Search

ജനം വോട്ടു ചെയ്തത് സജി ചെറിയാന്, വിജയിച്ചത് മുഖ്യമന്ത്രി പിണറായിസിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം : ചെങ്ങന്നൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ പടുകൂറ്റന്‍ ഉറപ്പാക്കിയതോടെ, വിജയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

ആഭ്യന്തര വകുപ്പിന്റെ തുടര്‍ച്ചയായുള്ള വീഴ്ചകളെ തുടര്‍ന്ന് സര്‍ക്കാരിനെ ഭരണമുന്നണിയിലുള്ളവരും വേട്ടയാടാന്‍ തുടങ്ങുന്ന ഘട്ടത്തിലാണ് ചെങ്ങന്നൂരിലെ അസാധാരണ ജയത്തോടെ മുഖ്യമന്ത്രി കരുത്തു തെളിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയില്‍ നിന്ന് ആഭ്യന്തര വകുപ്പ് മാറ്റണമെന്നു വരെ ചില തലങ്ങളില്‍ ചര്‍ച്ചയ്ക്കു തുടക്കമായിരുന്നു. അതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഡിജിപി സ്ഥാനത്തു നിന്നു ലോക്‌നാഥ് ബെഹ്‌റയെ മാറ്റണമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ രണ്ടു മന്ത്രിമാര്‍ ആവശ്യമുന്നയിച്ചത്.

ഇത്തരം ആവശ്യങ്ങള്‍ പതുക്കെ വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിക്കു നേരേ തന്നെയായിരുന്നു. പാര്‍ട്ടിയില്‍ നിലവില്‍ ഏറ്റവും ശക്തനായ നേതാവ് എന്ന നിലയിലാണ് മുഖ്യമന്ത്രിക്കെതിരേ ആരും പരസ്യ നിലപാട് എടുക്കാതിരുന്നത്. എന്നാല്‍, പല കോണുകളിലും മുറുമുറുപ്പ് ഉയരാനും തുടങ്ങിയിരുന്നു.

ചെങ്ങന്നൂരില്‍ ഫലം മറിച്ചായിരുന്നുവെങ്കില്‍ പാര്‍ട്ടിയിലും മുന്നണിയിലും എതിരഭിപ്രായങ്ങള്‍ ഉറപ്പായും ഉയരുമായിരുന്നു. എന്നാല്‍, അന്തരിച്ച കെകെ രാമചന്ദ്രന്‍ നായര്‍ 7983 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഇടത്താണ് സജി ചെറിയാന്‍ അതിന്റെ ഇരട്ടിയും കടന്നുള്ള ഭൂരിപക്ഷം നേടിയിരിക്കുന്നത്.

ഇതു സ്വാഭാവികമായും ഭരണത്തിന്റെ കൂടി വിലയിരുത്തലായി വ്യാഖ്യാനിക്കപ്പെടും. അവിടെയാണ് മുഖ്യമന്ത്രി കൂടുതല്‍ കരുത്തനാവുന്നതും. ചെങ്ങന്നൂരില്‍ വോട്ടെടുപ്പു നടക്കവേയാണ് കേരളത്തെ പിടിച്ചുകുലുക്കിയ കെവിന്‍ ദുരഭിമാന കൊലക്കേസ് പുറത്തുവന്നത്. അതിന്റെ അനുരണനങ്ങള്‍ ചെങ്ങന്നൂരിലെ വോട്ടു നിലയെ സ്വാധീനിക്കാമെന്നു പൊതുവേ വിലയിരുത്തലുമുണ്ടായി.

പക്ഷേ, അതൊന്നും തന്നെ വോട്ടര്‍മാരെ സ്വാധീനിച്ചില്ലെന്നാണ് ഇപ്പോഴത്തെ ഫലം വ്യക്തമാക്കുന്നത്.

ഒരര്‍ത്ഥത്തില്‍ ഇടതു തരംഗം തന്നെയാണ് ചെങ്ങന്നൂരില്‍ കാണുന്നത്. ഈ പഞ്ചായത്തുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തുകയും യുഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെടുകയും ചെയ്തു.

പ്രതീക്ഷകള്‍ക്കപ്പുറമാണ് ജയമെന്നും തന്നെ ചെങ്ങന്നൂരുകാര്‍ ഇത്രയേറെ സ്‌നേഹിച്ചിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്നും സജി ചെറിയാന്‍ പ്രതികരിച്ചു. മുപ്പതു വര്‍ഷത്തിനിടെ ഇടതു മുന്നണി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തിലേകക്കാണ് സജി ചെറിയാന്‍ എത്തുന്നത്.

എസ്എന്‍ഡിപി, എന്‍എസ്എസ്, ക്രിസ്തീയ സഭകള്‍ എന്നിവയുടെ വോട്ട് തനിക്കു കിട്ടിയെന്ന് സജി ചെറിയാന്‍ പറയുമ്പോള്‍, കൃത്യമായ ആസൂത്രണം തിരഞ്ഞെടുപ്പിനു മുന്‍പേ സിപിഎം നടത്തിയിരുന്നുവെന്നു വ്യക്തമാണ്.

യുഡിഎഫിന്റെയും എന്‍ഡിഎയുടെയും ഒത്തിണക്കമില്ലായ്മയും ഇടതു മുന്നണിക്കു വന്‍ വിജയത്തിനു സഹായകമായി.

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ജനം വോട്ടു ചെയ്തത് സജി ചെറിയാന്, വിജയിച്ചത് മുഖ്യമന്ത്രി പിണറായി