Search

എല്ലാം ചിരിയിലൊളിപ്പിക്കുന്ന വിജയരാഘവന്‍


എസ് ജഗദീഷ് ബാബു

ജീവിതത്തിലും രാഷ്ട്രീയത്തിലും പ്രതികൂല സാഹചര്യങ്ങളെ മുറിച്ചുകടന്ന നേതാവാണ് എല്‍.ഡി.എഫ്. കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട എ.വിജയരാഘവന്‍. ഏതു പ്രതിസന്ധി ഘട്ടത്തിലും നിറഞ്ഞ ചിരിയുമായി നില്‍ക്കാന്‍ കഴിയുന്നു എന്നതാണ് വിജയരാഘവനെ മറ്റു നേതാക്കളില്‍ നിന്നു വ്യത്യസ്തനാക്കുന്നത്.

ബാല്യത്തില്‍ തന്നെ വീടുവിട്ട് അടിമപ്പാളയത്തില്‍ ജോലി ചെയ്യേണ്ടിവന്ന മറ്റൊരു നേതാവ് കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകില്ല. പിന്നീട് ബേക്കറി തൊഴിലാളിയായും വക്കീല്‍ ഗുമസ്തനായും പണിയെടുക്കുന്നതിനിടയിലാണ് കോളേജ് വിദ്യാഭ്യാസവും നടത്തിയത്.

മലപ്പുറം ജില്ലയിലെ സീനിയറായ അഭിഭാഷകന് ചായയുമായി എത്തുന്ന ബേക്കറി തൊഴിലാളിയോട് തോന്നിയ സ്‌നേഹത്തിന്റെ ഫലമായിരുന്നു കോളേജ് വിദ്യാഭ്യാസവും തുടര്‍ന്നുള്ള വിദ്യാര്‍ഥി രാഷ്ട്രീയവും. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.എ. പാസായ വിജയരാഘവന്‍ തന്റെ സീനിയറിനെപ്പോലെ അഭിഭാഷകനാകാനായി എല്‍.എല്‍.ബി. ബിരുദവും നേടി.

ഇതിനിടയില്‍ എസ്.എഫ്.ഐ.യുടെ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ.യുടെ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലും എത്തി. കര്‍ഷകത്തൊഴിലാളി യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സമയത്താണ് ആദ്യമായി പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്.
1989 ല്‍ പാലക്കാട് പാര്‍ലമെന്റും സീറ്റും സ്ഥിരമായി വിജയിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് വി.എസ്. വിജയരാഘവനെ തോല്‍പ്പിച്ചുകൊണ്ടാണ് വിജയന്‍ പാര്‍ലമെന്റിലെത്തുന്നത്.

സ്ഥാനാര്‍ത്ഥിയായ വിജയനെക്കുറിച്ച് ഓര്‍മ്മവരുന്നത് വിജയിച്ച ശേഷം പാലക്കാട് എത്തിയ ഈ നേതാവുമായി സുല്‍ത്താന്‍ പേട്ട കല്‍പ്പക ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ രംഗമാണ്. മേശ തുടയ്ക്കുന്ന ജീവനക്കാരും സപ്ലയര്‍മാരായ പയ്യന്മാരും കൗതുകത്തോടെ വിജയന് ചുറ്റും കൂടി. അവരുടെ തോളില്‍ കയ്യിട്ട് കുശലം പറയുന്ന എം.പി!

ബേക്കറി തൊഴിലാളിയായിരുന്ന വിജയനെപ്പോലെ നാളെ അവര്‍ക്കും ജീവിതത്തില്‍ ഉയരാനാകുമെന്ന പ്രത്യാശ ആ അടുപ്പത്തില്‍ കാണാമായിരുന്നു.
നാല് പ്രാവശ്യം പാലക്കാട് എം.പി. ആയിരുന്ന വി.എസ്. വിജയരാഘവനെ തോല്‍പ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് കുത്തകയായിരുന്ന മണ്ഡലം അങ്ങനെയാണ് സി.പി.എമ്മിന് ലഭിക്കുന്നത്. പിന്നീട് എന്‍.എന്‍. കൃഷ്ണദാസും എം.ബി.രാജേഷും ഉള്‍പ്പെടെയുള്ള പിന്‍ഗാമികള്‍ പാലക്കാട് സീറ്റ് നിലനിര്‍ത്തി.

സി.പി.എമ്മിന്റെ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായിരുന്ന വിജയരാഘവന്‍ കോഴിക്കോട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.ബി.യില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. അത് ഉണ്ടായില്ലെങ്കിലും വര്‍ഷങ്ങളായി സി.പി.എമ്മിന്റെ ദേശീയ നേതാക്കളില്‍ ഒരാളാണ് കര്‍ഷകത്തൊഴിലാളി നേതാവ് കൂടിയായ വിജയരാഘവന്‍.

പത്തു കൊല്ലം രാജ്യസഭാംഗമായിരുന്ന ഘട്ടത്തില്‍ യു.എന്നിലേക്ക് പോയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലും അംഗമായിരുന്നു ഇദ്ദേഹം. രാജ്യസഭയില്‍ സി.പി.എമ്മിന്റെ ലീഡറും.

വൈകിയാണെങ്കിലും വിജയനെത്തേടി ഇപ്പോള്‍ എത്തിയിരിക്കുന്ന ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം എല്ലാ അര്‍ത്ഥത്തിലും ഈ നേതാവിന് ചേരുന്നതാണ്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രി ആയിരിക്കേ വി.എസ്. അച്യുതാനന്ദന്‍ ആയിരുന്നു എല്‍.ഡി.എഫ്. കണ്‍വീനര്‍. വി.എസിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണായകമായി മാറിയത് ആ കണ്‍വീനര്‍ സ്ഥാനമാണ്. അവിടെ നിന്നായിരുന്നു മുഖ്യമന്ത്രി പദവിയിലേക്കും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കും എല്ലാമുള്ള വി.എസിന്റെ വളര്‍ച്ച.

സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഇടയിലെ കണ്ണിയായി പ്രവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്ക് കഴിയണം. ഘടകകക്ഷികളെ ഏകോപിപ്പിക്കാനും നിര്‍ണായക ഘട്ടങ്ങളില്‍ സര്‍ക്കാരിന് ശരിയായ ദിശയില്‍ നയിക്കാനും ഇടതുമുന്നണിക്ക് കഴിയണം. കുറേക്കാലമായി നിര്‍ജ്ജീവമായിരുന്ന ഇടതുമുന്നണിയെ ശക്തിപ്പെടുത്തി എല്ലാ ഘടകകക്ഷികളേയും കൂട്ടി യോജിപ്പിച്ച് സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള ദൗത്യമാണ് സി.പി.എം. എ.വിജയരാഘവനെ ഏല്‍പ്പിച്ചിരിക്കുന്നത്.

ചെങ്ങന്നൂരിലെ ചരിത്രവിജയത്തിന് പിന്നാലെ സി.പി.എം. എടുത്തിരിക്കുന്ന ഈ തീരുമാനം പാര്‍ട്ടി അണികളില്‍ വന്‍ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. മന്ത്രിസഭാ തലത്തിലും വരും ദിവസങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

പ്രൊഫ. എം കൃഷ്ണന്‍ നായരെ ജോണ്‍ എബ്രഹാം കൈകാര്യം ചെയ്തത് ഇങ്ങനെയായിരുന്നു


Keywords: A Vijayaraghavan, CPM, LDF, VS Achuthanandanvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “എല്ലാം ചിരിയിലൊളിപ്പിക്കുന്ന വിജയരാഘവന്‍