജിയെന്നാണ് നടിയുടെ നിലപാട്.

പീഡിപ്പിക്കപ്പെട്ട നടിയുടെ രാജിക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ രാജി വച്ചത്. ദിലീപിനെ തിരിച്ചെടുത്ത നടപടി ജനാധിപത്യവിരുദ്ധമാണെന്നും സ്ത്രീപക്ഷത്ത് നിലയുറപ്പിക്കുമെന്ന് പറഞ്ഞ അമ്മ കുറ്റാരോപിതനായ നടനോടൊപ്പമാണെന്നും തെളിഞ്ഞിരിക്കുന്നതായി നടിമാര്‍ പറഞ്ഞു. തങ്ങള്‍ രൂപീകരിച്ച വിമന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയില്‍ അഭിപ്രായഭിന്നതയില്ലെന്നും പാര്‍വ്വതിയും മഞ്ജുവാര്യരും അടക്കമുള്ള മറ്റുള്ളവര്‍ തത്കാലം സംഘടനയ്ക്ക് അകത്തുനിന്ന് സ്ത്രീകള്‍ക്കായി വാദിക്കുമെന്നും അതു പരാജയപ്പെട്ടാല്‍ അവരും രാജി വക്കുമെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.

അമ്മയുടെ പേര് മാറ്റുന്നതാണ് ഉചിതമെന്നും ഇപ്പോള്‍ അച്ഛന്‍മാരാണ് അമ്മയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നെതെന്നും രഞ്ജിനി പറഞ്ഞു. രാജി വച്ചവരെ പിന്തുണച്ചുകൊണ്ട് വി.എസ് അച്യുതാനന്ദന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.എം. പി.ബി. അംഗം എം.എ. ബേബി തുടങ്ങിയവരും രംഗത്തുവന്നു

വനിതകളായ അംഗങ്ങള്‍ക്കുപോലും സംരക്ഷണം നല്‍കാത്ത അമ്മയുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് വി.എസ്. ആരോപിച്ചു. കുറ്റാരോപിതനായ നടനെ ഏകപക്ഷീയമായി തിരഞ്ഞെടുത്ത നടപടി സ്ത്രീ വിരുദ്ധമാണെന്ന് സി.പി.എം. കേന്ദ്ര കമ്മറ്റി അംഗം പി.കെ. ശ്രീമതി പറഞ്ഞു.

അമ്മ ഒരു സംഘടനയല്ലെന്നും ഇപ്പോള്‍ മാഫിയയായി മാറിയിരിക്കായാണെന്നും സംവിധായകനായ ആഷിക് അബു പറഞ്ഞു. സ്ത്രീ വിരുദ്ധമായ അമ്മയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും സംവിധായകന്‍ വിനയന്‍ പറഞ്ഞു.

കുറ്റവിചാരണ നേരിടുന്ന ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി തെറ്റാണെന്ന് ബി.ജെ.പി. നേതാവ് മുരളീധരന്‍ എം.പി. പറഞ്ഞു. പൊതു സമൂഹവും വി.എസ്. ഉള്‍പ്പെടെയുള്ള നേതാക്കളും നടിക്ക് പിന്തുണയുമായി രംഗത്തുവന്നചോടെ പ്രമുഖ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വെട്ടിലായിരിക്കുകയാണ്.

പീഡിപ്പിക്കപ്പെട്ട നടി രാജിവച്ചതോടെ ദിലീപിനെ പുറത്താക്കിക്കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും അംഗമായ സഹോദരിയെ സംരക്ഷിക്കുമെന്ന് നല്‍കിയ ഉറപ്പാണ് ഇല്ലാതായിരിക്കുന്നത്.

പുതിയ പ്രസിഡന്റായ മോഹന്‍ലാല്‍ ബോംബെയില്‍ ആയതുകൊണ്ട് സംഘടനയുടെ തിരുമാനം ഇപ്പോള്‍ പറയാനാകില്ലെന്ന് സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. രാജി സംഘടനയുടെ സ്വകാര്യകാര്യമാണെന്നും കുടുംബകാര്യം പോലെ ഒത്തുതീര്‍ക്കുമെന്നുമാണ് ബാബു ചാനലിനോട് പ്രതികരിച്ചത്.

Keywords: Amma, Dileep, Remya Nambeeshan, Geethu Mohandas, Rima Kallingalvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മലപ്പുറത്തെ തീയറ്ററില്‍ മകളെ കൂട്ടിക്കൊടുത്ത അമ്മയെപ്പോലെ, താരങ്ങളുടെ 'അമ്മ'